കൊച്ചി: കേരളാ പൊലീസിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ നിലവിലുണ്ടായിരുന്ന മൊബൈല്‍ ആപ്പുകള്‍ സംയോജിപ്പിച്ചുകൊണ്ട് പുതിയ ആപ്ലിക്കേഷന്‍ പുറത്തിറങ്ങുന്നു. പുതിയ മൊബൈല്‍ ആപ്പിന് പേര് നിര്‍ദ്ദേശിക്കാന്‍ പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ അഭ്യര്‍ത്ഥനക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. നിര്‍ദ്ദേശിക്കപ്പെട്ട പേരുകളില്‍ ഏറെപ്പേര്‍ക്ക് ഇഷ്ടപ്പെട്ടതും സമൂഹമാധ്യമങ്ങളില്‍ ഏറെ സ്വീകാര്യതലഭിച്ചതുമായ 'POL-APP' എന്ന പേരാണ് ആപ്പിന് നല്‍കുക.

തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ശ്രീകാന്താണ് പേര് നിര്‍ദേശിച്ചത്. വിജയിക്ക് സംസ്ഥാന പൊലീസ് മേധാവി ഉപഹാരം നല്‍കുന്നതായിരിക്കും. ജൂണ്‍ 10ന് ഓണ്‍ലൈന്‍ റിലീസിങിലൂടെ ആപ് ഉദ്ഘാടനം ചെയ്യും. പൊതുജനസേവന വിവരങ്ങള്‍, സുരക്ഷാമാര്‍ഗ നിര്‍ദ്ദേശങ്ങള്‍, അറിയിപ്പുകള്‍, കുറ്റകൃത്യ റിപ്പോര്‍ട്ടിംഗ്, എഫ്‌ഐആര്‍ ഡോണ്‍ലോഡ്, പൊലീസ് സ്റ്റേഷനിലേക്കുള്ള നാവിഗേഷന്‍, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷാനിര്‍ദ്ദേശങ്ങള്‍, ജനമൈത്രി സേവനങ്ങള്‍, സൈബര്‍ ബോധവല്‍ക്കരണം ട്രാഫിക് നിയമങ്ങള്‍, ബോധവല്‍ക്കരണ ഗെയിമുകള്‍, പൊലീസ് ഓഫീസുകളുടെയും ഉദ്യോഗസ്ഥരുടെയും ഫോണ്‍നമ്ബറുകളും ഇ മെയില്‍ വിലാസങ്ങള്‍, ഹെല്‍പ്പ്ലൈന്‍ നമ്ബറുകള്‍, വെബ്സൈറ്റ് ലിങ്കുകള്‍, സോഷ്യല്‍ മീഡിയ ഫീഡുകള്‍ തുടങ്ങി 27 സേവനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് സമഗ്രമായ മൊബൈല്‍ ആപ് തയ്യാറാക്കിയിരിക്കുന്നത്.

Read Also:ആപ്പിന് പേരിടാമോ എന്ന് കേരള പൊലീസ്, ഒടുവില്‍ 'പൊല്ലാപ്പാ'ക്കി വിരുതന്‍; മറുപടിയുമായി പൊലീസ്