വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എൽഡിഎഫും ബിജെപിയും തമ്മിൽ വോട്ടുകൈമാറ്റത്തിനായി രഹസ്യ ധാരണയുണ്ടാക്കിയെന്ന പ്രതിപക്ഷ നേതാവിൻ്റെ  വെളിപ്പെടുത്തൽ രാഷ്ട്രീയ ഗോദയെ പ്രകമ്പനം കൊള്ളിച്ചിരിക്കുകയാണ്. വെറും ആരോപണങ്ങൾക്കപ്പുറം, ഇത് നടപ്പിലാക്കാൻ നിശ്ചയിച്ചിട്ടുള്ള മണ്ഡലങ്ങളുടെ പേരുകൾ സതീശൻ അക്കമിട്ടു നിരത്തിയതോടെ വിവാദം കൊഴുത്തു. 

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ചൂടിൽ കേരളം കത്തുമ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളെ പിടിച്ചുലയ്ക്കുന്നത് ഡീൽ ആരോപണങ്ങളാണ്. ഭരണകക്ഷിയായ സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. പ്രത്യേക ലക്ഷ്യങ്ങളോടെ വോട്ടുകൈമാറ്റം നിശ്ചയിച്ചിട്ടുള്ള അഞ്ച് മണ്ഡലങ്ങളുടെ പേര് സതീശൻ വെളിപ്പെടുത്തിയതിന് പിന്നാലെ, ഏറ്റുമാനൂർ മണ്ഡലത്തിന്‍റെ പേര് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇതിനോടൊപ്പം ചേർത്തു. എന്നാൽ ഈ ആരോപണങ്ങളെ പഴയ ചരിത്രം നിരത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടത്.

പ്രതിപക്ഷത്തിന്റെ 'ഡീൽ' പട്ടികയിലെ മണ്ഡലങ്ങൾ

മഞ്ചേശ്വരം, കാസർകോട്, പാലക്കാട്, റാന്നി, കോന്നി എന്നീ അഞ്ച് മണ്ഡലങ്ങളിലാണ് സിപിഎം-ബിജെപി കൂട്ടുകെട്ട് നിലനിൽക്കുന്നതെന്നാണ് വി.ഡി. സതീശന്റെ വാദം. ഓരോ മണ്ഡലത്തിലും വ്യത്യസ്തമായ രീതിയിലാണ് വോട്ടുകൈമാറ്റം നിശ്ചയിച്ചിരിക്കുന്നതെന്നും കോൺഗ്രസ് ആരോപിക്കുന്നു.

മഞ്ചേശ്വരം

യുഡിഎഫിന്റെ സിറ്റിങ് മണ്ഡലമായ ഇവിടെ ബിജെപി വലിയ വിജയപ്രതീക്ഷയിലാണ്. ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ തന്നെ ഇവിടെ ജനവിധി തേടുന്നു. തദ്ദേശ വോട്ടുകണക്കിൽ യുഡിഎഫിന് വ്യക്തമായ മേൽക്കൈ ഉണ്ടെങ്കിലും യുഡിഎഫ് 67,235, എൽഡിഎഫ് 41,908, എൻഡിഎ 47,071 എന്നി നിലയിലാണ് കണക്കുകൾ. ഇടതുപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപിക്ക് വഴിയൊരുക്കുകയാണ് സിപിഎം ചെയ്യുന്നതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ജില്ലയിൽ നിന്ന് നിർദ്ദേശിച്ച പേര് തള്ളിയാണ് ജയാനന്ദയെ സിപിഎം സ്ഥാനാർത്ഥിയാക്കിയത്. ഈ സ്ഥാനാർത്ഥി നിർണ്ണയത്തിലെ അതൃപ്തി വോട്ടുകൾ ഭിന്നിക്കാൻ കാരണമാകുമെന്നാണ് പ്രതിപക്ഷത്തിന്‍റെ പക്ഷം. എന്നാൽ മുസ്ലിം വോട്ടുകൾ ഭിന്നിച്ച് ബിജെപി ജയിക്കാത്ത വിധമാണ് തങ്ങൾ സ്ഥാനാർത്ഥിയെ നിശ്ചയിച്ചതെന്ന് സിപിഎം വിശദീകരിക്കുന്നു.

കാസർഗോഡ്

ഇവിടെയും സിറ്റിങ് സീറ്റായ യുഡിഎഫിനെ തോൽപ്പിക്കാൻ ഇടതുപക്ഷം ദുർബലനായ സ്ഥാനാർത്ഥിയെ നിർത്തുന്നു എന്നാണ് ആരോപണം. എൽഡിഎഫിൽ ഐഎൻഎലിന് നൽകിയിരുന്ന ഈ സീറ്റിൽ സ്ഥാനാർത്ഥി നിർണ്ണയം വൈകിയത് ബിജെപിയെ സഹായിക്കാനാണെന്ന് കോൺഗ്രസ് പറയുന്നു. എന്നാൽ വോട്ടുനില ഉയർത്താനാണ് പൊതുസ്വതന്ത്രനെ പരീക്ഷിക്കുന്നതെന്നാണ് എൽഡിഎഫ് മറുപടി.

പാലക്കാട്

പാലക്കാട് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി എൻഎംആർ റസാഖ് എത്തിയതാണ് വിവാദങ്ങൾക്ക് കാരണം. യുഡിഎഫിന് ലഭിക്കേണ്ട മുസ്ലിം വോട്ടുകൾ ഭിന്നിപ്പിക്കാനാണ് ഒരു മുസ്ലിം വ്യവസായിയെ സിപിഎം കളത്തിലിറക്കിയതെന്ന് സതീശൻ ആരോപിക്കുന്നു. തദ്ദേശ കണക്കനുസരിച്ച് യുഡിഎഫിന് ആറായിരം വോട്ടിന്‍റെ ഭൂരിപക്ഷമുണ്ടെങ്കിലും സ്വതന്ത്ര പരീക്ഷണത്തിലൂടെ അത് മറികടക്കാമെന്നാണ് എൽഡിഎഫ് കണക്കുകൂട്ടുന്നത്. രാഷ്ട്രീയ പോരാട്ടത്തിനാണെങ്കിൽ ചലച്ചിത്ര താരമായ രമേഷ് പിഷാരടിയെ എന്തിന് യുഡിഎഫ് സ്ഥാനാർത്ഥിയാക്കി എന്നും എല്‍ഡിഎഫ് ചോദിക്കുന്നു.

കോന്നി

കഴിഞ്ഞ തവണ കെ. സുരേന്ദ്രൻ മത്സരിച്ച മണ്ഡലം ഇത്തവണ ബിഡിജെഎസിന് നൽകിയത് ബിജെപി വോട്ടുകൾ ഭിന്നിപ്പിച്ച് ഇടതുപക്ഷത്തെ സഹായിക്കാനാണെന്നാണ് ആരോപണം. തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കിൽ 236 വോട്ടിന്‍റെ ചെറിയ ലീഡുള്ള യുഡിഎഫിനെ ഇവിടെ പരാജയപ്പെടുത്താനാണ് ഈ നീക്കമെന്ന് അവർ കരുതുന്നു. അതേസമയം, ബിജെപി വോട്ടുകൾ യുഡിഎഫിന് പോകുമെന്നാണ് എൽഡിഎഫിന്‍റെ മറു ആരോപണം. എന്നാല്‍, കെ യു ജനീഷ് കുമാര്‍ ജനകീയതയിൽ വിജയിച്ച് കയറുമെന്നും എല്‍ഡിഎഫ് വ്യക്തമാക്കുന്നു.

റാന്നി

ശബരിമല ക്ഷേത്രം ഉൾക്കൊള്ളുന്ന റാന്നിയിൽ ബിജെപിക്ക് പകരം ട്വന്‍റി-20യാണ് മത്സരിക്കുന്നത് ഇടതുപക്ഷത്തെ സഹായിക്കാനാണെന്നാണ് കോൺഗ്രസ് വാദം. ബിജെപി വോട്ടുകൾ ട്വന്‍റി-20യ്ക്ക് വീഴില്ലെന്നും ഇത് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ജയം എളുപ്പമാകുമെന്നാണ് കോൺഗ്രസിന്‍റെ ആരോപണം.

ഏറ്റുമാനൂർ

മന്ത്രി വി എൻ വാസവൻ മത്സരിക്കുന്ന ഏറ്റുമാനൂരിൽ ബിജെപിക്ക് പകരം ട്വന്‍റി-20 വന്നത് ബിജെപി വോട്ടുകൾ സിപിഎമ്മിലേക്ക് എത്തിക്കാനാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. എന്നാൽ യുഡിഎഫിനാണ് ബിജെപിയുടെ വോട്ടുകൾ ലഭിക്കുക എന്നാണ് സിപിഎം ആരോപിക്കുന്നത്.

മുഖ്യമന്ത്രിയുടെ കടുത്ത തിരിച്ചടി

ഈ ആരോപണങ്ങളെയെല്ലാം അക്കമിട്ടു നിരത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചടിച്ചത്. 1971-ൽ എ.കെ.ജി.യെ തോൽപ്പിക്കാൻ ആർഎസ്എസ് കാര്യവാഹിനെ കോൺഗ്രസ് പിന്തുണച്ച ചരിത്രം അദ്ദേഹം ഓർമ്മിപ്പിച്ചു. നേമത്ത് ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സഹായിച്ചത് കോൺഗ്രസാണെന്നും അദ്ദേഹം തിരിച്ചടിച്ചു. പാലക്കാട്ടെ സ്ഥാനാർത്ഥിയെ കുറിച്ചുള്ള ആരോപണത്തിന് മുഖ്യമന്ത്രി നൽകിയ മറുപടി ഇങ്ങനെയായിരുന്നു: 'എന്താണിപ്പോൾ ഡീൽ എന്ന് പറയുന്നതിന്റെ അർത്ഥം? എനിക്ക് അത്രയും ആലോചിച്ചിട്ടും മനസിലാകുന്നില്ല. എൻഎംആർ റസാഖ് എന്ന ഒരു മുസ്ലിം നാമധാരി അവിടെ സ്ഥാനാർത്ഥിയായി വന്നതുകൊണ്ടാണോ ഇതിനെ ഡീൽ എന്ന് വിളിക്കുന്നത്?' മുസ്ലിം വോട്ടുകൾ ലക്ഷ്യം വെച്ചാണ് പ്രതിപക്ഷം ഇത്തരം നുണകൾ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, കെ സി വേണുഗോപാൽ രാജ്യസഭാംഗത്വം രാജി വെച്ച് ലോക്സഭയിലേക്ക് മത്സരിച്ചതും ഒരു ഡീലിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ആർഎസ്എസുമായി പണ്ടേ കൂട്ടുകൂടിയവർ ഇപ്പോൾ മുൻകൂർ ജാമ്യമെടുക്കാനാണ് തങ്ങൾക്കെതിരെ ആക്ഷേപം ഉന്നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.