Asianet News MalayalamAsianet News Malayalam

ഗവർണറെ വെട്ടാൻ ബിൽ, സർവകലാശാല നിയമ ഭേദഗതി ബിൽ നാളെ പാസാക്കും; ഗവർണർ ഒപ്പിടുമോ?, ആശങ്ക

സബ്ജക്ട് കമ്മിറ്റിയിൽ വിയോജിച്ച പ്രതിപക്ഷം സഭയിലും എതിർപ്പ് ആവർത്തിക്കും

The University Act Amendment Bill will be passed tomorrow
Author
First Published Aug 31, 2022, 5:26 AM IST

തിരുവനന്തപുരം: സർവ്വകലാശാലകളിൽ ഗവർണറുടെ അധികാരം വെട്ടികുറക്കുന്ന ബിൽ നാളെ നിയമ സഭ പാസ്സാക്കും. വി സി നിയമനത്തിനുള്ള സെർച് കമ്മിറ്റിയിൽ രണ്ട് സർക്കാർ പ്രതിനിധികളെ കൂടി ചേർത്തു ഗവർണറുടെ നിയമന അധികാരം ഇല്ലാതാക്കുക ആണ് ലക്ഷ്യം.സബ്ജക്ട് കമ്മിറ്റിയിൽ വിയോജിച്ച പ്രതിപക്ഷം സഭയിലും എതിർപ്പ് ആവർത്തിക്കും.ഇന്നലെ പാസ്സാക്കിയ ലോകയുക്ത ബില്ലിലും നാളെ പാസക്കുന്ന സർവ്വകലാശാല നിയമ ഭേദഗതി ബില്ലിലും ഗവർണർ ഒപ്പിടുമോ എന്നതാണ് ഇനിയുള്ള ആകാംക്ഷ

ഇതിനിടെ ഗവർണറെ അനുനയിപ്പിക്കാൻ സർവകലാശാല നിയമ ഭേദഗതി ബില്ലിൽ മാറ്റത്തിന് സർക്കാർ തീരുമാനിച്ചു . വി സി നിയമനത്തിനു ഉള്ള സെർച് കമ്മിറ്റി കൺവീനർ ആയി ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനെ നിയമിക്കാനുള്ള വ്യവസ്ഥ ഒഴിവാക്കി. പകരം ഉന്നത വിദ്യാഭ്യാസ കൗൺസിൽ പ്രതിനിധി മതി എന്നാണ് ധാരണ.

സർവകലാശാലകളുമായി നേരിട്ട് ബന്ധം ഉള്ളവരെ കൺവീനർ ആക്കുന്നത് യു ജി സി മാർഗ നിർദേശത്തിന് വിരുദ്ധം ആകുമെന്നാണ് സർക്കാർ വിലയിരുത്തൽ. കഴിഞ്ഞ ദിവസം ഗവർണർ ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലും ഇക്കാര്യം ചൂണ്ടിക്കട്ടിയിരുന്നു.അതെ സമയം പുതിയ ഭേദഗതി കൊണ്ട് ഗവർണറെ അനുനയിപ്പിക്കാൻ കഴിയുമോ എന്ന് സർക്കാരിന് ഉറപ്പില്ല

മുഖ്യമന്ത്രിയുടെ കടുത്ത സമ്മ‍ർദ്ദത്തിൽ അന്ന് തെറ്റായ തീരുമാനത്തിൽ ഒപ്പുവച്ചു; ഗവ‍ര്‍ണറുടെ വെളിപ്പെടുത്തൽ

കണ്ണൂർ വൈസ് ചാൻസിലര്‍ക്ക് പുനർനിയമനം നൽകുന്നതിന് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നുണ്ടായത് കടുത്ത സമ്മ‍ർദമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.  വിസിക്ക് പുനർനിയമന നിയമനം നൽകിയ തീരുമാനം തെറ്റായിപ്പോയെന്നും ഗവർണ‍ര്‍ തുറന്നടിച്ചു. ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകിയതിൽ മുഖ്യമന്ത്രി നടത്തിയ ഇടപെടലിൻറെ കൂടുതൽ വിശദാംശങ്ങളാണ് ഗവർണർ ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ വിശദീകരിച്ചത്. 

മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടത് പ്രകാരം വിസി നിയമനത്തിൽ ഗോപിനാഥ് രവീന്ദ്രന് വെയിറ്റേജ് നൽകാമെന്ന് പറഞ്ഞു. പക്ഷെ പാനലിൽ ഗോപിനാഥ് രവീന്ദ്രൻറെ പേരില്ലായിരുന്നു, പിന്നീട് കമ്മിറ്റി തന്നെ റദ്ദാക്കാനാവശ്യപ്പെട്ടുവെന്നാണ് ഗവര്‍ണര്‍ തുറന്ന് പറയുന്നത്. അന്നത്തെ നടപടി തെറ്റായിപ്പോയെന്ന് സമ്മതിക്കുന്ന ഗവർണർ കണ്ണൂർ വിസി മുഖ്യമന്ത്രിയുടെ നോമിനിയാണെന്ന് ആവർത്തിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഇടപടൽ ആരംഭിച്ചത് മുതലാണ് ചാൻസ്ലർ സ്ഥാനം വിടാൻ താൻ ഒരുങ്ങിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.

കേരള വിസി നിയമനത്തിനുള്ള സർച്ച് കമ്മിറ്റിയിലേക്ക് ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻറെ പേര് സർവകലാശാലാ നോമിനിയാക്കണമെന്ന് രാജ്ഭവനിലെത്ത് ധനമന്ത്രി നിർദ്ദേശിച്ചതിന് മിനുട്സ് ഉണ്ടെന്നാണ് ഗവര്‍ണറുടെ വെളിപ്പെടുത്തൽ. പക്ഷെ പിന്നീട് സർവ്വകലാശാല തന്നെ കമ്മിറ്റി പിരിച്ചുവിടാൻ പ്രമേയം പാസാക്കിയതിൽ വൈരുധ്യമുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ തുറന്നടിക്കുന്നു.

'സർവകലാശാല നിയഭേദഗതി ബിൽ യുജിസി നിർദേശങ്ങൾക്ക് വിരുദ്ധമാണ്. പ്രിയാ വർഗ്ഗീസിൻറെ നിയമനം ചട്ടവിരുദ്ധമാണ്. അഭിമുഖത്തിന് വിളിക്കാൻ പോലും കണ്ണൂര്‍ സര്‍വകലാശാലയിൽ നിയമനം നേടിയ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയാ വർഗ്ഗീസിന് യോഗ്യതയില്ലെന്നും ഗവര്‍ണര്‍ ആവര്‍ത്തിക്കുന്നു. കണ്ണൂർ വിസിക്കെതിരെ കടുപ്പിക്കുമ്പോഴും സർവ്വകലാശാലകളിലെ ബന്ധുനിയമനത്തെ കുറിച്ച് അന്വേഷിക്കാൻ കമ്മിറ്റിയെ വെക്കുന്നതിൽ തീരുമാനമെടുത്തില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിട്ടുണ്ട്. 
 

Follow Us:
Download App:
  • android
  • ios