മുല്ലപ്പെരിയാറിൽ നിന്നും ജലം തുറന്നു വിടുന്നുണ്ടെങ്കിലും അത് സംഭരിക്കാനുള്ള ശേഷി ഡാമിനുണ്ട്. ഇതോടെയാണ് ഇനി അധികജലം തുറന്നു വിടേണ്ടതില്ലെന്ന് നിഗമനത്തിൽ എത്തിയത്. 

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞുതുടങ്ങി.139.15 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതാണ് ജലനിരപ്പ് കുറയാൻ കാരണം. പെരിയാർ തീരത്തെ 45 കുടുംബങ്ങളിൽ ഉള്ളവർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിലാണ്. അതേസമയം ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണ്. നിലവിലെ 2387.38 അടിയാണ് ജലനിരപ്പ്. ഇടുക്കി ഡാമിൽ നിന്നും കൂടുതൽ ജലം ഇന്ന് തുറന്ന് വിട്ടേക്കില്ല. ഡാമിന്‍റെ വൃഷ്ടി പ്രദേശങ്ങളിൽ നിന്നുള്ള നീരൊഴുക്ക് കുറഞ്ഞു. മുല്ലപ്പെരിയാറിൽ നിന്നും ജലം തുറന്നു വിടുന്നുണ്ടെങ്കിലും അത് സംഭരിക്കാനുള്ള ശേഷി ഡാമിനുണ്ട്. ഇതോടെയാണ് ഇനി അധികജലം തുറന്നു വിടേണ്ടതില്ലെന്ന് നിഗമനത്തിൽ എത്തിയത്. ഇപ്പോൾ പുറത്തേക്കൊഴുക്കി വിടുന്നത് സെക്കൻഡിൽ 350000 ലിറ്ററാണ്. 

ക്വാറികള്‍, ഉരുള്‍പൊട്ടല്‍ ഭീഷണി; ഭരണങ്ങാനത്ത് ദുരിതാശ്വാസ ക്യാമ്പ് ഒഴിയാതെ 18 കുടുംബങ്ങള്‍, പ്രതിഷേധം

കോട്ടയം: പാറ ക്വാറികളുടെ പ്രവര്‍ത്തനം ദുസഹമായതോടെ ജീവന് സുരക്ഷിതത്വം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കോട്ടയം ഭരണങ്ങാനത്ത് ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് ഒഴിയാതെ നാട്ടുകാരുടെ പ്രതിഷേധം. ഭരണങ്ങാനം നാടുകാണിയിലെ ക്വാറികളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയോ ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന വീട്ടുകാരുടെ പുനരധിവാസം ഉറപ്പാക്കുകയോ ചെയ്യണമെന്നാണ് ദുരന്ത സാധ്യത മേഖലയില്‍ കഴിയുന്ന 18 കുടുംബങ്ങളുടെ ആവശ്യം. തുടര്‍ച്ചയായി കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാതെ വന്നതോടെയാണ് ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്കൂളില്‍ നിന്ന് ഒഴിഞ്ഞു കൊടുക്കേണ്ടെന്ന് നാട്ടുകാര്‍ തീരുമാനിച്ചിരിക്കുന്നത്.

ഏത് നിമിഷവും നിലം പതിക്കുമെന്ന് തോന്നിക്കുന്ന പാറക്കൂട്ടങ്ങള്‍ക്കു താഴെ അവിടവിടയായി വിളളല്‍ വീണു കിടക്കുന്ന 18 വീടുകളാണുള്ളത്. ഈ മനുഷ്യരുടെയെല്ലാം മുന്‍ഗാമികളും താമസിച്ചത് ഇവിടെ തന്നെയായിരുന്നു. ഏതാണ്ട് നൂറു വര്‍ഷമായി ആളുകള്‍ താമസിക്കുന്ന ഈ സ്ഥലത്ത് ജനജീവിതം ഉരുള്‍പൊട്ടല്‍ ഭീഷണിയിലായത് മൂന്നു വര്‍ഷം മുമ്പാണ്. ഈ ജനവാസ മേഖലയുടെ മറുവശത്ത് പാറ ക്വാറികള്‍ പ്രവര്‍ത്തനം തുടങ്ങിയതോടെയാണ് ജീവിതം ദുസ്സഹമായത്. 

ഇക്കഴിഞ്ഞ മെയ് മാസത്തില്‍ പെയ്ത മഴയ്ക്കൊപ്പവും ഉണ്ടായി ഉരുളുപൊട്ടലൊന്ന്. ആളപായമുണ്ടായില്ലെങ്കിലും ചില വീടുകള്‍ ഭാഗികമായി തകര്‍ന്നു. അതുകൊണ്ടാണ് ഈ മഴക്കാലത്ത് ഇവരെല്ലാം തൊട്ടടുത്ത സര്‍ക്കാര്‍ സ്കൂളിലെ ക്യാമ്പിലേക്ക് മാറിയത്. മഴപ്പേടി അകന്നെങ്കിലും ഈ ക്യാമ്പൊഴിയാന്‍ പക്ഷേ ഇവരാരും തയാറല്ല. 2019 മുതല്‍ പഞ്ചായത്തും കളക്ടറേറ്റും ഉള്‍പ്പെടെ മുഴുവന്‍ സര്‍ക്കാര്‍ ഓഫിസുകളും കയറി ഇറങ്ങി മടുത്തതോടെയാണ് ക്യാമ്പില്‍ നിന്ന് ഒഴിഞ്ഞ് കൊടുക്കാതെയുളള പ്രതിഷേധത്തിലേക്ക് കടക്കാന്‍ നിര്‍ബന്ധിതരായതെന്ന് നാട്ടുകാര്‍ പറയുന്നു.