പാലിയേക്കര ടോള്‍പ്ലാസയില്‍ തദ്ദേശീയര്‍ക്ക് അനുവദിച്ച സൗജന്യ യാത്രാ പാസില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ഉപരോധം. 

തൃശ്ശൂര്‍: പാലിയേക്കര ടോള്‍പ്ലാസയില്‍ (Paliyekkara Toll Plaza) പുതുക്കാട് എംഎല്‍എ കെ കെ രാമചന്ദ്രന്‍റെ നേതൃത്വത്തില്‍ ഓഫീസ് ഉപരോധം. പാലിയേക്കര ടോള്‍പ്ലാസയില്‍ തദ്ദേശീയര്‍ക്ക് അനുവദിച്ച സൗജന്യ യാത്രാ പാസില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ഉപരോധം. ടോള്‍പ്ലാസയുടെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന ആറ് പഞ്ചായത്തിലെ തദ്ദേശവാസികള്‍ക്ക് സൗജന്യ പാസ് അനുവദിച്ചിരുന്നു.

ആറുമാസം കൂടുമ്പോള്‍ പാസ് പുതുക്കുകയും വേണം. എന്നാല്‍ ടോള്‍ പ്ലാസയില്‍ നിന്നുള്ള പുതിയ നിര്‍ദ്ദേശമനുസരിച്ച് ഒരു വീട്ടില്‍ ഒരു വാഹനത്തിന് മാത്രമായിരിക്കും സൗജന്യ പാസ് അനുവദിക്കുക. ഇതിനെതിരെ ഉയരുന്ന പ്രതിഷഷേധം കണക്കിലെടുത്താണ് എംഎല്‍എ കെ കെ രാമചന്ദ്രന്‍ പാലിയേക്കര ടോള്‍ പ്ലാസ്യ്ക്ക് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തുന്നത്. കെ കെ രാമചന്ദ്രന്‍ എംഎല്‍എ, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആര്‍ രഞ്ജിത്ത്, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി എസ് ബൈജു, ഇ കെ അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് ഉപരോധ സമരം.