നിയമസഭാ തെരഞ്ഞെടുപ്പില്‍ സാമുദായിക ഘടകങ്ങള്‍ ആരെ തുണക്കും?.

തെരഞ്ഞെടുപ്പു കാലത്ത് എല്ലാ മുന്നണികളും രാഷ്ട്രീയ സമവാക്യങ്ങള്‍ക്കപ്പുറത്ത് പ്രാധാന്യം കല്‍പ്പിക്കുന്ന ഒന്നാണ് സാമുദായിക ഘടകങ്ങള്‍. കേരള നിയമസഭയിലെ 140 നിയോജകമണ്ഡലങ്ങളിലും മത, ജാതി, സമുദായ വിഭാഗങ്ങള്‍ക്ക് വ്യക്തമായ അടിത്തറയുണ്ട്. തെരഞ്ഞെടുപ്പു കാലത്ത് ഈ സാമുദായിക ഘടകങ്ങള്‍ വോട്ട് ബാങ്കാണ്. ഈ വോട്ടുകള്‍ തങ്ങള്‍ക്ക് കിട്ടുമെന്ന് ഉറപ്പാക്കാന്‍ രാഷ്ട്രീയമര്യാദകളും പ്രത്യയശാസ്ത്രങ്ങളും ആദര്‍ശങ്ങളും അടിയറവ് വെക്കാന്‍ ഒരു മുന്നണിയും മടിക്കാറില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തുടങ്ങുന്നു, സാമുദായിക ഘടകങ്ങളെ സ്വാധീനിക്കാനുള്ള മുന്നണി ശ്രമങ്ങള്‍. അതേപോലെ, ഭരണസാധ്യത ആര്‍ക്കെന്ന കണക്കുകൂട്ടലില്‍ കാലാകാലങ്ങളില്‍ മുന്നണികളെ തങ്ങള്‍ക്ക് അനുകൂലമാക്കി കാര്യം കാണാനുള്ള ബുദ്ധി സാമുദായിക, ജാതി, മത സംഘടനകള്‍ക്കുമുണ്ട്. ഇത് പരസ്പരമുള്ള കൊടുക്കല്‍ വാങ്ങലായാണ് മാറാറുള്ളത്. ജാതി-മത സമവാക്യങ്ങള്‍ അവഗണിച്ച് മുന്നോട്ട് പോകാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ രാഷ്ട്രീയ സമവാക്യങ്ങള്‍ അവഗണിക്കാന്‍ സമുദായ സംഘടനകള്‍ക്കോ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. എന്നാല്‍, സാമുദായിക സമവാക്യങ്ങള്‍ എപ്പോഴും ശരിയായി വരണമെന്നില്ല. സാമുദായിക സംഘടനാ നേതൃത്വങ്ങളുടെ തിട്ടൂരങ്ങള്‍ക്കപ്പുറത്ത് മറ്റുപല ഘടകങ്ങളും ഈ വോട്ട് ബാങ്കിനെ സ്വാധീനിക്കാറുണ്ട്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്ലിം-ക്രിസ്ത്യന്‍ ന്യൂന പക്ഷ വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായി മാറിയത് എല്‍ഡിഎഫിന് തിരിച്ചടിയായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും സമാന രീതിയില്‍ ന്യൂനപക്ഷ വോട്ടുകള്‍ എല്‍ഡിഎഫിന് എതിരായിരുന്നു. സാമുദായിക വോട്ട് ബാങ്കുകളിലേറ്റ ഈ വിള്ളലുകള്‍ നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചാല്‍ തുടര്‍ഭരണമെന്ന സ്വപ്നം ഇടതുപക്ഷത്തിന് കൈമോശം വന്നേക്കും. അതിനാല്‍, ജാതി, മത, സാമുദായിക ഘടകങ്ങളെ തന്ത്രപരമായാണ് ഇത്തവണ ഇടതുപക്ഷം കൈകാര്യം ചെയ്യുന്നത്. ഇക്കുറി സാമുദായിക വോട്ടുബാങ്കിനെ സ്വാധീനിക്കാന്‍ ഇടയുള്ള ഘടകങ്ങളും മുന്നണികളുടെ അതിനോടുള്ള നിലപാടുകളും പരിശോധിക്കാം.

ജാതി സമവാക്യങ്ങളും ഭൂരിപക്ഷ വോട്ടുബാങ്കും

പാര്‍ലമെന്റ്, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിലേക്ക് ഒഴുകിയ അനുഭവം മുന്‍നിര്‍ത്തി, ഭൂരിപക്ഷ വോട്ടുകളിലേക്ക് കണ്ണുനട്ടിരിക്കുകയാണ് ഇത്തവണ ഇടതുപക്ഷം. അതിന്റെ പ്രാരംഭ ശ്രമമായിരുന്നു ശബരിമലയില്‍ നടന്ന ആഗോള അയ്യപ്പസംഗമം. എന്നാല്‍, അതിനു പിന്നാലെ വന്ന സ്വര്‍ണ്ണക്കൊള്ള വിവാദം ആ സമവാക്യം തെറ്റിച്ചുകളഞ്ഞു.

എന്‍എസ്എസിനെയും എസ്.എന്‍.ഡി പിയെയും കൂടെ നിര്‍ത്തി ഈ സാഹചര്യം മറികടക്കാനായിരുന്നു ഇടതുപക്ഷത്തിന്റെ മറ്റൊരു ശ്രമം. കോണ്‍ഗ്രസിനെയും ബിജെപിയെും തളളിപ്പറഞ്ഞ എന്‍എസ്എസ് ജന.സെക്രട്ടറി സുകുമാരന്‍ നായര്‍ എല്‍ഡിഎഫിന് അനുകൂലമായി നിക്കുമെന്നാണ് മുന്നണിയുടെ പ്രതീക്ഷ. യുവതി പ്രവേശനത്തില്‍ സര്‍ക്കാരിന്റെ പെട്ടെന്നുള്ള നിലപാട് മാറ്റവും ഇതിന് അനുകൂലമാണ്. മുന്നാം തവണയും ഇടതുപക്ഷം തുടരുമെന്ന എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്റെ നിലപാടും വര്‍ഗീയ പരാമര്‍ശങ്ങള്‍ അടക്കമുള്ള വിഷയത്തില്‍ മുഖ്യമന്ത്രി വെള്ളാപ്പള്ളിയെ ന്യായീകരിച്ചതും ഇങ്ങനെയൊരു തന്ത്രത്തിന്റെ ഭാഗമായിരുന്നു. ഇത് വിജയിച്ചാല്‍, ന്യൂനപക്ഷവോട്ടുകളുടെ ചോര്‍ച്ചാസാധ്യത മറികടക്കാനാവുമെന്നാണ് എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍.

ഈഴവ, നായര്‍ വോട്ടുകളും മറ്റ് ജാതിവോട്ടുകളും സമാഹരിച്ച് രാഷ്ട്രീയ അടിത്തറ ഉണ്ടാക്കാനാണ് തുടക്കം മുതല്‍ ബി.ജെ.പി ശ്രമിക്കുന്നത്. പല തരം പരീക്ഷണങ്ങള്‍ അവര്‍ ഈ നിലയ്ക്ക് നടത്തി. എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യശ്രമം ഇത്തരമൊരു സാധ്യതയായിരുന്നു തേടിയത്. എന്നാല്‍, ആഭ്യന്തരമായ സംഘര്‍ഷങ്ങള്‍ ആ തന്ത്രം അകമേ പെളിച്ചുകളഞ്ഞു. പിന്നീട് ഇരു സംഘടനകളെയും ഒറ്റയൊറ്റയായി കൂടെ നിര്‍ത്താനായി ശ്രമം. എന്നാല്‍, കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ച് കാലങ്ങളായി സമ്മര്‍ദ്ദഗൂപ്പായി നില്‍ക്കുന്ന എന്‍എസ്എസ് ഇത്തരമൊരു പരീക്ഷണത്തിന് താല്‍പ്പര്യം കാണിച്ചില്ല. ബി.ജെപി ബാന്ധവം മറ്റ് മുന്നണികളിലേക്കുമുള്ള വാതിലുകള്‍ എന്നേക്കുമായി അടച്ചുകളയുമെന്നറിയുന്ന എന്‍എസ്എസ്ഇക്കാര്യത്തില്‍ സമദൂര നയം പിന്തുടരാനാണ് താല്‍പ്പര്യം കാണിച്ചത്.

