ഇയാളുടെ കൂടെ ഹോട്ടല്‍ മുറിയിലുണ്ടായിരുന്ന 13 പേരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി കസ്റ്റoസിനെ വെട്ടിച്ച് സ്വർണ്ണം കടത്തിയ സംഘം പിടിയിൽ. ഒന്നരക്കിലോ സ്വർണ്ണവുമായുള്ള ബാഗുമായി കടന്ന തൃശ്ശൂർ വെന്നുർ സ്വദേശി അഫ്സലിനെയാണ് തലശ്ശേരിയിലെ ഹോട്ടലിൽ വച്ച് പിടികൂടിയത്. ഇയാളുടെ കൂടെ ഹോട്ടല്‍ മുറിയിലുണ്ടായിരുന്ന 13 പേരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതികൾ സഞ്ചരിച്ച രണ്ട് വാഹനങ്ങളും പൊലീസ് പിടികൂടി. 

നെടുമ്പാശ്ശേരി പൊലീസ് സംഘം തലശ്ശേരിയിൽ സ്വർണ്ണമുള്ള ബാഗ് കണ്ടെടുക്കാനായി പരിശോധ നടത്തുകയാണ്. ഗൾഫിൽ നിന്നും വന്ന അഫ്സലിനെ കാണാനില്ലെന്ന് മാതാവ് ഉമ്മല്ലു പൊലീസിൽ പരാതി നൽകിയിരുന്നു. ഹോട്ടല്‍ മുറിയിൽ അഫ്സൽ ഉൾപ്പടെ 14 പേർ ഉണ്ടായിരുന്നെന്ന് നെടുമ്പാശ്ശേരി എസ് ഐ അനീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പിടിക്കപ്പെട്ടവർ ക്രിമിനൽ ബന്ധമുള്ളവരാണ്. ചോദ്യങ്ങളോട് ഇവർ കൃത്യമായി മറുപടി പറയുന്നില്ല. പരിശോധന പൂർത്തിയാക്കി പ്രതികളെ നെടുമ്പാശ്ശേരിയിലേക്ക് കൊണ്ടു പോകുമെന്നും എസ് ഐ പറഞ്ഞു. 

കണ്ണൂര്‍ സ്വദേശി ദുബായിൽ സ്വർണ്ണക്കടത്ത് സംഘത്തിന്‍റെ കസ്റ്റഡിയിൽ, ക്രൂരപീഡനം

കോഴിക്കോട് : പന്തിരിക്കരയിലെ ഇർഷാദിന്‍റെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ഇടനിലക്കാരൻ ദുബായിൽ സ്വർണ്ണക്കടത്ത് സംഘത്തിന്റെ കസ്റ്റഡിയിൽ. കണ്ണൂര്‍ സ്വദേശിയായ ജസീലാണ് സ്വർണ്ണക്കടത്ത് സംഘത്തിന്റെ കസ്റ്റഡിയിലുളളത്. ഇയാളെ തടങ്കലിലാക്കിയത് ഇ‍‍ര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ നാസറെന്ന സ്വാലിഹിന്‍റെ സംഘമാണെന്നാണ് സൂചന. ഈ സംഘം ഇര്‍ഷാദിന്‍റെ അനുജനേയും നേരത്തെ തട്ടിക്കൊണ്ടു പോയിരുന്നു. ജസീലിന് ക്രൂരമര്‍ദനമേറ്റതിന്‍റെ ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

കൊല്ലപ്പെട്ട ഇ‍ര്‍ഷാദിനെ സ്വ‍ര്‍ണ്ണക്കടത്തിന് വേണ്ടി സ്വാലിഹിന്റെ സംഘവുമായി ബന്ധപ്പെടുത്തിയത് ജസീലായിരുന്നു. എന്നാൽ നാട്ടിലെത്തിയ ശേഷം ഇര്‍ഷാദ് സ്വ‍‍‍ര്‍ണ്ണം മറ്റൊരു സംഘത്തിന് കൈമാറി. സ്വ‍ര്‍ണ്ണം നഷ്ടപ്പെട്ടുവെന്ന് മനസിലായതോടെയാണ് സ്വർണ്ണം കൊടുത്തുവിട്ട സ്വാലിഹിന്റെ സംഘം ഇ‍ഷാദിനെ പരിചയപ്പെടുത്തിയ ജസീലിനെ തടങ്കലിലാക്കി. ഇതിന് ശേഷമാണ് സ്വാലിഹ് നാട്ടിലേക്ക് വന്നതും ഇ‍ഷാദിനെ തട്ടിക്കൊണ്ടുപോയതുമെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. അറുപത് ലക്ഷം വില വരുന്ന സ്വ‍ര്‍ണ്ണമാണ് ഇര്‍ഷാദ് നാട്ടിലെത്തിച്ച ശേഷം മറ്റൊരു സംഘത്തിന് കൈമാറിയത്.