ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി നിഖില്‍ സുനിലാണ് ബസില്‍ നിന്ന് വീണത്. താന്‍ വീണത് അറിഞ്ഞിട്ടും ഡ്രൈവര്‍ ബസ് നിര്‍ത്താന്‍ തയ്യാറായില്ലെന്ന് നിഖില്‍ പറഞ്ഞു.

കൊല്ലം: എഴുകോണിൽ കെ എസ് ആര്‍ ടി സി ബസിൽ നിന്നും ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി തെറിച്ച് വീണിട്ടും ബസ് നിര്‍ത്താതെ പോയതായി പരാതി. കുണ്ടറ സ്വദേശിയായ നിഖിൽ സുനിലാണ് ബസിൽ നിന്നും തെറിച്ച് വീണത്. സാരമായി പരിക്കേറ്റ വിദ്യാര്‍ഥി കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ചൊവ്വാഴ്ച്ച വൈകിട്ടാണ് നടുക്കുന്ന അപകടമുണ്ടായത്. എഴുകോണ്‍ ടെക്നിക്കൽ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് അപകടത്തില്‍പ്പെട്ട നിഖിൽ സുനിൽ. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്. കൊട്ടാരക്കരയിൽ നിന്നും കരുനാഗപ്പള്ളിയിലേക്കുള്ള ബസിലായിരുന്നു നിഖിലും സുഹൃത്തുക്കളും യാത്ര ചെയ്തത്. ചീരങ്കാവ് പെട്രോൾ പമ്പിന് സമീപമെത്തിയപ്പോഴാണ് നിഖിൽ ബസിൽ നിന്നും തെറിച്ച് വീണത്. അപകടമുണ്ടായിട്ടും ഡ്രൈവര്‍ ബസ് നിര്‍ത്താൻ തയ്യാറായില്ല. നിഖില് ബസില്‍ നിന്ന് വീണത് കണ്ട കൂട്ടുകാർ കരഞ്ഞ് ബഹളം വച്ചതോടെ അരക്കിലോ മീറ്റർ അകലെ ബസ് നിര്‍ത്തി ഇവരെ ഇറക്കിവിട്ടു.

പരിക്കേറ്റ് റോഡിൽ കിടന്ന നിഖിലിനെ ആശുപത്രിയിലെത്തിച്ചത് ബസിന് പിന്നാലെ വന്ന ബൈക്ക് യാത്രക്കാരനാണ്. മുഖത്തും കൈക്കും കാലിനും പരിക്കേറ്റ ഒമ്പതാം ക്ലാസുകാരൻ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. നിഖിലിന്‍റെ മാതാപിതാക്കൾ കൊല്ലം ഡിപ്പോയിൽ പരാതി നൽകി. കൊട്ടാരക്കര ഡിപ്പോയിലെ ബസിൽ നിന്നാണ് നിഖിൽ തെറിച്ച് വീണത്. സംഭവത്തിൽ കെ എസ് ആര്‍ ടി സി ജീവനക്കാർക്ക് വീഴ്ച്ചയില്ലെന്നാണ് കൊട്ടാരക്കര ഡിപ്പോ ജനറൽ കണ്‍ട്രോളിംഗ് ഇൻസ്പെക്ടർ രാജുവിന്‍റെ വിശദീകരണം. 
സംഭവം ഉണ്ടായ ഉടൻ ജീവനക്കാർ അപകട വിവരം എഴുകോണ്‍ പൊലീസ് സ്റ്റേഷനിൽ അറിയിച്ചിരുന്നുവെന്നും കണ്‍ട്രോളിംഗ് ഇൻസ്പെക്ടര്‍ പറഞ്ഞു.