പ്രക്ഷുബ്ധമായ കാലാവസ്ഥയായതിനാൽ കടലിലിറങ്ങരുതെന്ന് മത്സ്യത്തൊഴിലാളികള്‍ വിദ്യാര്‍ഥികളോട് പറഞ്ഞിരുന്നു. എന്നാല്‍, ഭാഷാപരമായ പ്രശ്‌നങ്ങള്‍ ഉള്ളതിനാലാകാം ഇവര്‍ക്ക് കാര്യം മനസ്സിലായില്ലെന്ന് അവിടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.

കൊച്ചി: എറണാകുളം വൈപ്പിൻ വളപ്പ് ബീച്ചിൽ കാണാതായ യെമന്‍ പൗരന്മാരെ കണ്ടെത്താനായില്ല. കുളിക്കാനിറങ്ങിയ യെമന്‍ പൗരന്മാരായ രണ്ടുപേരെയാണ് കാണാതായത്. 22 വയസ്സുള്ള ജിബ്രാൻ ഖലീൽ, 21 വയസ്സുള്ള അബ്ദുൽ സലാം 
മവാദ് എന്നിവരെയാണ് കാണാതായത്. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരും. ഇരുവരും സഹോദരങ്ങളാണ്. ഒമ്പത് പേരടങ്ങുന്ന യെമന്‍ വിദ്യാര്‍ഥികള്‍ കൊയമ്പത്തൂരിൽ നിന്നും കേരളം കാണാനെത്തിയതായിരുന്നു. കൊയമ്പത്തൂർ രത്നം കോളേജിലെ വിദ്യാർത്ഥികളാണ് ഇവര്‍.

മെയ് 2 ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് വിദ്യാര്‍ഥികള്‍ സ്ഥലത്തെത്തിയത്. പ്രക്ഷുബ്ധമായ കാലാവസ്ഥയായതിനാൽ കടലിലിറങ്ങരുതെന്ന് മത്സ്യത്തൊഴിലാളികള്‍ വിദ്യാര്‍ഥികളോട് പറഞ്ഞിരുന്നു. എന്നാല്‍, ഭാഷാപരമായ പ്രശ്‌നങ്ങള്‍ ഉള്ളതിനാലാകാം ഇവര്‍ക്ക് കാര്യം മനസ്സിലായില്ലെന്ന് അവിടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. അപകടത്തിൽപ്പെട്ട ഒരാൾ കോയമ്പത്തൂരിലെ കോഴ്സ് പൂർത്തിയാക്കി നാട്ടിൽ മടങ്ങാനിരിക്കെയാണ് അപകടമുണ്ടായത്.

മറ്റുള്ള കുട്ടികളെ സമീപത്തുള്ള ഹോട്ടലിലേക്ക് മാറ്റി. കാണാതായവർക്കായി കോസ്റ്റ്ഗാര്‍ഡും നാവികസേനയും ഫയര്‍ഫോഴ്‌സും തെരച്ചില്‍ നടത്തുന്നുണ്ട്. പ്രദേശത്ത് മുമ്പും നിരവധി ആളുകളെ കടലില്‍ കാണാതായിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. അടിയന്തരമായി ഈ പ്രദേശത്ത് കോസ്റ്റ് ഗാർഡിനെ നിയമിക്കണമെന്നാണ് ആവശ്യം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം