ജില്ലകളിൽ നിന്ന് ക്രോഡീകരിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലേക്കും അവിടെ നിന്ന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.രാജൻ ഖോബ്രഗഡേയുടെ ഓഫിസിലേക്കും നൽകിയിരുന്ന കൊവിഡ് മരണ കണക്കിൽ ആരോഗ്യവകുപ്പിന്റെ അനുമതിയോടെ സെക്രട്ടറി വക വെട്ടിക്കുറയ്ക്കലുകൾ നടത്തിയാണ് മരണ സംഖ്യ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിരുന്നത്
തിരുവനന്തപുരം: കൊവിഡ് മരണകണക്കിൽ(covid death) ഇരട്ടിപ്പുണ്ടായെന്ന് (doubling)കാണിച്ച് ജില്ലാ മെഡിക്കൽ ഓഫിസർമാർക്ക് (district medicak officers)ആരോഗ്യ സെക്രട്ടറിയുടെ(health secretary) മെമ്മോ(memo).സുപ്രീംകോടതിയുടെ ഉത്തരവ് അനുസരിച്ച് പൂഴ്ത്തിവച്ച മരണ കണക്കുകൾ ഒറ്റയടിക്ക് കൂട്ടത്തോടെ റിപ്പോർട്ട് ചെയ്യേണ്ടി വന്നപ്പോൾ ആരോഗ്യ സെക്രട്ടറിയുടെ ഓഫിസനടക്കം ഉണ്ടായ പിഴവിനാണ് ഡി എം ഒമാർ പ്രതിസ്ഥാനത്ത് ആയത്. പട്ടികയിൽ ഉൾപ്പെട്ടുവരുന്ന മരണ കണക്ക് പരിശോധിക്കാൻ ജില്ലാ സർവൈലൻസ് ഓഫിസർ അടങ്ങുന്ന ഒരു സംഘം ഉണ്ടായിരിക്കെയാണ് ആ കുറ്റം കൂടി ഡി എം ഒമാരുടെ തലയിൽ ചാരുന്നത്. അതേസമയം ആരോഗ്യ സെക്രട്ടറി നൽകിയ ഇരട്ടിപ്പിന്റെ കണക്കുകൾ തെറ്റാണെന്നും അതിൽ പല ഇരട്ടിപ്പുകളും സെക്രട്ടറിയുടെ തന്നെ ഓഫിസിൽ നിന്നുണ്ടായതാണെന്നും കണക്കുകൾ സഹിതം ഡി എം ഒമാർ വ്യക്തമാക്കുന്നുണ്ട്.രണ്ട് വർഷത്തിലേറെയായി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായ ഡോക്ടർമാർ സർക്കാരിന്റെ ഈ നടപടിയോട് കടുത്ത അമർഷത്തിലാണ്.
സംസ്ഥാനത്തെ കൊവിഡ് മരണനിരക്ക് കുറവാണെന്ന് വരുത്തി തീർക്കാൻ കൊവിഡ് മരണങ്ങളിൽ പലതും പൂഴ്ത്തിവച്ചായിരുന്നു നേരത്തെ കേരളം കണക്ക് പുറത്തുവിട്ടിരുന്നത്. ജില്ലകളിൽ നിന്ന് ക്രോഡീകരിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലേക്കും അവിടെ നിന്ന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.രാജൻ ഖോബ്രഗഡേയുടെ ഓഫിസിലേക്കും നൽകിയിരുന്ന കൊവിഡ് മരണ കണക്കിൽ ആരോഗ്യവകുപ്പിന്റെ അനുമതിയോടെ സെക്രട്ടറി വക വെട്ടിക്കുറയ്ക്കലുകൾ നടത്തിയാണ് മരണ സംഖ്യ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിരുന്നത്. അതായത് ഒരു ജില്ലയിൽ നിന്ന് 30 കൊവിഡ് മരണം റിപ്പോർട്ട് ചെയ്താൽ അതിൽ പകുതിയിൽ താഴെ മാത്രമേ കണക്കിൽ ഉൾപ്പെടുത്തിയിരുന്നുള്ളു. ഇതിനെതിരെ വ്യാപക പരാതി ഉയരുകയും സുപ്രീംകോടതി ഇടപെടൽ ഉണ്ടാവുകയും ചെയ്തതോടെ പൂഴ്ത്തി വച്ചിരുന്ന മരണ കണക്ക് പുറത്തുവിടാൻ സർക്കാർ നിർബന്ധിതമായി.തുടർന്ന് 2020 ജനുവരി 30 മുതൽ 2021 ജൂൺ 17 വരെയുള്ള യഥാർഥ മരണ കണക്ക് വീണ്ടും നൽകാൻ ആരോഗ്യ സെക്രട്ടറി ജില്ല മെഡിക്കൽ ഓഫിസർമാർക്ക് നിർദേശം നൽകി.
