കൊച്ചി: മലയാള സിനിമാ വിതരണക്കാർക്ക് തീയേറ്റർ ഉടമകൾ  നൽകാനുള്ള 27.5 കോടി രൂപ നാല് മാസത്തിനുള്ളിൽ കൊടുത്തു തീർക്കാൻ ധാരണ. ഇന്ന് നിർമ്മാതാക്കളുടെ സംഘടനയും തീയേറ്റർ ഉടമകളും കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച ധാരണ ഉണ്ടായത്.

കഴിഞ്ഞ ഒരു വർഷത്തിനിടെ റിലീസ് ചെയ്ത സിനിമകളുടെ തീയേറ്റർ വിഹിതത്തിലുണ്ടായ  കുടിശികയാണ് ഈ തുക. ആൻ്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ തുടങ്ങിയ വിതരണക്കാർക്കാണ് തീയേറ്റർ  ഉടമകൾ പ്രധാനമായും പണം നൽകാനുള്ളത്. ഇക്കാര്യം ചൂണ്ടിക്കാട്ടി വിതരണക്കാർ നേരത്തെ ഫിലിം ചേംബറിന് പരാതിയും നൽകിയിരുന്നു.

അതേസമയം താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്ന കാര്യത്തിൽ ഇതുവരേയും ധാരണയായിട്ടില്ല. നിർമ്മാതാക്കൾ താരസംഘടനയായ അമ്മയെ ഇക്കാര്യം അറിയിച്ചെങ്കിലും ചെന്നൈയിലുള്ള അസോസിയേഷൻ അധ്യക്ഷൻ മോഹൻലാൽ തിരിച്ചെത്തിയ ശേഷം മാത്രം ചർച്ചയെന്ന നിലപാടിലാണ് താരസംഘടനയായ അമ്മ.