Asianet News MalayalamAsianet News Malayalam

Dowry : വിവാഹത്തിന് വധുവിന് നൽകുന്ന സമ്മാനങ്ങൾ സ്ത്രീധനമല്ലെന്ന് ഹൈക്കോടതി

വധുവിന് നൽകുന്ന ഇത്തരം സമ്മാനങ്ങൾ മറ്റാരെങ്കിലും കൈപ്പറ്റിയെന്ന് തെളിഞ്ഞാൽ മാത്രമേ സ്ത്രീധന നിരോധന ഓഫീസർക്ക് അതിൽ ഇടപെടാനാകൂ എന്നും കോടതി

The High Court ordered that Gifts given to brides for marriage are not dowry
Author
Kochi, First Published Dec 15, 2021, 9:20 AM IST

കൊച്ചി: വിവാഹത്തിന് മറ്റാരും ആവശ്യപ്പെടാതെ വധുവിന് (Bride) നൽകുന്ന സമ്മാനങ്ങൾ സ്ത്രീധനത്തിന്റെ (Dowry) പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി. വീട്ടുകാർ നൽകുന്നതും ചട്ടപ്രകാരം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളതുമായ സമ്മാനങ്ങൾ സ്ത്രീധനം ആകില്ലെന്നാണ് ഹോക്കോടതി (High Court) വ്യക്തമാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇവ സ്ത്രീധന നിരോധനത്തിന്റെ പരിധിയിൽ ഉൾപ്പെടില്ല. അതേസമയം വധുവിന നൽകുന്ന ഇത്തരം സമ്മാനങ്ങൾ മറ്റാരെങ്കിലും കൈപ്പറ്റിയെന്ന് തെളിഞ്ഞാൽ മാത്രമേ സ്ത്രീധന നിരോധന ഓഫീസർക്ക് അതിൽ ഇടപെടാനാകൂ എന്നും കോടതി പറഞ്ഞു. 

കൊല്ലം സ്ത്രീധന ഓഫീസറുടെ ഉത്തരവിനെതിരെ കരുനാഗപ്പള്ളി സ്വദേശി വിഷ്ണു നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് എം ആർ അനിതയാണ് ഹർജി പരിഗണിച്ച് ഉത്തരവാക്കിയത്. അതേസമയം ഒരു പരാതി ലഭിച്ചാൽ തെളിവെടുക്കാനും അന്വേഷണം നടത്താനും സ്ത്രീധന നിരോധന ഓഫീസർക്ക് അധികാരമുണ്ടെന്നും കോടതി പറഞ്ഞു. 

വീട്ടുകാർ തനിക്ക് നൽകിയ സ്വർണ്ണം ഭർത്താവിന്റെ കൈവശമാണെന്നും അത് തിരിച്ച് വേണമെന്നും ആവശ്യപ്പെട്ട കൊല്ലം സ്വദേശി നൽകിയ പരാതിയിൽ, സ്വർണ്ണം തിരിച്ച് നൽകാൻ സ്ത്രീധന നിരോധന ഓഫീസർ പരാതിക്കാരിയുടെ ഭർത്താവ് വിഷ്ണുവിനോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇതിനെ ചോദ്യം ചെയ്താണ് വിഷ്ണു ഹൈക്കോടതിയെ സമീപിച്ചത്. 

2020 ലാണ് ഇവർ വിവാഹിതരായത്. പിന്നീട് ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാകുകയും ഭാര്യ സ്ത്രീധന കേസുകളുമായി ബന്ധപ്പെട്ട നോഡൽ ഓഫീസർക്ക് പരാതി നൽകുകയുമായിരുന്നു. തനിക്ക് 55 പവന്റെ ആഭരണങ്ങളും ഭർത്താവിന് മാലയും നൽകിയെന്ന് യുവതി പരാതിയിൽ പറയുന്നു. എന്നാൽ ഓഫീസറുടെ ഉത്തരവിൽ ആഭരണങ്ങൾ സ്ത്രീധനമായി ലഭിച്ചതാണോ എന്ന് വ്യക്തമല്ലെന്നാണ് കോടതിയുടെ നിരീക്ഷണം. സ്ത്രീധനം ആണെന്ന് ഉറപ്പില്ലാതെ തിരിച്ച് നൽകാൻ ആവശ്യപ്പെടാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, സ്ത്രീധന നിരോധന ഓഫീസറുടെ ഉത്തരവ് റദ്ദാക്കി. 

Follow Us:
Download App:
  • android
  • ios