Asianet News MalayalamAsianet News Malayalam

മറക്കാനാകുമോ മലയാളിക്ക് ബാലുവിനെ? എല്ലാം തകര്‍ത്തത് ആ യാത്ര

2018 ഒക്ടോബര്‍ രണ്ടിന് ശേഷം ബാലുവിന്‍റെ അമ്മ ചിരിച്ചിട്ടില്ല, സമാധനമായി ഒന്ന് ഉറങ്ങിയിട്ടില്ല. മകന്റെയും കൊച്ചുമകളുടെയും അപ്രതീക്ഷിത വിയോഗം തളർത്തിയ മനസ്സുമായി ഇവർ ഒരു ഉത്തരത്തിനായി കാത്തിരിക്കുകയാണ്

the night which shattered the dreams of balabhaskar
Author
Trivandrum, First Published Nov 17, 2019, 8:36 AM IST

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെയും മകൾ തേജസ്വിനിയുടെയും മരണം തകർത്തത് ഒരു കുടുംബത്തിന്‍റെയാകെ താളമാണ്. അപകടം കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോഴും ഉറ്റബന്ധുക്കൾക്ക് ഇവരുടെ വിയോഗവുമായി പൊരുത്തപ്പെടാനായിട്ടില്ല. അമിതവേഗവും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടകാരണമെന്ന ക്രൈംബ്രാഞ്ച് നിഗമനം കുടുംബം പൂർണ്ണമായും തളളുകയാണ്. 2018 ഒക്ടോബര്‍ രണ്ടിന് ശേഷം ബാലുവിന്‍റെ അമ്മ ചിരിച്ചിട്ടില്ല, സമാധനമായി ഒന്ന് ഉറങ്ങിയിട്ടില്ല.

മകന്റെയും കൊച്ചുമകളുടെയും അപ്രതീക്ഷിത വിയോഗം തളർത്തിയ മനസ്സുമായി ഇവർ ഒരു ഉത്തരത്തിനായി കാത്തിരിക്കുകയാണ്. 2018 സെപ്തംബർ 25 പുലർച്ചെ നാല് മണിക്കാണ് ആ ദുരന്തം സംഭവിച്ചത്. ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ ദേശീയപാതയിൽ പള്ളിപ്പുറത്ത് വച്ച് മരണത്തിലേക്ക് ഇടിച്ചുകയറി. മകൾ തേജസ്വനി തത്ക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കർ മരണത്തോട് മല്ലിട്ട് ഏഴ് ദിവസങ്ങൾക്ക് ശേഷം വിടവാങ്ങി.

അപകടം നടക്കുമ്പോൾ വാഹനത്തിന്‍റെ വേഗം 110 കിലോമീറ്ററിന് മുകളിലായിരുന്നു. അമിതവേഗതയും റോഡിന്റെ ചെരിവും ഡ്രൈവർ ഉറങ്ങിപ്പോയതുമാണ് അപകടകാരണമെന്ന് ക്രൈംബ്രാഞ്ച് വിലയിരുത്തുന്നു. തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഭാര്യ ലക്ഷ്മി അപകടത്തിന്റെ ആഘാതത്തിൽ നിന്ന് പൂർണമായും മോചിതയായിട്ടില്ല.

കാൽനൂറ്റാണ്ടോളം സംഗീതലോകത്ത് സജീവമായിരുന്ന, ഗ്രാമി അവാർഡ് വരെ സ്വപ്നം കണ്ട പ്രതിഭയുടെ ജീവന്‍ അവിടെ പൊലിഞ്ഞു. സർക്കാർ സിബിഐ അന്വേഷണം പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് ബാലഭാസ്കറിന്റെ മാതാപിതാക്കൾ. അപകടമോ, അപകടത്തിൽപ്പെടുത്തിയതോ, വിശ്വസനീയമായ ഒരു ഉത്തരം മാത്രമാണ് ഇവർക്ക് വേണ്ടത്. 

Follow Us:
Download App:
  • android
  • ios