ഇതനുസരിച്ച് കയ്യിലുണ്ടായിരുന്ന കണക്കും പരാതി കിട്ടിയതും ചേർത്ത് ജില്ലകളിൽ നിന്ന് വലിയ തോതിൽ കൊവിഡ് മരണ കണക്ക് നൽകി തുടങ്ങി. കൂട്ടത്തോടെ ഒറ്റയടിക്ക് കൂടുതൽ കണക്കുകൾ നൽകിയപ്പോൾ ഡാറ്റാ എൻട്രിയിൽ ചിലയിടത്ത് പ്രശ്നമുണ്ടായി. കൂടിയ മരണനിരക്ക് പ്രതിപക്ഷം സർക്കാരിനെതിരെ ആയുധമാക്കുക കൂടി ചെയ്തതോടെ കണക്കിലെ ചെറിയ വർധന പോലും ആരോഗ്യവകുപ്പിനെ അസ്വസ്ഥമാക്കി. എന്നാൽ ആരോഗ്യ സെക്രട്ടറി പറയുന്നത്രയും ഇരട്ടിപ്പ് ജില്ലകളിൽ നിന്ന് വന്നിട്ടില്ലെന്ന് കണക്കുകൾ ചൂണ്ടി ഡോക്ടർമാർ പറയുന്നു. പട്ടികയിലെ പല മരണങ്ങളും വീണ്ടും ചേർത്തത് ആരോഗ്യ സെക്രട്ടറിയുടെ ഓഫിസിൽ നിന്നാണെന്നും ഇവർ വിശദീകരിക്കുന്നു. സെക്രട്ടറിയുടെ ഓഫിസിലുണ്ടായ പിഴവിന് എന്തിനാണ് ഡോക്ടർമാരെ ബലിയാടാക്കുന്നതെന്നണ് ചോദ്യം.
ആരോഗ്യ വകുപ്പ് ഡയറക്ടറുടെ റിപ്പോർട്ട് അനുസരിച്ച് ആ കാലയളവിലെ 7023കൊവിഡ് മരണങ്ങൾ പട്ടികയിൽ ചേർക്കാനുണ്ടെന്നായിരുന്നു. എന്നാൽ ജില്ലകളിൽ നിന്ന് വന്ന മരണ സംഖ്യ ക്രോഡീകരിച്ചപ്പോൾ കണക്ക് 8500ന് മുകളിലും. തുടർന്നാണ് ആരോഗ്യ വകുപ്പ് വീണ്ടും കണക്കിൽ സൂക്ഷ്മ പരിശോധന നടത്തിയത്. ഇതിൽ 2021 നവംബർ 17 വരെയുള്ള കണക്കിൽ 527 മരണങ്ങൾ ഇരട്ടിപ്പാണെന്ന് കണ്ടെത്തി. കോഴിക്കോട്,തൃശൂർ,എറണാകുളം, ആലപ്പുഴ,തിരുവനന്തപുരം ജില്ലകളിലെ കണക്കിലാണ് ഇരട്ടിപ്പ് കണ്ടെത്തിയത്. ഈ പിഴവ് അന്ന് ജില്ലകളിലെ കൊവിഡ് റിപ്പോർട്ടിങ്ങിന് ചുമതല ഉണ്ടായിരുന്ന ഡി എം ഒമാരുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണെന്നാണ് ആരോഗ്യസെക്രട്ടറിയുടെ നിലപാട്.
