കൊച്ചി സിറ്റി പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ' ഭാഗമായി നടന്ന പരിശോധനയിൽ വൻ എംഡിഎംഎ വേട്ട. എറണാകുളത്തെ രണ്ട് വ്യത്യസ്ത കേന്ദ്രങ്ങളിൽ നിന്നായി യുവതിയടക്കം മൂന്ന് പേരെ പോലീസ് പിടികൂടി. ഇവരിൽ നിന്ന് 306 ഗ്രാമിലധികം എംഡിഎംഎയാണ് പിടിച്ചെടുത്തത്.
കൊച്ചി: ലഹരിക്കെതിരെയുള്ള 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ' ഭാഗമായി കൊച്ചി സിറ്റിയിൽ വൻ എംഡിഎംഎ വേട്ട. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ പരിധിയിലെ രണ്ട് വ്യത്യസ്ത കേന്ദ്രങ്ങളിൽ നിന്നായി യുവതിയടക്കം മൂന്ന് പേരെ കൊച്ചി സിറ്റി പോലീസ് പിടികൂടി. ഇവരിൽ നിന്ന് ആകെ 306.468 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.
കളപ്പുരയ്ക്കൽ റോഡിന് സമീപമുള്ള ലോഡ്ജിൽ നിന്ന് ചേർത്തല തിരിഛാറ്റുകുളം തച്ചൻവീട്ടിൽ അഫ്സൽ (23), ആലപ്പുഴ ചെങ്ങന്നൂർ പുത്തൻകാവ് ആലുംമൂട്ടിൽ ജസ്‌ന സൂസൻ ജൂബി (20) എന്നിവരാണ് ആദ്യത്തെ സംഘത്തിൽ പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 199.038 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. തുടർന്ന് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന് നടത്തിയ പരിശോധനയിൽ കൊച്ചി പാണ്ടിക്കുടി സ്വദേശിയായ വിഷ്ണു ബി. പൈ (34) എന്നയാളെ 107.430 ഗ്രാം എംഡിഎംഎയുമായി പോലീസ് കസ്റ്റഡിയിലെടുത്തു.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം ഡി.സി.പിമാരായ അരുൺ കെ. പവിത്രൻ, മോഹിത് റാവത്ത് ഐ.പി.എസ് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.ഡി. സുനിൽ കുമാർ, എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ പീറ്റർ, സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർ സിബി ടോം, എറണാകുളം സെൻട്രൽ സ്റ്റേഷൻ ഇൻസ്‌പെക്ടർ അനീഷ് ജോയ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും കൊച്ചി സിറ്റി ഡാൻസാഫ് ടീമും ചേർന്നാണ് പ്രതികളെ വലയിലാക്കിയത്.


