തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോഷണം വ്യാപകം; വലഞ്ഞ് സാധാരണക്കാർ
അമ്മയെ ചികിത്സിക്കാൻ കടംവാങ്ങിയ പതിനായിരം രൂപയും രേഖയുമടങ്ങുന്ന ബാഗ് അജ്ഞാതൻ എടുത്തു കടന്നുകളഞ്ഞതോടെ പ്രതിസന്ധിയിൽ നട്ടം തിരിയുകയാണ് പാലോട് സ്വദേശി രമ്യ. രോഗികളെ നിരീക്ഷണത്തിലാക്കുന്ന യെല്ലോ സോണിലാണ് മോഷണം നടന്നതെന്നതാണ് ഗൗരവം വർധിപ്പിക്കുന്നത്.

തിരുവനന്തപുരം: മോഷണങ്ങളിൽ വലഞ്ഞ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്ന സാധാരണക്കാർ. അമ്മയെ ചികിത്സിക്കാൻ കടംവാങ്ങിയ പതിനായിരം രൂപയും രേഖയുമടങ്ങുന്ന ബാഗ് അജ്ഞാതൻ എടുത്തു കടന്നുകളഞ്ഞതോടെ പ്രതിസന്ധിയിൽ നട്ടം തിരിയുകയാണ് പാലോട് സ്വദേശി രമ്യ. രോഗികളെ നിരീക്ഷണത്തിലാക്കുന്ന യെല്ലോ സോണിലാണ് മോഷണം നടന്നതെന്നതാണ് ഗൗരവം വർധിപ്പിക്കുന്നത്.
അമ്മയ്ക്ക് പെട്ടെന്ന് ശസ്ത്രക്രിയ വേണ്ടി വന്നതോടെ, വൻതുക പലിശയ്ക്ക് കടംവാങ്ങിയ പതിനായിരം രൂപ, മൊബൈൽ ഫോൺ, ആധാർകാർഡ്, പാൻകാർഡ്, തിരിച്ചറിയൽ കാർഡ്, പാസ്ബുക്ക്. എല്ലാം ഒറ്റയടിക്ക് ആരോ കൈക്കലാക്കിയതോടെ പാതി പ്രാണൻ പോയ നിലയിലാണ് രമ്യ. ഇരുപത്തിമൂന്നാം തിയതി അമ്മയെ ഓർത്തോ വിഭാഗത്തിൽ ചികിത്സയ്ക്ക് കൊണ്ടുവന്ന്, യെല്ലോ സോണിൽ നിരീക്ഷണത്തിലായിരിക്കെയാണ് മോഷണം.
ഛർദി വന്ന അമ്മയെ ശുചിമുറിയിലേക്ക് കൊണ്ടുപോയ തക്കത്തിൽ ബാഗുമായി ഒരാൾ കടന്നുകളഞ്ഞു. തിടുക്കപ്പെട്ട് യെല്ലോ സോണിൽ നിന്ന് ബാഗുമായി പുറത്തേക്കു പോകുന്നയാളുടെ സിസിടിവി കേന്ദ്രീകരിച്ച് മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം തുടങ്ങി. കൂടെയുള്ള രോഗിയുടെ പരിശോധനാഫലങ്ങൾക്കും മരുന്നുകൾക്കുമായി അലഞ്ഞ്, തളർന്നുറങ്ങുന്ന കൂട്ടിരിപ്പുകാരെ കേന്ദ്രീകരിച്ച് മോഷണം പതിവാണ് മെഡിക്കൽ കോളേജിൽ. എസ്.എ.ടി ആശുപത്രി പരിസരത്ത് നിർത്തിയിട്ട ബൈക്ക് വരെ മോഷണം പോയ സംഭവമുണ്ടായി. പലയിടത്ത് നിന്നായി വന്നുപോകുന്നവരായതിനാൽ അന്വേഷണവും സങ്കീർണം.
Read Also: അരിക്കൊമ്പനെ പിടിക്കാനാകുമോ? ഹർജി ഇന്ന് ഹൈക്കോടതിയിൽ, കൊമ്പനെ നിരീക്ഷിച്ച് ദൗത്യസംഘം