തനിക്ക് എതിരെയുള്ള എഫ് ഐ ആർ റദ്ദാക്കണമെന്ന സൈബി ജോസിന്റെ ഹർജി മൂന്നാഴ്ചക്ക് ശേഷം പരിഗണിക്കാൻ മാറ്റി


കൊച്ചി: ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങി എന്ന കേസിൽ അഡ്വ.സൈബി ജോസിനെതിരായ അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവച്ച കവറിൽ ഹാജരാക്കാൻ ഹൈകോടതി നിർദേശം. അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വേണം എന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

തനിക്ക് എതിരെയുള്ള എഫ് ഐ ആർ റദ്ദാക്കണമെന്ന സൈബി ജോസിന്റെ ഹർജി തീർപ്പാക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.എന്നാൽ ഹർജി തീർപ്പാക്കരുത് എന്ന് സൈബി ജോസിന്റെ അഭിഭാഷകന്‍റെ ആവശ്യം കോടതി അംഗീകരിച്ചു. ഹർജി മൂന്നാഴ്ചക്ക് ശേഷം പരിഗണിക്കാൻ മാറ്റി

ജഡ്ജിമാർക്ക് കൈക്കൂലി നൽകിയെന്ന കേസിൽ അഡ്വ.സൈബി ജോസിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. രണ്ടു തവണയായാണ് മൊഴിയെടുത്തത്. തനിക്കെതിരായ ഗൂഢാലോചനയെന്നാവർത്തിച്ച് ആണ് സൈബി മറുപടി നൽകിയത്. ഹൈക്കോടതി ജഡ്ജിമാർക്ക് കൈക്കൂലി നൽകിയെന്ന കേസിൽ കേരളാ ബാ‍ർ കൗൺസിലിന്‍റെ നോട്ടീസിന് അഡ്വ സൈബി ജോസ് നേരത്തെ മറുപടി നൽകിയിരുന്നു. 

തനിക്കെതിരായ ഗൂഢാലോചനയുടെ തുടർച്ചയാണ് ആരോപണങ്ങളെന്ന സൈബിയുടെ വാദം പൊലീസും പരിശോധിക്കുന്നുണ്ട്. ജഡ്ജിമാരുടെ പേരിൽ താൻ കോഴ വാങ്ങിയിട്ടില്ല. ക്രൈംബ്രാഞ്ച് അന്വേഷണം റിപ്പോ‍ർട്ട് വരുംവരെ തനിക്കെതിരെ നടപടി പാടില്ലെന്നും മറുപടിയിലുണ്ട്. അഡ്വ സൈബി ജോസിന്‍റെ മറുപടി ജനറൽ ബോഡി യോഗത്തിൽ അവതിരിപ്പിക്കാനാണ് ബാർ കൗൺസിലിന്‍റെ ആലോചന 

ജഡ്ജിമാരുടെ പേരിൽ കൈക്കൂലി : സൈബി ജോസിന്റെ ഓഫിസിൽ ക്രൈം ബ്രാഞ്ച് പരിശോധന , ലാപ്ടോപ് അടക്കം പിടിച്ചെടുത്തു