വിവാദ വിഷയങ്ങൾ ഒരുപാടുണ്ടായിട്ടും എൽഡിഎഫ് യോഗം ചേരാത്തതിൽ പ്രതിപക്ഷത്ത് ആശയക്കുഴപ്പം. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിലെ സിപിഎം-സിപിഐ തർക്കമാണ് കാരണം.
തിരുവനന്തപുരം: സർക്കാർ ഉൾപ്പെടുന്ന വിവാദ വിഷയങ്ങൾ ഒരുപാടുണ്ടായിട്ടും എൽഡിഎഫ് യോഗം ചേരാത്തതിൽ പ്രതിപക്ഷത്ത് ആശയക്കുഴപ്പം. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിലെ സിപിഎം-സിപിഐ തർക്കമാണ് കാരണം. പദവി അടഞ്ഞ അധ്യായമാണെന്ന് പിണറായി വിജയൻ വ്യക്കമാക്കിയപ്പോൾ വിട്ടുവീഴ്ചക്കില്ലെന്ന് കെ രാജൻ പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിൽ ദയനീയമായി തോൽക്കുകയും പ്രതിപക്ഷ നിര 35ലേക്ക് ചുരുങ്ങുകയും ചെയ്ത അതേ അവസരത്തിൽ തന്നെയാണ് പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന ആവശ്യം സിപിഐ ശക്തമാക്കിയത്. പാർട്ടി മുന്നണി വേദികളിൽ പറയാതെ പരസ്യ പ്രതികരണം നടത്തിയ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ നിലപാടിനോട് സിപിഎം നേതൃത്വത്തിന് പ്രകടമായ നീരസവും ഉണ്ടായിരുന്നു. അപക്വ പ്രതികരണത്തിൽ വിമർശനത്തോടൊപ്പം നിലപാടിൽ വിട്ടുവീഴ്ച പാടില്ലെന്ന കർശന നിർദേശവും ഇക്കാര്യത്തിൽ സിപിഐ സംസ്ഥാന നേതൃത്വം ബിനോയ് വിശ്വത്തിന് നൽകിയിട്ടുണ്ട്. ഉഭയകക്ഷി ചർച്ചയിലും സിപിഎം നിലപാടിൽ ഉറച്ച് നിന്നു. ഇതിന് പിന്നാലെയാണ് അവകാശവാദത്തിന് പഴുതടയ്ക്കുന്ന പിണറായി വിജയന്‍റെ മറുപടി. തെരഞ്ഞെടുപ്പിന് ശേഷം ഒരൊറ്റ തവണയാണ് ഇടതുമുന്നണി ചേർന്നത്. നിയമസഭാ കക്ഷിയോഗം പോലും ചേരാനാകാത്ത സ്ഥിതിയും ഉണ്ട് കൺവീനറുടെ അസൗകര്യമെന്നാണ് പിണറായി വിജയന്‍റെ വിശദീകരണം.
