സപ്ലൈക്കോ ഗോഡൗണില്‍ നിന്ന് അരി കടത്തിയ പ്രതി പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂടില്‍ സപ്ലൈകോ ഗോഡൗണിൽ നിന്ന് 45 ചാക്ക് റേഷൻ അരി കടത്തിയ സംഘത്തിലെ ഒരാൾ അറസ്റ്റിൽ. സപ്ലൈകോ ഗോഡൗണിലെ സീനിയർ അസിസ്റ്റന്റ് ധർമ്മേന്ദ്രനാണ് അറസ്റ്റിലായത്. 11 ചാക്ക് പച്ചരി, 18 ചാക്ക് കുത്തരി, 16 ചാക്ക് പുഴുക്കലരി എന്നിവയാണ് കടത്തിക്കൊണ്ട് പോയത്. സപ്ലൈക്കോ ഓഫീസറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇനി പിടികൂടാനുള്ള സപ്ലൈകോ ജീവനക്കാരനായ അൻഷാദിനായി പൊലീസ് തിരച്ചിൽ തുടരുകയാണ്. ബുധനാഴ്ച്ചയാണ് റേഷൻ അരി കടത്തുന്നതിനിടയിൽ വാഹനം നാട്ടുകാർ പിടികൂടിയത്.