ആറ് വർഷം മുമ്പ് വരെ 26000  രൂപയായിരുന്നു സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ ശമ്പളം. ആദ്യം കേന്ദ്രവിഹിതം വെട്ടിക്കുറച്ചോടെ ശമ്പളം 14,000 രൂപയായി.പിന്നെ സംസ്ഥാനവിഹിതമായ 4000രൂപയും നിലച്ചതോടെയാണ് ശമ്പളം 10000 രൂപയായി ചുരുങ്ങിയത്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ ജീവിത സമരം ഒരു മാസം പിന്നിട്ടു. വെട്ടിച്ചുരുക്കിയ ശമ്പളം പൂർണമായും പുനസ്ഥാപിക്കണെന്ന സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ ആവശ്യത്തിൽ മൂന്ന് വട്ടം ചർച്ച നടത്തിയിട്ടും സർക്കാരിന് പരിഹാരം കണ്ടെത്താനായിട്ടില്ല. കൊല്ലത്തെ സാക്ഷരതാ പ്രേരകിന്റെ ആത്മഹത്യ പോലെ മരണത്തിലേക്ക് തള്ളിവിടരുതെന്നാണ് അധ്യാപകരുടെ അഭ്യർത്ഥന.

വെട്ടിച്ചുരുക്കിയ ശമ്പളം പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി തലസ്ഥാനത്ത് സർവശിക്ഷാ അഭിയാൻ കേന്ദ്രത്തിന് മുന്നിൽ, സംസ്ഥാനത്തെ സ്പെഷ്യലിസ്റ്റ് അധ്യാപകർ സമരം തുടങ്ങിയിട്ട് മുപ്പത് ദിവസമായി. മൂന്ന് വട്ടം സർക്കാരുമായി ചർച്ച നടന്നു. മൂന്ന് വട്ടവും ഒത്തുതീർപ്പിലേക്കെത്താതെ ചർച്ച അലസി. ഇനിയെന്ന് ചർച്ചയെന്നോ എന്ത് പരിഹാരമെന്നോ അറിയാതെ തെരുവിൽ തുടരുകയാണ്, ഈ അധ്യാപകർ.

ഏറ്റവും ഒടുവിൽ ചർച്ച നടന്നത് ആറാം തീയതി. സംസ്ഥാന വിഹിതമായി നൽകാമെന്നേറ്റ 2000നൊപ്പം 500 രൂപയും കൂടി നൽകാമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശം. ഇപ്പോ‌ൾ കിട്ടുന്ന പതിനായിരത്തിനൊപ്പം, 2500 കൂടി കൂട്ടി കിട്ടിയിട്ട് എങ്ങനെ ജീവിക്കുമെന്നാണ് സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ ചോദ്യം. നിയമസഭയിലടക്കം ചർച്ചയായ വിഷയത്തിൽ കടുതൽ പണം നൽകാൻ നിവർത്തിയില്ലെന്നാണ് സർക്കാർ പറയുന്നത്.

സംസ്ഥാനത്തെ 1200ഓളം സ്പെഷ്യലിസ്റ്റ് അധ്യാപകരാണ് ശമ്പളം കൂട്ടിക്കിട്ടണമെന്ന ആവശ്യവുമായി സമരം ചെയ്യുന്നത്. ആറ് വർഷം മുമ്പ് വരെ 26000 രൂപയായിരുന്നു സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ ശമ്പളം. ആദ്യം കേന്ദ്രവിഹിതം വെട്ടിക്കുറച്ചോടെ ശമ്പളം 14,000 രൂപയായി.പിന്നെ സംസ്ഥാനവിഹിതമായ 4000രൂപയും നിലച്ചതോടെയാണ് ശമ്പളം 10000 രൂപയായി ചുരുങ്ങിയത്. ശമ്പളം പൂർണമായും പുനസ്ഥാപിക്കും വരെ സമരം തുടരുമെന്ന ഉറച്ച നിലപാടിലാണ് അധ്യാപകർ.

കെഎസ്ആര്‍ടിസി ശമ്പളം ഗഡുക്കളായി നല്‍കും ,ആദ്യഗഡു അഞ്ചാം തീയതിക്ക് മുൻപ്,ബാക്കി സർക്കാര്‍ ധനസഹായത്തിന് ശേഷം