Asianet News MalayalamAsianet News Malayalam

ജാതിവിവേചനം; മന്ത്രിയുടെ ഭാ​ഗത്ത് നിന്നുണ്ടായത് ​ഗുരുതരമൗനം; പുന്നല ശ്രീകുമാർ

സംഭവത്തിൽ സർക്കാർ നിയമ നടപടി സ്വീകരിക്കണമെന്നും പുന്നല ശ്രീകുമാർ ആവശ്യപ്പെട്ടു. 

there was serious silence from the ministers k radhakrishnan side says Punnala Sreekumar sts
Author
First Published Sep 21, 2023, 1:32 PM IST

കണ്ണൂർ: പയ്യന്നൂരിലെ ക്ഷേത്രത്തിൽ ജാതി വിവേചനം ഉണ്ടായ സംഭവത്തിൽ മന്ത്രി കെ രാധാകൃഷ്ണന്റെ  ഭാഗത്തു നിന്നുണ്ടായത് ഗുരുതമായ മൗനമെന്ന് കെപിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. സംഭവത്തിൽ സർക്കാർ നിയമ നടപടി സ്വീകരിക്കണമെന്നും പുന്നല ശ്രീകുമാർ ആവശ്യപ്പെട്ടു. വിഷയത്തിൽ സർക്കാരിനും സിപിഎമ്മിനും ആത്മാർഥതയുണ്ടാകണം. കുറ്റക്കാരെ പൗരോഹിത്യ ചുമതലകളിൽ നിന്നും പുറത്താൻ നടപടിയെടുക്കണം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണനെതിരെ പയ്യന്നൂർ നമ്പ്യാത്തറ ക്ഷേത്രത്തിലെ ചടങ്ങിലുണ്ടായ ജാതിവിവേചനം തെമ്മാടിത്തവും പുരോഗമന കേരളത്തിന് അപമാനകരവുമാണെന്ന് ഡിവൈഎഫ്ഐ. സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങൾ ഇളക്കിമറിച്ച കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തിൽ ഇന്നും നീചമായ ജാതി ചിന്തകൾ ഉയർത്തിപ്പിടിക്കുന്ന ചിലരുണ്ടെന്നത്  കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെ പോലും വെല്ലുവിളിക്കുന്നതാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

ജാതി ചിന്തകളുടെ ഭ്രാന്താലയമായിരുന്ന കേരളത്തിൽ സാമൂഹ്യ - നവോത്ഥാന പ്രസ്ഥാനങ്ങളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും നടത്തിയ സാംസ്കാരിക മുന്നേറ്റങ്ങളാണ് ഇന്നത്തെ പുരോഗമന സമൂഹത്തെ കെട്ടിപ്പടുത്തത്. ആ സമൂഹത്തെ  നാണം കെടുത്തുന്ന ഇത്തരത്തിലുള്ള വ്യക്തികളെയും ചിന്തകളെയും ഒറ്റപ്പെടുത്തേണ്ടത് കേരളീയ  സമൂഹത്തിൻറെ മുന്നോട്ടുപോക്കിന് അനിവാര്യമാണെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി.

മന്ത്രി കെ രാധാകൃഷ്ണനെതിരെയുണ്ടായ ജാതി വിവേചനത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു. ജാതീയത പോലുള്ള എല്ലാതരം അനീതികൾക്കെതിരെയുമുള്ള തുടർപോരാട്ടങ്ങൾക്ക്  നേതൃത്വം നൽകുമെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ പറഞ്ഞു.

ക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ താൻ ജാതിവിവേചനം നേരിട്ടെന്ന് മന്ത്രി തന്നെയാണ് വെളിപ്പെടുത്തിയത്. ഒരു ക്ഷേത്രത്തിൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തപ്പോൾ ജാതിയുടെ പേരിൽ തന്നെ മാറ്റി നിർത്തിയെന്നാണ് മന്ത്രി തുറന്നു പറഞ്ഞത്. ഈ സമീപനത്തിന് അതേ വേദിയിൽ തന്നെ പ്രതിഷേധം അറിയിച്ചതായും മന്ത്രി പറഞ്ഞിരുന്നു. കോട്ടയത്ത് ഭാരതീയ വേലൻ സൊസൈറ്റിയുടെ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തൽ. 

"ഞാന്‍ ഒരു ക്ഷേത്രത്തില്‍ ഒരു പരിപാടിക്ക് പോയി. ആ ക്ഷേത്രത്തില്‍ ചെന്ന സന്ദര്‍ഭത്തില്‍ അവിടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രധാന പൂജാരി വിളക്ക് കത്തിച്ച് കൊണ്ടു വന്നു. വിളക്ക് എന്റെ കൈയില്‍ തരാതെ അദ്ദേഹം തന്നെ കത്തിച്ചു. അപ്പോള്‍ ആചാരമായിരിക്കും എന്ന് കരുതി മാറി നിന്നു. അതിന് ശേഷം അവിടുത്തെ സഹപൂജാരിക്ക് വിളക്ക് കൈമാറി. അയാളും കത്തിച്ചു. അപ്പോഴും ഞാന്‍ കരുതിയത് എനിക്ക് തരുമെന്നാണ്. തന്നില്ല. പകരം വിളക്ക് നിലത്തുവെച്ചു. ഞാന്‍ എടുത്ത് കത്തിക്കട്ടെ എന്നാണ് അവര്‍ വിചാരിച്ചത്. ഞാന്‍ എടുക്കണോ? ഞാന്‍ കത്തിക്കണോ? ഞാന്‍ പറഞ്ഞു പോയി പണി നോക്കാന്‍" - മന്ത്രി വിവരിച്ചു.

നേരിടേണ്ടി വന്ന ജാതി വിവേചനത്തിന് അതേ വേദിയില്‍ വെച്ചുതന്നെ മറുപടി പറഞ്ഞെേന്ന് മന്ത്രി വിശദീകരിച്ചു. "ഞാന്‍ തരുന്ന പൈസയ്ക്ക് നിങ്ങള്‍ക്ക് അയിത്തമില്ല, എനിക്കാണ് നിങ്ങള്‍ അയിത്തം കല്‍പ്പിക്കുന്നത്. പൈസയ്ക്ക് മാത്രം അയിത്തമില്ല. ഏത് പാവപ്പെട്ടവനും കൊടുക്കുന്ന പൈസയ്ക്ക് അവിടെ അയിത്തമില്ല. ഈ പൂജാരിയെ ഇരുത്തിക്കൊണ്ടു തന്നെ ഞാന്‍ പറഞ്ഞു" - മന്ത്രി കൂട്ടിച്ചേര്‍ത്തു.

മന്ത്രി രാധാകൃഷ്ണന്‍റെ 'അയിത്തം' വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി; 'നടപടി ഉണ്ടാകും'

Follow Us:
Download App:
  • android
  • ios