വെള്ളാപ്പള്ളിയെ മുന്‍നിര്‍ത്തി രൂപവല്‍കരിച്ച ബിഡിജെഎസ് ആയിരുന്നു അടുത്ത പരീക്ഷണം. എന്നാല്‍, ഈഴവവോട്ടുകള്‍ കൂടുതലുള്ള മണ്ഡലങ്ങളില്‍ പോലും ബിഡിജെഎസ് കളംപിടിച്ചില്ല. പക്ഷേ, തങ്ങളുടെ പാര്‍ട്ടിയിലേക്ക് ഈഴവ ഒഴുക്ക് കൂട്ടാനും ഈഴവ സമുദായത്തെ അടുപ്പിക്കാനും ഈ പരീക്ഷണം ബി.ജെ.പി സമര്‍ത്ഥമായി ഉപയോഗിച്ചു. വെള്ളാപ്പള്ളി സ്വന്തം പാര്‍ട്ടിയില്‍നിന്ന് പുറത്തുകടക്കുന്നത് ഈ തിരിച്ചറിവിലാണ്. മുന്നണികളോടുള്ള വിലപേശല്‍ സാധ്യതകള്‍ കളഞ്ഞ് ബി.ജെ.പിയുടെ ഭാഗമാവുന്നത് സാമുദായികമായി ഗുണംചെയ്യില്ലെന്ന നിലപാടിലേക്ക് വെള്ളാപ്പള്ളി പിന്നീട് എത്തി. പിണറായിയെ മുന്‍നിര്‍ത്തി എല്‍ഡിഎഫിനോട് വെള്ളാപ്പള്ളി കാണിക്കുന്ന മൃദുസമീപനം ഇത്തരമൊരു തിരിച്ചറിവിന്റെ ഫലമാണ്. ഈഴവ, നായര്‍ സമുദായങ്ങള്‍ക്കു പുറത്ത് ആദിവാസികള്‍ അടക്കമുള്ളവരെ കൂടെ നിര്‍ത്താനുള്ള ശ്രമവും ബി.ജെ.പിക്ക് ഗുണകരമായിരുന്നില്ല. ഭൂരിപക്ഷ വോട്ടുകളില്‍ കണ്ണുംനട്ടിരിക്കുന്ന യുഡിഎഫും എല്‍ഡിഎഫും ഈ തെരഞ്ഞെടുപ്പില്‍ പ്രധാന സാധ്യതയായി കാണുന്നത് ഈ ശൂന്യതയാണ്.

ധ്രുവീകരണ സമവാക്യങ്ങളുടെ കാലത്ത് മുസ്‌ലിം രാഷ്ട്രീയം

മറ്റൊരിക്കലുമില്ലാത്തവിധം സാമുദായിക ധ്രുവീകരണ ശ്രമങ്ങള്‍ തീവ്രമായ തെരഞ്ഞെടുപ്പാണ് ഇത്. വര്‍ഗീയ രാഷ്ട്രീയം മുഖംമൂടികളഴിച്ച് സെന്‍ട്രല്‍ സ്‌റ്റേജില്‍ നില്‍പ്പുറപ്പിച്ച സാഹചര്യത്തില്‍, ഇവയോടുള്ള നിലപാടുകള്‍ മുന്നണികളെ സംബന്ധിച്ച് നിര്‍ണായകമാണ്. മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നതടക്കമുള്ള വെള്ളാപ്പിള്ളി നടേശന്റെ വിവാദപ്രസ്താവനകളും മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശവും ജമാഅത്തെ ഇസ്‌ലാമിയെ മുന്‍നിര്‍ത്തി ഇടതുപക്ഷം നടത്തുന്ന പരാമര്‍ശങ്ങളും ന്യൂനപക്ഷവോട്ടുകളെ യുഡിഎഫിന് അനുകൂലമായി മാറുമെന്നാണ് കരുതുന്നത്. വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയാതെ കൂടെ നിര്‍ത്തുന്ന മുഖ്യമന്ത്രിയുടെ നയങ്ങളും മുസ്‌ലിം സംഘടനകളെ കടന്നാക്രമിക്കുന്ന ഇടതുപക്ഷ നയങ്ങളുമൊക്കെ ഈ തെരഞ്ഞെടുപ്പിലും ന്യൂനപക്ഷ വോട്ടുകളെ സ്വാധീനിക്കാനിടയുണ്ട്. ഇക്കാര്യം മുന്‍നിര്‍ത്തിയാണ് സിപിഎം-ബി.ജെ.പി ഡീല്‍ എന്ന ആരോപണം തുടക്കം മുതല്‍ യുഡിഎഫ് ഉയര്‍ത്തിയത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ അട്ടിമറി നടത്തി മുസ്ലീം ലീഗിനെ അടര്‍ത്തിയെടുക്കാനും സമസ്തയെ ഒപ്പം നിര്‍ത്താനും സിപിഎം കിണഞ്ഞ് പരിശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. പാരമ്പര്യമായി തങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന കാന്തപുരം വിഭാഗത്തിന്റെ വോട്ടുകളും മുസ്‌ലിം ലീഗിന്റെ എക്കാലത്തെയും വോട്ടുബാങ്കായ ഇകെ വിഭാഗം സുന്നികളുടെ വോട്ടുകളും ഇടതിന് അനുകൂലമാക്കാനായിരുന്നു അന്നത്തെ ശ്രമം. ഒപ്പം, കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ ഒപ്പം നിര്‍ത്തി ക്രൈസ്തവ വോട്ടുകള്‍ കൂടി സ്വന്തം പക്ഷത്തേക്ക് മാറ്റിയാല്‍ ന്യൂനപക്ഷ വോട്ടുകള്‍ ചോര്‍ന്നുപോവില്ല എന്നായിരുന്നു ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍, പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായത് ഇടതുപക്ഷത്തിന്റെ കണ്ണ് തുറപ്പിച്ചു.

