ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ പൊലീസിനും ഐഐടി അധികൃതര്‍ക്കുമെതിരെ കൂടുതൽ ആരോപണവുമായി പിതാവ് ലത്തീഫ് രംഗത്ത്. ഫാത്തിമയെ മരിച്ച നിലയില്‍ കണ്ടെത്തിയ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യയുടെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും തൂങ്ങിമരിച്ചെന്ന് പറയുന്ന കയറിൽ കുരുക്കില്ലായിരുന്നുവെന്നും ലത്തീഫ് പറഞ്ഞു. 

'മൃതദേഹത്തിൽ തൂങ്ങിമരിച്ചതിന്‍റെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. രേഖകൾ നശിപ്പിക്കാനാണ് പൊലീസ് ശ്രമിച്ചത്. മുറിയിൽ കൂടെ ഉണ്ടായിരുന്ന കുട്ടിയുടെ സാധനങ്ങൾ ഉടനെ മാറ്റി'. പോസ്റ്റ്മോർട്ടം വീഡിയോ എടുക്കുകയോ വിരലടയാളം ശേഖരിക്കുകയോ ചെയ്തില്ലെന്നും ലത്തീഫ് വ്യക്തമാക്കി. 

ഫാത്തിമ ലത്തീഫിന്‍റെ മരണം; ഐഐടി മുന്‍ അധ്യാപികയ്ക്ക് ഭീഷണി

'ഫാത്തിമയുടെ മരണത്തിൽ മാത്രമായി സിബിഐ അന്വേഷണമില്ല. രാജ്യത്തെ ഐഐടികളിൽ ഉണ്ടാകുന്ന വിഷയത്തെക്കുറിച്ചാണ് സിബിഐ അന്വേഷിക്കുക. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമുണ്ട്. സിബിഐ അന്വേഷണം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടില്ല. മദ്രാസ് ഐഐടി മുൻ അധ്യാപിക വസന്ത കന്തസാമിക്ക് ഭീഷണി ലഭിച്ചത് ഗൗരവകരമാണ്. ഇക്കാര്യം പരിശോധിക്കണമെന്ന് അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടതായും ലത്തീഫ് പറഞ്ഞു. 

മദ്രാസ് ഐഐടിയിലെ ജാതി വിവേചനത്തെക്കുറിച്ച് മുന്‍ അധ്യാപിക വസന്ത കന്തസ്വാമി വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. മദ്രാസ് ഐഐടിയില്‍ സമ്പൂര്‍ണ സവര്‍ണാധിപത്യം നിലനില്‍ക്കുന്നുണ്ടെന്നും ദളിത് മുസ്ലീം വിദ്യാര്‍ഥികള്‍ വിവേചനം നേരിടുന്നുവെന്നുമായിരുന്നു വസന്ത കന്തസ്വാമിയുടെ വെളിപ്പെടുത്തല്‍. ഇതിന് പിന്നാലെ വസന്ത കന്തസ്വാമിയുടെ ഫോണിലേക്ക് നെറ്റ് നമ്പറുകളില്‍ നിന്ന് വിളിയെത്തി. ഇത്തരം അഭിമുഖങ്ങള്‍ നല്‍കരുതെന്നാണ് ഭീഷണി.