നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷം ചേർന്ന സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ പിണറായി വിജയന്റെ ഏകാധിപത്യ പ്രവണതയാണ് തിരിച്ചടിക്ക് കാരണമെന്ന് രൂക്ഷ വിമർശനമുയർന്നു. സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാളിച്ചകളും കെ.കെ. ശൈലജയെ അവഗണിച്ചതും വിമർശനവിധേയമായി.  

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾക്കെതിരെ അതിരൂക്ഷമായ വിമർശനം. പാർട്ടിയിൽ പിണറായി വിജയൻ മാത്രം എന്ന രീതിയാണ് നിലവിലുള്ളതെന്നും ഈ ഏകാധിപത്യ പ്രവണതയാണ് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായതെന്നും യോഗത്തിൽ നേതാക്കൾ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിൽ പിണറായി വിജയനെ മാത്രം ഉയർത്തിക്കാട്ടിയത് വലിയ പിഴവായി. സിപിഎമ്മിലെയും എൽഡിഎഫിലെയും മറ്റ് ജനകീയ നേതാക്കളെ പൂർണ്ണമായി അവഗണിച്ചു. തോൽവിയുടെ ആഘാതം കൂട്ടിയതിൽ പ്രധാന ഉത്തരവാദിത്വം പിണറായി വിജയനാണ്.

Add Asianetnews as a Preferred SourcegooglePreferred

സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാളിച്ച: പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് സംസ്ഥാനത്തുടനീളം വലിയ ചർച്ചയാവുകയും ദോഷം ചെയ്യുകയും ചെയ്തു. ജനപ്രിയ നേതാവായ കെ.കെ. ശൈലജ ടീച്ചറെ പാർട്ടിയും സർക്കാരും അവഗണിച്ചതിന് വോട്ടർമാർ നൽകിയ ശക്തമായ മറുപടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം. മുതിർന്ന നേതാവ് എ.കെ. ബാലന്റെ സമീപകാല പ്രസ്താവനകൾക്കെതിരെയും യോഗത്തിൽ വലിയ അമർഷമുയർന്നു. എ.കെ. ബാലനും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഒരേ ശബ്ദത്തിലാണ് സംസാരിക്കുന്നത്. ഇരുവരുടെയും പ്രസ്താവനകളിൽ വർഗീയത നിറഞ്ഞതാണെന്നും ഇത് പാർട്ടിയുടെ മതനിരപേക്ഷ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചെന്നും വിമർശനമുയർന്നു.

പാലക്കാട് ജില്ലയിലെ തിരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണം ജില്ലാ സെക്രട്ടറിയുടെ ഏകാധിപത്യപരമായ പ്രവർത്തന ശൈലിയാണെന്ന് നേതാക്കൾ ആരോപിച്ചു. നേതാക്കളെയും സാധാരണക്കാരായ പാർട്ടി പ്രവർത്തകരെയും അംഗീകരിക്കാൻ ജില്ലാ സെക്രട്ടറി തയ്യാറാകുന്നില്ല. പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ല. പാലക്കാട് ജില്ലയിൽ പാർട്ടിക്ക് പുറത്ത് വിമത സംഘടന രൂപീകരിക്കപ്പെടുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തിച്ചത് ജില്ലാ സെക്രട്ടറിയുടെ തന്നിഷ്ടപ്രകാരമുള്ള നിലപാടുകളാണ്.