കൊവിഡ് മരണ നിരക്ക് കുറച്ചുകാണിക്കാൻ മരണങ്ങൾ തന്നെ പൂഴ്ത്തിയെന്ന ആരോപണം തിരിച്ചടിയായി നിന്ന ആരോഗ്യവകുപ്പിന് ചെറിയ പിശക് പോലും സഹിക്കാവുന്നതിലപ്പുറമായിരുന്നു. തുടർന്നാണ് പിശക് വന്ന അഞ്ച് ജില്ലകളിൽ ഇക്കാലയളവിൽ ജില്ല മെഡിക്കൽ ഓഫിസർമാരായിരുന്ന ഡോക്ടർമാർക്കെതിരെ നടപടിക്ക് ആരോഗ്യവകുപ്പ് പച്ചക്കൊടി കാട്ടിയത്.
ജനുവരി 29ാം തിയതി നൽകിയ മെമ്മോ പ്രകാരം 15 ദിവസത്തിനുള്ളിൽ മറുപടി നൽകണം. മറുപടി നൽകാതിരിക്കുകയോ മറുപടി തൃപ്തികരമല്ലാതിരിക്കുകയോ ചെയ്താൽ നടപടി ഉണ്ടാകുമെന്നാണ് ഉത്തരവിൽ പറയുന്നത്.എന്നാൽ ഇതിൽ മിക്ക ഡോക്ടർമാരും ഡി എം ഒ ചുമതല ഒഴിഞ്ഞ് ഇപ്പോൾ മറ്റ് തസ്തികകളിൽ ജോലി നോക്കുകയാണ്. മൂന്ന് മാസത്തിനുളളിൽ സർവീസിൽ നിന്ന് വിരമിക്കാനിരിക്കുന്ന ഡോക്ടർ ഉൾപ്പെടെ മെമ്മോ കിട്ടിയവരിൽ ഉണ്ട്.
മുമ്പ് റിപ്പോർട്ട് ചെയ്യുകയും എന്നാൽ സർക്കാർ അത് കണക്കിലെടുക്കുകയും ചെയ്യാതിരുന്ന മരണ കണക്ക് കൂട്ടത്തോടെ അപ് ലോഡ് ചെയ്യേണ്ടി വന്നപ്പോഴുണ്ടായ ഡാറ്റാ എൻട്രിയിലുണ്ടായ മനുഷ്യ സഹജമായ തെറ്റിന് ഇത്തരത്തിലൊരു നടപടി വേണമോ എന്നാണ് ഡോക്ടർമാരുടെ ചോദ്യം. ഡാറ്റാ എൻട്രി ചെയ്ത് വരുന്ന കണക്ക് പരിശോധിക്കാൻ ഡി എം ഒമാർ ചുമതലപ്പെടുത്തിയ രണ്ടോ മൂന്നോ ഡോക്ടർമാരും ജില്ലാ സർവൈലൻസ് ഓഫിസറും അടങ്ങുന്ന ഒരു സംഘവും ഉണ്ടായിരിക്കെ ഈ പിശകിന് എങ്ങനെ ഡി എം ഒമാർ മാത്രം ഉത്തരവാദിയാകുമെന്നും ഇവർ ചോദിക്കുന്നു. എന്നാൽ കൊവിഡ് മരണക്കണക്ക് പൂഴ്ത്തിയതിന് സുപ്രീംകോടതിയിൽ നിന്നടക്കം തിരിച്ചടി നേരിട്ട സർക്കാരിന് കണക്കിലെ ചെറിയ ഇരട്ടിപ്പ് പോലും അസഹിഷ്ണുത കൂട്ടിയെന്ന് വ്യക്തമാക്കുന്നതാണ് ഈ നടപടി.
