1934ലെ മലങ്കരസഭാ ഭരണഘടന അനുസരിച്ച് 2017ൽ ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായ സുപ്രീംകോടതി വിധിയെ തകിടം മറിക്കുന്നതാണ് ചര്‍ച്ച് ബില്ല്.
തിരുവനന്തപുരം: സഭാ തര്‍ക്കം പരിഹരിക്കാൻ സര്‍ക്കാര്‍ കൊണ്ടുവരുന്ന ചര്‍ച്ച് ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കി ഓര്‍ത്തഡോക്സ് സഭ. ആരാധനാ സ്വാതന്ത്ര്യമെന്ന പേരിൽ സുപ്രീംകോടതി വിധി മറികടക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് പ്രമേയം കുറ്റപ്പെടുത്തുന്നു. ബില്ലിനെതിരെ തിരുവനന്തപുരം സെന്‍റ് ജോര്‍ജ്ജ് പള്ളിയിൽ ഓര്‍ത്തഡോക്സ് സഭ പ്രതിഷേധ ഉപവാസ പ്രാര്‍ത്ഥനാ യജ്ഞവും നടത്തി
1934ലെ മലങ്കരസഭാ ഭരണഘടന അനുസരിച്ച് 2017ൽ ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായ സുപ്രീംകോടതി വിധിയെ തകിടം മറിക്കുന്നതാണ് ചര്‍ച്ച് ബില്ല്. കോടതിവിധി അസാധുവാക്കാനുള്ള ശ്രമം അംഗീകരിക്കില്ല. ഓര്‍ത്തഡോക്സ് സഭയുടെ അവകാശങ്ങളെ ഹനിക്കുന്ന ബില്ല് ഏകപക്ഷീയമെന്നും വിമര്‍ശനം. ബില്ലിനെതിരായ പ്രതിഷേധ പ്രമേയം ഓര്‍ത്തഡോക്സ് സഭ സര്‍ക്കാരിന് അയക്കും.
പള്ളികളിൽ ഇന്നലെ പ്രതിഷേധദിനം ആചരിച്ചതിന് പിന്നാലെയാണ് പ്രമേയം പാസാക്കലും ഉപവാസ പ്രാര്‍ത്ഥനാ യജ്ഞവും. ബില്ലിലെ ഉള്ളടക്കത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാത്തതിലും വിമര്‍ശനമുണ്ട് ഓര്‍ത്തഡോക്സ് സഭയ്ക്ക്. വരും ദിവസങ്ങളിലും പ്രതിഷേധ പരിപാടികൾ തുടരാനാണ് ഓര്‍ത്തഡോക്സ് സഭയുടെ തീരുമാനം. എന്നാൽ സഭാ തര്‍ക്കം പരിഹരിക്കാൻ നിയമനിര്‍മ്മാണം കൊണ്ടുവരാനുള്ള സര്‍ക്കാര്‍ ശ്രമം പ്രത്യാശ നൽകുന്നതാണെന്നായിരുന്നു യാക്കോബായ സഭയുടെ പ്രതികരണം. സര്‍ക്കാരിന് നന്ദിപ്രമേയവും യാക്കോബായ സഭ പാസാക്കിയിരുന്നു.

