മട്ടാഞ്ചേരി പോലീസ് രജിസ്റ്റർ ചെയ്ത രണ്ട് കിലോഗ്രാം എംഡിഎംഎ പിടിച്ചെടുത്ത കേസിൽ മൂന്നാം പ്രതിയായ 'കൊമ്പൻ അനീഷ്' അറസ്റ്റിലായി. സംസ്ഥാനത്തെ രണ്ടാമത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിതെന്ന് പോലീസ് വ്യക്തമാക്കി. ലഹരി കടത്താൻ ഉപയോഗിച്ച വാഹനവും ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മട്ടാഞ്ചേരി: മട്ടാഞ്ചേരി പോലീസ് രജിസ്റ്റർ ചെയ്ത രണ്ട് കിലോഗ്രാം എംഡിഎംഎ പിടിച്ചെടുത്ത കേസിൽ മൂന്നാം പ്രതി അറസ്റ്റിൽ. പനയപ്പിള്ളി മട്ടാഞ്ചേരി ടൗൺ ഭാഗത്ത് താമസിക്കുന്ന 'കൊമ്പൻ അനീഷ്' എന്നറിയപ്പെടുന്ന അനീഷ് എം.എ (34) യാണ് പോലീസ് പിടിയിലായത്. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ഏറ്റവും കൂടുതൽ അളവിൽ എംഡിഎംഎ പിടിച്ചെടുത്ത രണ്ടാമത്തെ കേസാണിതെന്ന് പൊലീസ് പറയുന്നു.
ലഹരിമരുന്ന് കടത്താനായി പ്രതി ഉപയോഗിച്ച ഇലക്ട്രിക് ഉപകരണവും വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിലെ ഒന്നും രണ്ടും പ്രതികളായ നൗഫൽ, സഫീർ എന്നിവരെ മട്ടാഞ്ചേരി പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. വിപണിയിൽ വൻ മൂല്യമുള്ള എംഡിഎംഎ കടത്തിയ കേസിലെ പ്രധാന കണ്ണികളിലൊരാളാണ് ഇപ്പോൾ പിടിയിലായ അനീഷ്. മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ അജിത്ത് കുമാറിന്റെ നിർദ്ദേശാനുസരണം ഫോർട്ട്കൊച്ചി സർക്കിൾ ഇൻസ്പെക്ടർ വിബിൻ ദാസിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുരേഷ് കെ കെ, പ്രവീൺ കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ വിനോദ്, അക്ഷര രാധാകൃഷ്ണൻ, അജിത്ത്, ഉമേഷ് ഉദയൻ, സുനിൽ കുമാർ, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്.


