അന്വേഷണം തടയാൻ ശ്രമിക്കുന്നത് എന്തിനാണെന്നായിരുന്നു കെഎസ്ഐഡിസിയോട് ഹൈക്കോടതിയുടെ ചോദ്യം.

കൊച്ചി: മാസപ്പടി കേസിൽ കൂടുതൽ അന്വേഷണം ആവശ്യമുണ്ടെന്ന് എസ്എഫ്ഐഒ ഹൈക്കോടതിയിൽ. രേഖകളിൽ വിശദമായ പരിശോധന നടത്തേണ്ടതുണ്ട്. അന്വേഷണത്തെ എതിർത്ത കെഎസ്ഐഡിസി നിലപാടിനെ കോടതി വിമർശിച്ചു. എക്സാലോജിക് കരാറിൽ സിഎംആർഎല്ലിനോട് വിശദീകരണം തേടിയതിന്റെ പകർപ്പ് ഹാജരാക്കാൻ കെഎസ്ഐഡിസിയോട് കോടതി ആവശ്യപ്പെടുകയും ചെയ്തു. അന്വേഷണം തടയാൻ ശ്രമിക്കുന്നത് എന്തിനാണെന്നായിരുന്നു കെഎസ്ഐഡിസിയോട് ഹൈക്കോടതിയുടെ ചോദ്യം.

മാസപ്പടി കേസിൽ കെ എസ് ഐ ഡി സിക്കെതിരായ അന്വേഷണം ഒഴിവാക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സി എം ആർ എൽ കമ്പനിയിൽ 13 ശതമാനം ഷെയറുളള പൊതുമേഖലാ സ്ഥാപനമായ കെ എസ് ഐ ഡിസിയുടെ ഇക്കാര്യത്തിലെ പങ്കാളിത്തം രേഖകൾ പരിശോധിച്ചാലേ വ്യക്തമാകൂ എന്ന് സീരിയസ് ഫ്രോഡ‍് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അറിയിച്ചു. കേന്ദ്ര സർക്കാർ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് കെ എസ് ഐ ‍ഡി സി സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

ഇത്തരമൊരു ഘട്ടത്തിൽ സത്യം പുറത്തുവരികയല്ലേ നല്ലതെന്നും എന്തിനാണ് അന്വേഷണത്തിന് തടസം നിൽക്കുന്നതെന്നും കെഎസ്ഐ‍ ഡിസിയോട് കോടതി ആരാഞ്ഞു. കരിമണൽ കമ്പനിയായ സി എം ആർ എല്ലിൽ ഷെയർ ഹോൾഡർ മാത്രമാണ് തങ്ങളെന്നും എക്സാലോജിക് ഉൾപ്പെട്ട സാമ്പത്തിക ഇടപാടിനെപ്പറ്റി അറിഞ്ഞപ്പോൾ തന്നെ സിഎം ആർ എല്ലിനോട് വിശദീകരണം ചോദിച്ചിരുന്നെന്നും കെ എസ് ഐ‍ി ‍ഡിസി മറുപടി നൽകി. ഈ രേഖകൾ ഹാജരാക്കാൻ കെ എസ് ഐ ‍‍ഡിസി രണ്ടാഴ്ചത്തെ സമയം തേടിയതോടെയാണ് ഹർജി പരിഗണിക്കുന്നത് ഈ മാസം ഇരുപത്തിയാറിലേക്ക് മാറ്റിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്