തിരുവനന്തപുരം: അട്ടപ്പാടിയിലെ മാവോയിസ്റ്റുകളുടെ മരണത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് വി എം സുധീരൻ. സംസ്ഥാനത്തിലെ നിയമസംവിധാനം തകർന്നുവെന്നും മാവോയിസ്റ്റുകളുടെ അതേ ശൈലി തന്നെയാണ് കേരള സർക്കാരിന്റേതും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന പൊലീസിൽ വിശ്വാസമില്ലാത്തതിനാൽ വാളയാർ കേസിൽ പുനരന്വേഷണം നടത്തണമെന്നും സുധീരൻ ആവശ്യപ്പെട്ടു.

അട്ടപ്പാടിയിലെ മാവോയിസ്റ്റുകളുടെ മരണത്തിലും വാളയാർ കേസിലും ഭരണപക്ഷ പാർട്ടികളിൽ നിന്ന് പോലും സർക്കാർ പ്രതിഷേധം നേരിടുന്നതിനിടെയാണ് കോൺഗ്രസിലെ മുതിർന്ന നേതാവും വിമർശനങ്ങൾ ഉന്നയിക്കുന്നത്. മാവോയിസ്റ്റുകൾ മരിച്ചത് വ്യാജ ഏറ്റുമുട്ടലിൽ ആണെന്നാണ് ഉയരുന്ന ആരോപണം.

എന്നാൽ മുഖ്യമന്ത്രി ഇന്നലെ നിയമസഭയിൽ ഈ ആരോപണങ്ങൾ നിഷേധിച്ചിരുന്നു. എന്നാൽ വ്യാജ ഏറ്റുമുട്ടലല്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് തെറ്റെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുറന്നടിച്ചു.വാളയാർ കേസിൽ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് പെൺകുട്ടികളുടെ മാതാപിതാക്കൾ മുഖ്യമന്ത്രിയെ കാണാനിരിക്കുകയാണ്.