20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് കുറഞ്ഞ നിരക്കിലും ഇന്‍റര്‍നെറ്റ് എത്തിക്കുന്നതിനും നഗര ഗ്രാമ വ്യത്യാസമില്ലാതെ അതിവേഗ ഡാറ്റാ കണക്റ്റിവിറ്റിയുമാണ് കെ ഫോൺ പദ്ധതി ലക്ഷ്യമിട്ടത്. 

തിരുവനന്തപുരം: അദ്യഘട്ടത്തിൽ പതിനാലായിരം കുടുംബങ്ങൾക്ക് ഇന്‍റര്‍നെറ്റ് കണക്ഷൻ അനുവദിക്കാൻ സാങ്കേതിക സംവിധാനങ്ങൾ എല്ലാം സജ്ജമെന്ന് കെ ഫോൺ അവകാശപ്പെടുമ്പോഴും പദ്ധതി ഇഴയുന്നതിന് പിന്നിൽ സര്‍ക്കാരിന്‍റെ അലംഭാവം. സേവനദാതാവിനെ കണ്ടെത്തി മാസങ്ങൾക്ക് ശേഷവും ടെണ്ടറിൽ ക്വാട്ട് ചെയ്ത തുക അനുവദിക്കാൻ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മാനദണ്ഡമനുസരിച്ച് കാലാവധി പൂര്‍ത്തിയാകുന്നതിനാൽ അനുവദിച്ച ടെണ്ടര്‍ ഒരാഴ്‍ച്ചയ്ക്കകം അസാധുവാകുമെന്ന് കാണിച്ച് കേരളാ വിഷന് നോട്ടീസും കിട്ടിയിട്ടുണ്ട്.

20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് കുറഞ്ഞ നിരക്കിലും ഇന്‍റര്‍നെറ്റ് എത്തിക്കുന്നതിനും നഗര ഗ്രാമ വ്യത്യാസമില്ലാതെ അതിവേഗ ഡാറ്റാ കണക്റ്റിവിറ്റിയുമാണ് കെ ഫോൺ പദ്ധതി ലക്ഷ്യമിട്ടത്. 83 ശതമാനം പണി പൂര്‍ത്തിയായെന്നും 24357 സര്‍ക്കാര്‍ ഓഫീസുകളിൽ കണക്റ്റിവിറ്റിയായെന്നും സര്‍ക്കാര്‍ കണക്ക്. ഒരു നിയമസഭാ മണ്ഡലത്തിൽ നിന്ന് 100 കുടംബങ്ങൾക്ക് ഡാറ്റാ കണക്ഷനെത്തിക്കാൻ സേവന ദാതാവിനെ കെ ഫോൺ കണ്ടെത്തിയത് ഇക്കഴിഞ്ഞ മെയ് പകുതിക്കാണ്.

കേരള വിഷൻ നൽകിയ ഏറ്റവും കുറഞ്ഞ ടെണ്ടറനുസരിച്ച് ഒരു വീട്ടിൽ ഇന്‍റര്‍നെറ്റ് നൽകാൻ ഒരുമാസം ചെലവ് 124 രൂപയാണ്. വര്‍ഷം 2.80 കോടി വേണം, സര്‍ക്കാര്‍ ഈ തുക അനുവദിച്ചിട്ടില്ലെന്ന് മാത്രമല്ല നാളിത്രയായിട്ടും തുടര്‍നടപടി എന്തെന്ന് കേരളാവിഷനെ അറിയിക്കാൻ പോലും തയ്യാറായിട്ടുമില്ല. ഇതിനിടെയാണ് സെപ്തംബര്‍ 22 ന് ടെണ്ടര്‍ അസാധുവാകുമെന്ന അറിയിപ്പ്. കരാറനുസരിച്ചുള്ള ജോലി ഏൽപ്പിക്കാത്തതാണ് പ്രശ്മമെന്നും അതില്ലാതെ ടെണ്ടര്‍ അസാധുവാക്കുന്നതിന് കാരണം അറിയണമെന്നും ആവശ്യപ്പെട്ട് കേരളാ വിഷൻ കെ ഫോണിന് കത്തും നൽകിയിട്ടുണ്ട്.

സൗജന്യ കണക്ഷൻ നൽകേണ്ട ബിപിഎൽ കുടുംബങ്ങളുടെ ലിസ്റ്റും ഡാറ്റാ കണക്ഷൻ അനുവദിക്കാനുമുള്ള തുകയുമുണ്ടെങ്കിൽ ബാക്കി സജ്ജമെന്നാണ് കെ ഫോൺ പറയുന്നത്. നയപരമായ തീരുമാനമെടുക്കാൻ സര്‍ക്കാരിന് മുന്നിലെ തടസം എന്തെന്ന് ചോദിച്ചാൽ പക്ഷെ ആര്‍ക്കുമില്ല വ്യക്തത. ബിപിഎൽ കുടുംബങ്ങളുടെ ലിസ്റ്റ് അടിയന്തരമായി തയ്യാറാക്കാൻ നിര്‍ദ്ദേശം നൽകിയിട്ടും മാസങ്ങളായി. ഒരു മണ്ഡലത്തിൽ നിന്ന് നൂറ് പേരെ എന്ത് മാനദണ്ഡം വച്ച് എങ്ങനെ കണ്ടെത്തുമെന്ന ചോദ്യം തദ്ദേശ വകുപ്പിന് ഉണ്ടാക്കുന്ന പ്രതിസന്ധി മാത്രമല്ല ഇനി കണ്ടെത്തിയാൽ തന്നെ ഒരു വാര്‍ഡിൽ ഒരു കുടുംബത്തിലേക്ക് പോലും കണക്ഷനെത്തിക്കാൻ കഴിയില്ലെന്ന അവസ്ഥപോലും സംസ്ഥാനത്ത് പലയിടങ്ങളിലുമുണ്ട്.

ഇതിനെല്ലാം പുറമെയാണ് കെ ഫോൺ പദ്ധതിയുടെ ഭീമമായ പ്രവര്‍ത്തന ചെലവ്. സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി സ്ഥാപിച്ച നെറ്റുവര്‍ക്ക് നിയന്ത്രണ സംവിധാനങ്ങൾക്ക് അടക്കം വൈദ്യുതി ചാര്‍ജ്ജിനത്തിൽ കെഎസ്ഇബിക്ക് നൽകുന്നത് പ്രതിമാസം 50 ലക്ഷം രൂപയാണ്.