'സംസ്ഥാന സെക്രട്ടറി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ല; തെറ്റ് പറ്റിയിട്ടില്ലെന്ന് നിയമപരമായി തെളിയിക്കും'
വർഗീയമായ പ്രചരണം നടത്തരുതെന്ന് കൃത്യമായ നിർദേശം ഉണ്ടായിരുന്നുവെന്നും കെ കെ ലതിക മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി.
തിരുവനന്തപുരം: വടകരയിലെ കാഫിർ വ്യാജ സ്ക്രീൻ ഷോട്ട് വിവാദത്തിൽ പ്രതികരണവുമായി സിപിഎം നേതാവ് കെ കെ ലതിക. സംസ്ഥാന സെക്രട്ടറി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നും തനിക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന് നിയമപരമായി തെളിയിക്കുമെന്നും കെ കെ ലതിക പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വീടുകൾ കയറി വർഗീയ പ്രചരണം നടത്തി. ഇടത് പക്ഷത്തെ ഒരാൾക്കും സ്ക്രീൻ ഷോട്ട് വിഷയത്തിൽ പങ്കുണ്ടാകില്ല. വർഗീയമായ പ്രചരണം നടത്തരുതെന്ന് കൃത്യമായ നിർദേശം ഉണ്ടായിരുന്നുവെന്നും കെ കെ ലതിക മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി.
അതേ സമയം, കാഫിർ വ്യാജ സ്ക്രീൻ ഷോട്ട് കേസിൽ യഥാർഥ പ്രതികളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. എവിടെ നിന്നാണ് സ്ക്രീൻ ഷോട്ടിന്‍റെ തുടക്കമെന്ന് തിരിച്ചറിയാനായിട്ടില്ല. അന്വേഷണം ശരിയായ ദിശയിലാണെന്നും ചില ഫോണുകൾ കൂടി ഇനി പരിശോധിക്കാനുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രതി ചേർത്ത ലീഗ് നേതാവും ഹൈക്കോടതിയിലെ ഹർജിക്കാരനുമായ മുഹമ്മദ് ഖാസിം കുറ്റക്കാരനാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു.