Asianet News MalayalamAsianet News Malayalam

തീയേറ്ററുകൾ തുറക്കുന്നത് വൈകിയേക്കും, മൾട്ടിപ്ലക്സുകളിൽ പ്രദർശനം തുടങ്ങും

മാസങ്ങളായി അടഞ്ഞുകിടന്നതിനാൽ പല തിയേറ്ററുകളിലും അറ്റകുറ്റപ്പണിവേണം. തിയേറ്റർ തുറന്നാൽ പകുതി സീറ്റുകളിലേ കാണികളേ ഇരുത്താനാകൂ. ഇത് സാന്പത്തിക ബാധ്യതയുണ്ടാക്കും. 

theaters in kerala will not open on january 5
Author
Kochi, First Published Jan 2, 2021, 6:56 AM IST

കൊച്ചി: സർക്കാർ അനുമതി നൽകിയെങ്കിലും അടുത്ത ചൊവ്വാഴ്ച മുതൽ സംസ്ഥാനത്തെ തിയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം. നി‍ർമാതാക്കളും വിതരണക്കാരും തിയേറ്റർ ഉടമകളുമായി ചർച്ച ചെയ്തശേഷമേ തീരുമാനമെടുക്കൂ എന്ന് ചലച്ചിത്ര പ്രവർത്തകരുടെ സംയുക്ത സംഘടനയായ ഫിയോക് അറിയിച്ചു. പാതി സീറ്റിൽ കാണികളെ ഇരുത്തി സിനിമ പ്രദർശിപ്പിക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും അവർ കരുതുന്നു.

തിയേറ്ററുകൾ തുറക്കാൻ സർക്കാർ അനുവദിച്ച ചൊവ്വാഴ്ച തന്നെയാണ് നി‍ർമാതാക്കളുടെയും വിതരണക്കാരുടെയും തിയേറ്റർ ഉടമകളുടെയും സംയുക്ത സംഘടനയായ ഫിയോക്കിന്‍റെ എക്സിക്യുട്ടീവ് കമ്മിറ്റി യോഗം ചേരുന്നത്. തിയേറ്റർ തുറക്കുന്ന കാര്യത്തിൽ വിശദമായ ചർച്ച അന്നുണ്ടാവും. അതിനുശേഷം നിർമാതാക്കളും വിതരണക്കാരുമായി ചർച്ച നടത്തുമെന്നും ഫിയോക് ഭാരവാഹികൾ അറിയിച്ചു

നിലവിലെ അവസ്ഥയിൽ തിയേറ്റർ തുറക്കുന്നതിന് നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടെന്നാണ് വിലയിരുത്തൽ. മാസങ്ങളായി അടഞ്ഞുകിടന്നതിനാൽ പല തിയേറ്ററുകളിലും അറ്റകുറ്റപ്പണിവേണം. തിയേറ്റർ തുറന്നാൽ പകുതി സീറ്റുകളിലേ കാണികളേ ഇരുത്താനാകൂ. ഇത് സാമ്പത്തിക ബാധ്യതയുണ്ടാക്കും. കൊവിഡ് വ്യാപന ഭീതി നിലനിൽക്കുന്നതിനാൽ കുടുംബവുമായി തിയേറ്ററുകളിൽ എത്തുന്നവർ കുറവായിരിക്കുമെന്നാണ് കരുതുന്നത്. 

അങ്ങനെയെങ്കിൽ നഷ്ടക്കച്ചവടമാകും. മാത്രവുമല്ല തിയേറ്റർ തുറക്കുമ്പോള്‍ തന്നെ സിനിമ റിലീസ് ചെയ്യാൻ ഏതൊക്കെ നിർമാതാക്കൾ തയാറാകുമെന്നും കണ്ടറിയണം. പ്രത്യേകിച്ചും ഊഴം കാത്തിരിക്കുന്ന പല ചിത്രങ്ങളും വൻ മുതൽ മുടക്കുളളവയാണ്. ഈ സാഹചര്യത്തിൽ വിനോദ നികുതിയിളവ് , വൈദ്യുതി ഫിക്സഡ് ചാർജ് ഇനത്തിൽ ഇളവ് എന്നിവയാണ് തിയേറ്റർ ഉടമകൾ പ്രതീക്ഷിക്കുന്നത്.  

എന്നാൽ നഗരങ്ങളിലും പട്ടണങ്ങളിലുമുളള മാളുകളിലെ മൾട്ടി പ്രക്സുകൾ ഈ സംഘടനയിൽ അംഗമല്ല. ഇത്തരം തിയേറ്ററുകളിൽ അന്യഭാഷാ ചിത്രങ്ങളടക്കം കൊണ്ടുവന്ന് പ്രദർശനം തുടങ്ങാനും സാധ്യതയുണ്ട്.

Follow Us:
Download App:
  • android
  • ios