വണ്ടൂര്‍ പോരൂര്‍ കരുവാറ്റക്കുന്ന് കക്കുണ്ടില്‍ വീടിന്‍റെ ഓട് പൊളിച്ച് മോഷണം
മലപ്പുറം: വണ്ടൂര്‍ പോരൂര്‍ കരുവാറ്റക്കുന്ന് കക്കുണ്ടില്‍ വീടിന്‍റെ ഓട് പൊളിച്ച് മോഷണം. അകത്തുകടന്ന മോഷ്ടാവ് കിടന്നുറങ്ങുകയായിരുന്ന യുവതിയുടെ പാദസരം അടക്കം മോഷ്ടിച്ചാണ് കടന്നുകളഞ്ഞതെങ്കിലും നഷ്ടപ്പെട്ടത് മുക്കുപണ്ടമാണെന്ന ആശ്വാസത്തിലാണ് കുടുംബം. കക്കുണ്ട് പള്ളിക്ക് സമീപമുള്ള മംഗലപ്പറമ്പന്‍ അബ്ദുസലാമിന്‍റെ വീട്ടിലായിരുന്നു മോഷണം. വെള്ളിയാഴ്ച്ച പുലര്‍ച്ചെ നാലോടെയാണ് സംഭവം നടന്നത്.
വീടിന്‍റെ വാതിലുകള്‍ തുറന്നിട്ട നിലയിലായിരുന്നു. മരുമകളും കുട്ടിയുമടക്കം കിടന്നുറങ്ങിയിരുന്ന മുറിയിലെ അലമാരയിലെ സാധനങ്ങള്‍ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി പരിശോധന നടത്തിയ നിലയിലാണ്. വാതിലുകള്‍ തുറക്കുമ്പോള്‍ ശബ്ദം കേള്‍ക്കാതിരിക്കാന്‍ ഓയില്‍ ഒഴിച്ചിരുന്നതായും മുറികളില്‍ പരിശോധന നടത്തിയതായും വീട്ടുകാര്‍ പറഞ്ഞു. അടുക്കള ഭാഗത്തെ ഓടുകള്‍ മാറ്റിയാണ് മോഷ്ടാവ് അകത്തുകടന്നത്. വണ്ടൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ വി കെ പ്രദീപും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.


