പ്രതി തന്നെ നാട്ടിലെ ഒരു വാട്സ്ആപ് ഗ്രൂപ്പിൽ അയച്ച മെസേജ് കിട്ടിയാണ് നാട്ടുകാരിൽ പലരും സംഭവം അറിഞ്ഞത്. കുറ്റം മറച്ചുവെയ്ക്കാൻ എല്ലാ പണിയും നോക്കി.

കൽപ്പറ്റ: വയനാട് തേറ്റമലയില്‍ വയോധികയെ കൊലപ്പെടുത്തിയ അയല്‍വാസി ഹക്കീം കുറ്റം മറച്ചുവെക്കാൻ ചെയ്തത് വന്‍ ആസൂത്രണം. കൊല്ലപ്പെട്ട കുഞ്ഞാമിയെ കാണാനില്ലെന്ന് നാട്ടിലെ വാട്സാപ്പ് ഗ്രൂപ്പില്‍ ആദ്യം ശബ്ദം സന്ദേശം അയച്ചത് പ്രതി ഹക്കീം ആയിരുന്നു. കുഞ്ഞാമിയെ കൊലപ്പെടുത്തി കിണറ്റിലിട്ട ശേഷം തെരച്ചിലിനും പ്രതി മുന്നിലുണ്ടായിരുന്നു. ഹക്കീമിനെ വിശദമായ ചോദ്യം ചെയ്യുമെന്ന് തൊണ്ടർനാട് പൊലീസ് അറിയിച്ചു.

75 വയസ്സുള്ള കുഞ്ഞാമിയെ നാല് പവൻ സ്വര്‍ണത്തിന് വേണ്ടിയാണ് അയല്‍വാസിയായ ഹക്കീം കൊലപ്പെടുത്തിയത്. സ്വർണാഭരണങ്ങള്‍ കവരാൻ മറ്റാരുമില്ലാത്തപ്പോള്‍ വീട്ടിലെത്തിയ ഹക്കീം കുഞ്ഞാമിയെ മുഖം പൊത്തി ശ്വാസം മുട്ടിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് പുറത്തിറങ്ങി തേറ്റമല ടൗണില്‍ പോയി കാറുമായി എത്തി മൃതദേഹം ഡിക്കിയിലാക്കി അരകിലോമീറ്റർ അകലെയുള്ള ഉപയോഗമില്ലാത്ത കിണറ്റില്‍ തള്ളി. ഇതിന് ശേഷമാണ് നാടകീയമായ തെരച്ചിലിനായി മുന്നിട്ടിറങ്ങിയത്.

മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെടുക്കുമ്പോഴും പൊലീസ് ഇൻക്വസ്റ്റ് നടത്തുമ്പോഴും പ്രതി സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ വെള്ളമുണ്ടയിലെ സ്വകാര്യ ബാങ്കില്‍ ഹക്കീം സ്വർണം പണയം വെച്ചെന്ന വിവരം പൊലീസിന് ലഭിച്ചതാണ് നിര്‍ണായകമായത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഹക്കീമിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ ഹക്കീം കുറ്റം സമ്മതിച്ചു. വാര്‍ധക്യ സഹജമായ അവശതകള്‍ ഉണ്ടായിരുന്ന കുഞ്ഞാമി ഇത്രയും ദൂരം നടന്നുപോകാൻ ഇടയില്ലെന്ന സംശയമാണ് സംഭവം കൊലപാതകമാണെന്ന് സംശയത്തിന് വഴിവെച്ചത്. അന്വേഷണം തുടരുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം