പത്ത് ദിവസം മുമ്പ് ചന്ദ്രികയ്ക്ക് പനിയും അണുബാധയുമുണ്ടായി. പേവിഷബാധയുടെ ലക്ഷണങ്ങളും പ്രകടിപ്പിച്ചു. ഇതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

കോഴിക്കോട് : പേരാമ്പ്ര കൂത്താളിയിൽ തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ ചന്ദ്രികക്ക് അവസാന ഡോസ് കുത്തിവയ്പ് എടുക്കും മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നുവെന്ന് മകൻ ജിതേഷ്. ആശുപത്രിയിൽ പ്രവേശിപ്പിക്കും മുമ്പ് വരെയുള്ള എല്ലാ കുത്തിവയ്പും എടുത്തതാണ്. ഡോക്ടർമാർ നൽകിയ എല്ലാ നിർദേശവും പാലിച്ചിരുന്നതയും മരിച്ച ചന്ദ്രികയുടെ മകൻ ജിതേഷ് പറഞ്ഞു. 

പേരാമ്പ പുതിയേടത്ത് ചന്ദ്രിക (53) യാണ് ചികിത്സയിലിരിക്കെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ മാസം 21 നാണ് ഇവരുടെ മുഖത്ത് തെരുവ് നായയുടെ കടിയേറ്റത്. അതിന് ശേഷം പേവിഷബാധക്കെതിരെ വാക്സീനുകൾ ഇടവേളകളിൽ എടുക്കുന്നുണ്ടായിരുന്നു. എന്നാൽ ഇതിനിടയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നത്. 

പത്ത് ദിവസം മുമ്പ് ഇവർക്ക് പനിയും അണുബാധയുമുണ്ടായി. പേവിഷബാധയുടെ ലക്ഷണങ്ങളും പ്രകടിപ്പിച്ചു. ഇതോടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചതെന്നാണ് മെഡിക്കൽ കോളേജ് അധികൃതരിൽ നിന്നും ലഭിച്ച വിവരം. ചന്ദ്രികക്ക് ഒപ്പം മറ്റ് നാല് പേരെയും തെരുവ് നായ കടിച്ചിരുന്നുവെങ്കിലും ആർക്കും രോഗലക്ഷണങ്ങളില്ല. ഇവരെ കടിച്ച നായക്ക് പേവിഷബാധയുണ്ടെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ചന്ദ്രികക്ക് പേവിഷ ബാധ ഉണ്ടായോ എന്നതിൽ പരിശോധന ഫലങ്ങൾ വരാനുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് നായയുടെ കടിയേറ്റവരിൽ വാക്സീനെടുത്തിട്ടും മരിക്കുന്ന രണ്ടാമത്തെ സംഭവമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഈ വര്‍ഷം പേ വിഷബാധ മൂലം മരിച്ചത് 18 പേര്‍ ആണ്