Asianet News MalayalamAsianet News Malayalam

Bottled Water : കുപ്പിവെള്ളത്തിന്‍റെ വില 13 ആക്കിയ ഉത്തരവിന് സ്റ്റേ; കേന്ദ്രത്തിന്‍റെ നിലപാട് തേടി ഹൈക്കോടതി

കുപ്പി വെള്ളത്തിന്‍റെ വിലനിര്‍ണയത്തിന് അവലംബിക്കേണ്ട നടപടികള്‍ അറിയിക്കാനും നി‍ർദേശിച്ചിട്ടുണ്ട്. ഉത്തരവോടെ സംസ്ഥാനത്ത് വിൽക്കുന്ന കുപ്പിവെളളത്തിന്‍റെ വില ഉയർത്താൻ ഉൽപ്പാദകര്‍ക്ക് കഴിയും. 

The High Court stays the state government s order of fixing the price of bottled water at Rs 13
Author
Kochi, First Published Dec 15, 2021, 11:43 AM IST

കൊച്ചി: കുപ്പിവെള്ളത്തിന്‍റെ വില (Bottled Water) 13 രൂപയായി നിജപ്പെടുത്തിയ സംസ്ഥാന സര്‍ക്കാർ ഉത്തരവ് ഹൈക്കോടതി (High Court) സ്റ്റേ ചെയ്തു. കുപ്പിവെള്ള ഉല്‍പ്പാദകരുടെ സംഘടനയുടെ ഹര്‍ജിയിലാണ് സിംഗിൾ ബെഞ്ചിന്‍റെ  ഇടക്കാല ഉത്തരവ്. ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് വിലനിര്‍ണയം നടത്തേണ്ടത് കേന്ദ്രസര്‍ക്കാരെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം. ഇതനുസരിച്ച് വിലനിര്‍ണയം നടത്താൻ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലന്നും നിലപാടെടുത്തു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി സംസ്ഥാന സർക്കാർ ഉത്തരവ് സ്റ്റേ ചെയ്തു. ഇക്കാര്യത്തിൽ മറുപടി നൽകാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുപ്പി വെള്ളത്തിന്‍റെ വിലനിര്‍ണയത്തിന് അവലംബിക്കേണ്ട നടപടികള്‍ അറിയിക്കാനും നി‍ർദേശിച്ചിട്ടുണ്ട്. ഉത്തരവോടെ സംസ്ഥാനത്ത് വിൽക്കുന്ന കുപ്പിവെളളത്തിന്‍റെ വില ഉയർത്താൻ ഉൽപ്പാദകർക്ക് കഴിയും. 

വിവിധ കോണുകളിൽ നിന്ന് ഉയർന്ന എതിർപ്പ് മറികടന്നാണ് കുപ്പിവെള്ളത്തിന്‍റെ വില ലിറ്ററിന് 13 രൂപയാക്കി സംസ്ഥാന സർക്കാർ കഴിഞ്ഞവര്‍ഷം നിശ്ചയിച്ചത്. 2018 ൽ തന്നെ കുപ്പിവെള്ളത്തിന്‍റെ വില നിയന്ത്രിക്കാനുള്ള തീരുമാനം സർക്കാർ എടുത്തിരുന്നു. ചില കമ്പനികൾ ഇതിനെ അനുകൂലിച്ചപ്പോൾ നിർമ്മാണ ചെലവ് ചൂണ്ടിക്കാട്ടി വൻകിട കമ്പനികൾ എതിർത്തിരുന്നു. 15 രൂപയ്ക്ക് വിൽക്കാനാകണം എന്നായിരുന്നു വൻകിട കമ്പനികളുടെ ആവശ്യം. ചർച്ചകൾ ഫലിക്കാതെ നിയമയുദ്ധത്തിലേക്ക് കടന്നതോടെ കുപ്പിവെള്ളത്തെ അവശ്യസാധന വില നിയന്ത്രണ നിയമത്തിന്‍റെ പരിധിയിൽ ഉൾപ്പെടുത്തുകയായിരുന്നു.

Follow Us:
Download App:
  • android
  • ios