ഓമല്ലൂരിലെ ഗോപിയുടെ മരണം; ലൈഫ് പദ്ധതി പ്രകാരമുള്ള വീടുപണി പൂർത്തിയാകാത്തതായിരുന്നു വലിയ ദുഖമെന്ന് മകൾ
ഓണത്തിന് മുൻപ് വീടുപണി പൂർത്തിയാക്കി താമസം തുടങ്ങണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹമെന്നും മകൾ ബിന്ദു പറയുന്നു.

പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂർ പളളത്ത് ലോട്ടറി കച്ചവടക്കാരൻ ഗോപി പെട്രോൾ ഒഴിച്ച് തീ കൊളുത്തി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ലൈഫ് പദ്ധതിപ്രകാരമുള്ള വീടുപണി പൂർത്തിയാകാത്തതായിരുന്നു ഗോപിയുടെ വലിയ ദുഃഖമെന്ന് കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആവശ്യമുന്നയിച്ച് പലതവണ പഞ്ചായത്ത് ഓഫീസിൽ പോയെന്നും പണം കിട്ടിയിരുന്നെങ്കിൽ വീട് പണി പൂർത്തിയായേനെ എന്നും കുടുംബം വെളിപ്പെടുത്തി. ഓണത്തിന് മുൻപ് വീടുപണി പൂർത്തിയാക്കി താമസം തുടങ്ങണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹമെന്നും മകൾ ബിന്ദു പറയുന്നു. വീടുപണി പൂർത്തിയാകാത്തതും ഭാര്യ സ്ട്രോക്ക് വന്ന് കിടപ്പിലായതും ഗോപിയെ വല്ലാതെ തളർത്തിയിരുന്നു.
ഇന്നലെയാണ് ഓമല്ലൂര്‍ സ്വദേശിയായ ഗോപി ജീവനൊടുക്കിയത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജീവനൊടുക്കുകയായിരുന്നുവെന്ന് വ്യക്തമാകുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിരുന്നു. വീട് നിർമ്മാണം എങ്ങുമെത്തിയില്ലെന്നും താൻ ജീവിതത്തിൽ പരാജയപ്പെട്ടുപോയെന്നും ഗോപിയുടെ ആത്മഹത്യാ കുറിപ്പിലുണ്ട്. 'വീടിന്റെ പണി എങ്ങുമെത്തിയില്ല. പണം കിട്ടാത്തത് കൊണ്ട്. ഓണത്തിന് മുമ്പ് വാർപ്പ് ലെവൽ എത്തിച്ചതാണ്. ഇതുവരെ വാർപ്പിന്റെ തുക കിട്ടിയില്ലെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. വീട് നിർമ്മാണം പൂർത്തിയാക്കാൻ കഴിയാത്തതിന്റെ മനോവിഷമത്തിലായിരുന്നു ഗോപി. ഭാര്യയും രണ്ടു മക്കളുമുണ്ട്.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)