അനഭിമതരായ പത്രപ്രവര്‍ത്തകര്‍ക്കെതിരായ കള്ളക്കേസും പ്രതികാരനടപടികളും കാണുമ്പോള്‍ അപമാനഭാരത്താല്‍ തല കുനിയുന്നുവെന്ന് ദി ട്രിബ്യൂണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് രാജേഷ് രാമചന്ദ്രന്‍
തിരുവനന്തപുരം: കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ അനഭിമതരായ പത്രപ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസും പ്രതികാര നടപടികളും എടുക്കുന്നത് കാണുമ്പോള്‍ അപമാന ഭാരത്താല്‍ തലകുനിയുകയാണെന്ന് 'ദി ട്രിബ്യൂണ്‍'എഡിറ്റര്‍ ഇന്‍ ചീഫ്രാജേഷ് രാമചന്ദ്രന്‍ പറഞ്ഞു. മാധ്യമവേട്ടക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ പ്രത്യേക പരിപാടിയായ 'മിണ്ടാനാണ് തീരുമാന'ത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റൊരിടത്തും കാണാത്ത നടപടികളാണ് കേരളത്തില്‍ കാണുന്നത്. എന്‍ഡിടിവിക്കുവേണ്ടി ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ എല്‍ടിടിഇക്ക് വേണ്ടിയുള്ള പ്രചരണം ആണ് അതെന്ന് എന്ന് മഹിന്ദ രജപക്‌സെ ആരോപിച്ചിരുന്നു. പക്ഷെ കേസെടുത്തില്ല.
'അവസരം കിട്ടിയാല്‍ ചന്ദ്രബാബു നായിഡുവിനെ കൊന്നുകളയും എന്ന് പറഞ്ഞ മാവോയിസറ്റ് നേതാവിനെ റിപ്പോര്‍ട്ട് ചെയ്തപ്പോഴും കേസുണ്ടായില്ല. ആന്ധപ്രദേശ് സര്‍ക്കാരോ, ഛത്തീസ്ഗഡ് സര്‍ക്കാരോ, കേന്ദ്രസര്‍ക്കാരോ കേസെടുത്തില്ല.
കേരളത്തില്‍ ഒരു വിദ്യാര്‍ത്ഥി സംഘടന നേതാവിന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ക്കെതിരെ കേസെടുത്തത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. മലയാളികള്‍ക്ക് അപമാനമാണിത്. സഖാവേ ഭരണം പാര്‍ട്ടിയില്‍ മതി, ഇത് സെന്‍സര്‍ഷിപ്പാണ്. ഇതാണോ ഇടത് പക്ഷ രാഷ്ട്രീയം എന്ന് പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദനോട് ചോദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
'മാധ്യമവേട്ടയ്ക്ക് നേതൃത്വം നൽകുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ്'; അംഗീകരിക്കാനാകില്ലെന്ന് വി ഡി സതീശന്‍
