തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാംഘട്ട കൊവിഡ് 19 രോഗവ്യാപനം ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹവ്യാപനവും ഇതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍, ഭീഷണി ഒഴിവായിട്ടില്ല. ഭീഷണി നിലനില്‍ക്കുകയും തുടരുകയും ചെയ്യുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് വ്യാഴാഴ്ച 10 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇടുക്കി-4, കോഴിക്കോട്-23, കോട്ടയം-2, തിരുവനന്തപുരം-1, കൊല്ലം -1 എന്നിങ്ങനെയാണ് കണക്ക്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ നാല് പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. എട്ട് പേര്‍ രോഗമുക്തമായി. കാസര്‍കോട് ആറും മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഓരോ ആള്‍ക്കുവീതമാണ് രോഗമുക്തി നേടിയത്. കൊവിഡ് പരിശോധന വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.