Asianet News MalayalamAsianet News Malayalam

Thikkodi Murder : തിക്കോടിയിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവും മരിച്ചു

ഇന്നലെയാണ് തിക്കോടി (Thikkodi) പഞ്ചായത്തിലെ താത്കാലിക ജീവനക്കാരിയായിരുന്ന കൃഷ്ണപ്രിയയെ (Krishnapriya) നന്ദകുമാർ തീകൊളുത്തി കൊലപ്പെടുത്തിയത്

Thikkodi Krishnapriya murder Nandakumar dies in Hospital
Author
Thikkodi, First Published Dec 18, 2021, 6:46 AM IST

കോഴിക്കോട്: പ്രണയ നൈരാശ്യം മൂലം കോഴിക്കോട് തിക്കോടിയിൽ യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച നന്ദു എന്ന നന്ദകുമാർ  (31) മരിച്ചു. തിക്കോടി പള്ളിത്താഴം സ്വദേശി മോഹനന്റെ മകനാണ്. 99 ശതമാനം പൊള്ളലേറ്റ നന്ദു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. 

ഇന്നലെയാണ് തിക്കോടി (Thikkodi) പഞ്ചായത്തിലെ താത്കാലിക ജീവനക്കാരിയായിരുന്ന കൃഷ്ണപ്രിയയെ (Krishnapriya) നന്ദകുമാർ തീകൊളുത്തി കൊലപ്പെടുത്തിയത്. ഇതിന് ശേഷം നന്ദകുമാറും ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. കൃഷ്ണപ്രിയയെ നന്ദു ഏറെ നാളുകളായി ശല്യം ചെയ്തിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഇന്നലെ രാവിലെ 9.50ന് തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നിലായിരുന്നു സംഭവം. കൃഷ്ണപ്രിയ പഞ്ചായത്ത് ഓഫീസിലേക്ക് ജോലിക്ക് കയറാനൊരുങ്ങുമ്പോഴാണ് നന്ദു തട‍ഞ്ഞു നിര്‍ത്തി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. നിലവിളി കേട്ടെത്തിയ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കുകയായിരുന്നു. 

ഉടനടി ഇരുവരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് വിദ്ഗദ്ധ ചികില്‍സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകീട്ട് അഞ്ച് മണിയോടെ കൃഷ്ണപ്രിയ മരിച്ചു. തീകൊളുത്തും മുൻപ് നന്ദു തന്നെ കുത്തിപ്പരിക്കേല്‍പ്പിച്ചതായും ആശുപത്രിയില്‍ വച്ച് കൃഷ്ണപ്രിയ മൊഴി നല്‍കിയിരുന്നു. 90 ശതമാനത്തോളം പൊള്ളലേറ്റ നിലയിലാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.

ഏറെ നാളായി കൃഷ്ണപ്രിയയുമായി പരിചയത്തിലായിരുന്ന നന്ദു സമീപകാലത്തായി പെണ്‍കുട്ടിയ നിരന്തരം ശല്യം ചെയ്തിരുന്നതായി കുടുംബാംഗങ്ങളും അയല്‍വാസികളും പറ‍ഞ്ഞു. വസ്ത്രം ധരിക്കുന്നതിലും മുടി കെട്ടുന്നതിലുമടക്കം ഇയാള്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. അടുത്തിടെ പെണ്‍കുട്ടിയുടെ ഫോണും ഇയാള്‍ കൈവശപ്പെടുത്തി. കഴിഞ്ഞ ദിവസം വീട്ടിൽ വന്ന് പെൺകുട്ടിയേയും അച്ഛനെയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.  മാനഹാനി ഭയന്നാണ് പൊലീസിൽ പരാതി നൽകാതിരുന്നതെന്ന് നാട്ടുകാര്‍ പറ‌ഞ്ഞു. കഴിഞ്ഞയാഴ്ചയാണ് പഞ്ചായത്ത് ഓഫീസില്‍ പ്രോജക്ട് അസിസ്റ്റന്‍റായി  കൃഷ്ണപ്രിയ കരാര്‍ അടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിച്ചത്. 

Follow Us:
Download App:
  • android
  • ios