Asianet News MalayalamAsianet News Malayalam

Actress Attack Case : 'വിസ്താരം നീട്ടിവെക്കണം', സാക്ഷികളെ വിസ്തരിക്കാന്‍ കൂടുതല്‍ സമയം തേടി പ്രോസിക്യൂഷന്‍

തുടരന്വേഷണം പൂർത്തിയാകുന്നതുവരെ വിചാരണ നടപടികൾ നിർത്തി വയ്ക്കുന്നതാണ് നീതിയുക്തമെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അറിയിച്ചു. 

The prosecution has sought more time to cross examine new witnesses in actress attack case
Author
Kochi, First Published Jan 24, 2022, 12:13 PM IST

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ (Actress Attack Case) പുതിയ സാക്ഷികളെ വിസ്തരിക്കുന്നതിന് കൂടുതൽ സമയം തേടി പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ. ഇപ്പോൾ നടക്കുന്ന തുടരന്വേഷണം പൂർത്തിയാകുന്നതുവരെ പുതിയ സാക്ഷികളുടെ വിസ്താരം നീട്ടിവയ്ക്കണം എന്നാണ് ആവശ്യം. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം ഫലപ്രദമായി മുന്നോട്ടുപോകുകയാണ്. തുടരന്വേഷണം പൂർത്തിയാകുന്നതുവരെ വിചാരണ നടപടികൾ നിർത്തി വയ്ക്കുന്നതാണ് നീതിയുക്തമെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അറിയിച്ചു. 

സാക്ഷികളുടെ വിസ്താരം 10 ദിവസത്തിനകം പൂർത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാൽ വിസ്താരം 10 ദിവസത്തിനകം പൂർത്തിയാക്കുന്നത് പ്രായോഗികമല്ല. പുതിയ സാക്ഷികളിൽ രണ്ടുപേർ അയൽസംസ്ഥാനങ്ങളിൽ ആണുള്ളത്. മറ്റൊരാൾ കൊവിഡ് ബാധിച്ച ചികിത്സയിലാണെന്നും പ്രോസിക്യൂഷൻ കോടതിയില്‍ അറിയിച്ചു.

വിചാരണ പൂര്‍ത്തിയാക്കാൻ കൂടുതല്‍ സമയം അനുവദിക്കണമെന്ന സർക്കാര്‍ ആവശ്യത്തിനെതിരെ  ദിലീപ് ഇന്നലെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.  വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഹർജിയില്‍ ദിലീപ് ആവശ്യപ്പെട്ടു. ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളെ വിശ്വാസത്തിലെടുക്കാനാകില്ല. തുടരന്വേഷണം നടത്തുന്നത് വിചാരണ വൈകിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നും ദിലീപ് ആരോപിച്ചു. ബാലചന്ദ്രകുമാര്‍ അന്വേഷണസംഘം വാടക്കെടുത്ത സാക്ഷിയാണെന്നും സത്യവാങ്മൂലത്തില്‍ ദിലീപ് ആരോപിച്ചു.

ഇതൊടൊപ്പം  ജഡ്ജി സ്ഥലംമാറുന്നത് വരെ  വിചാരണയില്‍ കാലതാമസം വരുത്തുകയെന്ന ഗൂഢോദ്ദേശവും സർക്കാരിനുണ്ടെന്ന് മറുപടി സത്യവാങ്മൂലത്തില്‍ ദിലീപ് ചൂണ്ടിക്കാട്ടി. നേരത്തെ ജഡ്ജിയെ മാറ്റണമെന്ന്  സർക്കാര്‍ തന്നെ ആവശ്യപ്പെട്ടത് പരാമർശിച്ചായിരുന്നു  ദിലീപിന്‍റെ ആരോപണം.

Follow Us:
Download App:
  • android
  • ios