സഞ്ജിത്ത് വധക്കേസ് അന്വേഷണം സിബിഐയ്ക്ക് കൈമാറണം എന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതി പരാമർശം.
കൊച്ചി: എസ്ഡിപിഐയും (SDPI) പോപ്പുലർഫ്രണ്ടും (Popular Front) തീവ്രനിലപാടുള്ള സംഘടനകളാണെന്ന കാര്യത്തിൽ സംശയമില്ലെന്ന് ഹൈക്കോടതി. ഇരു സംഘടനകളും ഗുരുതരമായ അക്രമങ്ങളിൽ ഏർപ്പെടുന്നവയാണ്. എന്നിരുന്നാലും എസ്ഡിപിഐയും പോപ്പുലർഫ്രണ്ടും നിരോധിത സംഘടനകളല്ലെന്നും ഹൈക്കോടതി പരാമര്‍ശിച്ചു. പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്‍റെ കൊലപാതകക്കേസ് സിബിഐയ്ക്ക് കൈമാറണമെന്ന ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതി പരാമർശം. കേസ് അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവിയുടെ മേൽനോട്ടമുണ്ടാകണമെന്ന കർശന നിർദ്ദേശത്തോട് കൂടിയായിരുന്നു മേയ് അഞ്ചിന് സിബിഐ അന്വേഷണമാവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളിയത്. കഴിഞ്ഞ വർഷം നവംബർ 15 നാണ് ബൈക്കിൽ സഞ്ചരിരിക്കുകയായിരുന്ന സഞ്ജിത്തിനെ ഭാര്യയുടെയും കുഞ്ഞിന്‍റെ കൺമുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്.
