Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് ലഹരി വിമുക്തി പദ്ധതി താളം തെറ്റുന്നു; ഫലപ്രാപ്തി 30% മാത്രം, പുനരധിവാസവും ഫലപ്രദമല്ല

വിമുക്തി ഉൾപെടെ സർക്കാർ സംവിധാനങ്ങൾ പൂർണതോതിൽ ഫലപ്രദമാകാത്ത ഇടത്താണ് ഗ്രഡ്സ് അനോണിമസ് ഗ്രൂപ്പുകളുടെ പ്രസക്തി. മയക്കുമരുന്നിനും മദ്യത്തിനും അടിമയായി പോയവർ ഇടവേളകളിൽ കണ്ടും വാട്സാപ്പിലൂടെ സംസാരിച്ചും പരസ്പരം കൈത്താങ്ങാവുന്ന പദ്ധതി

The de-addiction scheme in the state is in crisis
Author
First Published Nov 9, 2022, 7:14 AM IST

 

കണ്ണൂർ : മയക്കുമരുന്നിന്റെ നീരാളിക്കൈകളിൽ പെട്ട് പുനരധിവാസ കേന്ദ്രങ്ങളിലെത്തുന്നവരിൽ 70 % പേരും വീണ്ടും ലഹരിയുടെ ലോകത്തേക്ക് തിരികെ ചെല്ലുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.ചികിത്സ കഴിഞ്ഞെത്തുന്നവരെ മുൻവിധിയില്ലാതെ ഉൾകൊള്ളാനും അവർക്ക് അഭിമാനത്തോടെ ജീവിക്കാൻ അവസരമൊരുക്കാനും നമുക്ക് കഴിയുന്നില്ല.ചെറുപ്രായത്തിൽ മാരക മയക്കുമരുന്നിന് അടിമയായെങ്കിലും കഠിന പ്രയത്നത്തോടെ തിരികെ കയറി മാതൃകയായി ജീവിക്കുന്ന ചിലരും നമുക്കിടയിലുണ്ട്.

 

സാമ്പത്തികമായി കുത്തുപാളയെടുത്ത്, ശാരീരികമായി തളർന്ന് മാനസികമായി താളം തെറ്റിയ അവസ്ഥയിലാകും ഒരു മയക്കുമരുന്ന് അടിമ പുനരധിവാസ കേന്ദ്രത്തിൽ എത്തുന്നത്. മിക്കപ്പോഴും നാട്ടുകാരോ കുടുംബക്കാരോ നിർബന്ധിച്ച് കൊണ്ടു ചെന്നാക്കുന്നതുമാകും. ഡീ അഡിക്ഷൻ കേന്ദ്രത്തിൽ കൃത്യമായ ചികിൽസയിൽ രണ്ടാഴ്ച കഴിയുമ്പോഴേക്കും ശാരീരികമായി മെച്ചപ്പെടും. പക്ഷെ ലഹരി കിട്ടാത്തിന്റെ വെപ്രാളത്തിൽ അയാൾ അക്രമാസക്തനായേക്കും.

മരുന്നുകൊണ്ട് മാനസീകാവസ്ഥ മെച്ചപ്പെടും. ഉറക്കം കിട്ടും. ഭക്ഷണത്തിന് രുചി തോന്നിത്തുടങ്ങും. അതോടെ ഇത്രയും കാലം ഞാനെന്താണ് ചെയ്തുകൊണ്ടിരുന്നത് എന്ന വീണ്ടു വിചാരം വരും.സർക്കാരും സന്നദ്ധ സംഘടനകും നിരവധി ഡീ അഡിക്ഷൻ കേന്ദ്രങ്ങൾ നടത്തുന്നുണ്ടെങ്കിലും ഇവിടെയെത്തുന്ന 30 ശതമാനത്തിൽ താഴെ ആളുകളെ ലഹരി ഉപയോഗം നിർത്തുന്നുള്ളൂ എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

വിമുക്തി ഉൾപെടെ സർക്കാർ സംവിധാനങ്ങൾ പൂർണതോതിൽ ഫലപ്രദമാകാത്ത ഇടത്താണ് ഗ്രഡ്സ് അനോണിമസ് ഗ്രൂപ്പുകളുടെ പ്രസക്തി. മയക്കുമരുന്നിനും മദ്യത്തിനും അടിമയായി പോയവർ ഇടവേളകളിൽ കണ്ടും വാട്സാപ്പിലൂടെ സംസാരിച്ചും പരസ്പരം കൈത്താങ്ങാവുന്ന പദ്ധതി. ഈ ഗ്രൂപ്പിലുള്ള ഒരാളെ കാണാൻ ഞങ്ങൾ ചെന്നു. 15ആം വയസിൽ ചങ്ങാതിമാർക്കൊപ്പം ബിയർ കുടിച്ച് തുടങ്ങിയതാണ്. സിഗരറ്റും കഞ്ചാവും കടന്ന് ബ്രൗൺഷുഗറിലെത്തിയതോടെ പിടിവിട്ടുപോയി.18ാം വയസിൽ പെങ്ങളുടെ സ്വർണ്ണമാലയും കട്ടെടുത്ത് ബോംബെയ്ക്ക് കള്ളവണ്ടികയറി.
ഭിക്ഷാടകരുടെ തടങ്കൽ പാളയത്തിൽ കിടന്നും ന്യൂമോണിയ പിടിച്ച് സർക്കാ‍ർ ആശുപത്രി തിണ്ണയിൽ കിടന്നും നരകിച്ചു. പിന്നീടാണ് പുനരധിവാസ കേന്ദ്രത്തിലെത്തിയത്. അവിടെനിന്നും മയക്കുമരുന്ന് അനോണിമസ് ഗ്രൂപ്പിന്റെ സഹായത്തോടെ അതിജീവനം നടത്തി. 

ഇങ്ങനെ ഉള്ളവരും ഉണ്ടെങ്കിലും ലഹരിക്കടിമായ ശേഷം ചികിൽസയിലൂടെ പൂർണ മുക്തി തേടി എത്തുന്നവരെ പൂർണമായും അംഗീകരിക്കാൻ പലപ്പോഴും സമൂഹത്തിന് കഴിയാറില്ലെന്നതും വാസ്തവം

സംസ്ഥാനത്ത് ലഹരിയുടെ ഓൺലൈൻ വ്യാപാരം സജീവം; മരുന്നുകളും ദുരുപയോഗം ചെയ്യുന്നു, ലഹരി വ്യാപാരി ജോബിനായി തെരച്ചിൽ
 

Follow Us:
Download App:
  • android
  • ios