അന്ന് സമസ്ത വോട്ടുകളും സാധാരണ ഒപ്പം നില്‍ക്കാറുള്ള കാന്തപുരം വിഭാഗത്തിന്റെ പിന്തുണയും സിപിഎമ്മിന് കാര്യമായി ലഭിച്ചില്ല. തുടര്‍ന്ന്, ന്യൂനപക്ഷ വോട്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് ഭൂരിപക്ഷ വോട്ടുകള്‍ കുറക്കാന്‍ ഇടയുണ്ടാക്കിയെന്ന വിശകലനങ്ങളിലേക്ക് പാര്‍ട്ടി എത്തി. അങ്ങനെയാണ്, എന്‍എസ്എസിനെയും എസ്എന്‍ഡിപിയെയും കൂടെ നിര്‍ത്തി ഭൂരിപക്ഷ വോട്ടുകള്‍ കൈയടക്കാനുള്ള ശ്രമങ്ങളിലെത്തിയത്. സമദൂര സിദ്ധാന്തം പറയുന്ന എന്‍എസഎസിനെ വെറുപ്പിക്കാതെയും വെള്ളാപ്പള്ളിക്കൊപ്പം നിന്ന് ഈഴവവോട്ടുകള്‍ സമാഹരിച്ചും ലക്ഷ്യം നിറവേറ്റാമെന്നായിരുന്നു ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടലുകള്‍. ഈ സാമുദായിക തന്ത്രം ഫലപ്രദമാവുമോ എന്ന ലിറ്റ്മസ് ടെസ്റ്റ് കൂടിയാണ് ഇടതുപക്ഷത്തിന് ഈ തെരഞ്ഞെടുപ്പ്.

കേരള കോണ്‍ഗ്രസ് അച്ചുതണ്ടില്‍നിന്നും മാറുന്ന ക്രൈസ്‍തവ വോട്ടുബാങ്ക്

കാലങ്ങളായി കേരളകോണ്‍ഗ്രസ് രാഷ്ട്രീയത്തിന്് ചുറ്റും കറങ്ങിക്കൊണ്ടിരുന്ന ക്രൈസ്തവ വോട്ടുകള്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വഴിയേ ചോര്‍ന്നു തുടങ്ങിയതാണ് കഴിഞ്ഞ പതിറ്റാണ്ടില്‍ കേരളത്തിലെ ന്യൂനപക്ഷ വോട്ട് ബാങ്ക് രാഷ്ട്രീയത്തിലുണ്ടായ കാതലായ മാറ്റം. തൃശൂരില്‍ സുരേഷ് ഗോപിയെ തുണച്ചത് ക്രൈസ്തവവോട്ടുകളുടെ ബി.ജെ.പിയിലേക്കുള്ള ഒഴുക്കായിരുന്നു. ക്രൈസ്തവ സഭകള്‍ ബി.ജെ.പിയോട് പുലര്‍ത്തുന്ന ആഭിമുഖ്യവും ഇതിന് കാരണമായി. സംഘപരിവാര്‍ രാഷ്ട്രീയത്തിന് അനുകൂലമായി ക്രിസ്തീയ സമുദായത്തിലെ വലിയൊരു കൂട്ടം നിലപാട് മാറ്റിയത് കേരളകോണ്‍ഗ്രസ് രാഷ്ട്രീയത്തെ മാത്രമല്ല, യുഡിഎഫ്, എല്‍ഡിഎഫ് രാഷ്ട്രീയ സമവാക്യങ്ങളെയും ആഴത്തില്‍ ബാധിച്ചു. ഇറാന്‍ യുദ്ധത്തെയടക്കം സാമുദായിക ധ്രുവീകരണത്തിനുള്ള അരങ്ങാക്കി മാറ്റിയ സോഷ്യല്‍ മീഡിയാ പോരാട്ടങ്ങളും ഇക്കുറി നിര്‍ണായകമാവാമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

കേരള കോണ്‍ഗ്രസിലെ പ്രബല വിഭാഗമായ മാണിഗ്രൂപ്പിനെ ഒപ്പം നിര്‍ത്തിയത് 2021-ല്‍ എല്‍ഡിഎഫിന് ഗുണമായിരുന്നെങ്കിലും ഇക്കുറി കാര്യങ്ങള്‍ അത്രകണ്ട് ഫലപ്രദമായേക്കില്ല. ക്രൈസ്തവ ഭൂരിപക്ഷമുള്ള ജില്ലകളില്‍, തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റമായിരുന്നു. സഭകളുടെ രാഷ്ട്രീയ നിലപാടുകളാണ് ഈ സാമുദായിക സമവാക്യങ്ങളുടെ വിധി നിര്‍ണയിക്കുന്നത്. വിവിധ കേരളാ കോണ്‍ഗ്രസുകളുടെ നിലനില്‍പ്പുതന്നെ ഈ സാമുദായിക അടിത്തറയിലാണ്. കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ മുന്നില്‍ നിര്‍ത്തി ഈ മേഖലയില്‍ സ്വാധീനം ഉണ്ടാക്കാനുള്ള ഇടതുലക്ഷ്യം എത്രകണ്ട് ഫലപ്രദമാകുമെന്നും ചോദ്യം ഈ തെരഞ്ഞെടുപ്പിലുമുണ്ട്. തീരദേശ മേഖലയില്‍ ഭൂരിപക്ഷ ലത്തീന്‍ കത്തോലിക്കാ വിഭാഗത്തിന്റെ വോട്ടും ഇക്കുറി പ്രധാനമാണ്. സര്‍ക്കാരിന്റെ നിലപാടുകള്‍ സഭയ്ക്ക് എത്രത്തോളം ഗുണകരമാണ് എന്നു നോക്കി വോട്ട് ചെയ്യും എന്നാണ് ലത്തീന്‍ സഭ വ്യക്തമാക്കിയിരിക്കുന്നത്. കൊച്ചി അടക്കമുള്ള മേഖലകളില്‍ നിര്‍ണായക ശക്തിയാണ് ലത്തീന്‍ കത്തോലിക്കാ സഭ.

ക്രൈസ്തവ വോട്ടുകള്‍ ബിജെപിയിലേക്ക് അടുപ്പിക്കാനുള്ള ശ്രമത്തിന്റെ മുന്നണിയില്‍ പിസി ജോര്‍ജും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ അടക്കമുള്ള നേതാക്കളുമാണ്. എന്നാല്‍, ഉത്തരേന്ത്യയില്‍ കൈക്രസ്തവ സമുദായത്തിന് എതിരെ നടന്ന ആക്രമണങ്ങളും വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്.സി.ആര്‍.എ) അടക്കമുള്ള വിഷയങ്ങളും ഈ നീക്കത്തിന് പ്രതികൂലമായി വന്നിട്ടുണ്ട്. മുനമ്പം വിഷയത്തില്‍ ബി.ജെ.പി ഉണ്ടാക്കിയെടുത്ത പ്രതിച്ഛായ ഉത്തരേന്ത്യയിലെ കന്യാസ്ത്രീകള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ തിരിച്ചടിയായിരുന്നു. വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി കൊണ്ടുവരാനുള്ള നീക്കത്തില്‍ ക്രൈസ്തവസഭകള്‍ പരസ്യമായി രംഗത്തുവന്നതോടെ ബി.ജെ.പി പ്രതിരോധത്തിലാണിപ്പാള്‍. തെരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ ഈ വിഷയം ഉയര്‍ത്തി ഇടതും വലതും ഒരുമിച്ച് ആക്രമിക്കുന്നതും ബിജെപിക്ക് തിരിച്ചടിയാണ്. ബി.ജെ.പിയുടെ ക്രിസ്തീയ സമുദായത്തോടുള്ള നിലപാടുകള്‍ മുന്‍നിര്‍ത്തി ക്രൈസ്തവ വോട്ടുകള്‍ സംഘപരിവാര്‍ വിരുദ്ധ രാഷ്ട്രീയത്തിലേക്ക് ഫോക്കസ് ചെയ്യപ്പെട്ടാല്‍ അത് ആര്‍ക്ക് അനുകൂലമാവും എന്നതാവും ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാവുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക