കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടത്തിൽ നാല് വടക്കൻ ജില്ലകൾ പോളിംഗ് ബൂത്തുകളിലേക്ക്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലായി 10,834 ബൂത്തുകളിലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. മോക്ക് പോളിംഗ് പൂർത്തിയാക്കി രാവിലെ വോട്ടെടുപ്പ് ആരംഭിക്കുമ്പോൾ തന്നെ നാല് ജില്ലകളിലേയും ഭൂരിപക്ഷം പോളിംഗ് ബൂത്തുകളിലും ചെറിയ ക്യൂ രൂപപ്പെട്ടു കഴിഞ്ഞു. 90 ലക്ഷം വോട്ടർമാരാണ് വൈകിട്ട് ആറ് മണി വരെ നടക്കുന്ന മൂന്നാം ഘട്ട തെരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടത്. 

കഴിഞ്ഞ പ്രാവശ്യം 4 ജില്ലകളിലായി 79.75 ആയിരുന്നു ശരാശരി. 77.76 ആണ് സംസ്ഥാന ശരാശരി. ഇത് ഇത്തവണ മറികടക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഏറ്റവും കൂടുതൽ പ്രശ്നബാധിതബൂത്തുകളുള്ള മേഖലയാണ് ഇന്ന് പോളിംഗിലേക്ക് പോകുന്നത്. കണ്ണൂരിൽ മാത്രം 785 പ്രശ്നബാധിതബൂത്തുകളുണ്ട്. അതിനാൽത്തന്നെ കനത്ത സുരക്ഷയാണ് ജില്ലയിൽ എമ്പാടും ഒരുക്കിയിട്ടുള്ളത്. 

ഏറ്റവും കൂടുതൽ വിഐപി വോട്ടർമാർ വോട്ടു ചെയ്യാൻ എത്തുന്നതും ഇന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, ഇപി ജയരാജൻ, എ.കെ.ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, കെകെ ശൈലജ, സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ ഉപനേതാവ് എംകെ മുനീർ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടി എന്നിവരെല്ലാം ഇന്ന് വോട്ട് ചെയ്യും. 

കടുത്ത നിയന്ത്രണങ്ങൾ പലതും ലംഘിച്ചും കൊട്ടിക്കലാശം നടത്തിയ ശേഷം, പോളിംഗ് സാമഗ്രികളുടെ വിതരണത്തിലും കൊവിഡ് ചട്ടങ്ങൾ വടക്കൻ ജില്ലകളിൽ ലംഘിക്കപ്പെട്ടുവെന്ന് ആരോപണമുയർന്നതാണ്. നിശ്ശബ്ദപ്രചാരണദിനം വീടുവീടാന്തരം കയറിയിറങ്ങി വോട്ടുറപ്പിക്കുന്ന തിരക്കിലായിരുന്നു സ്ഥാനാർത്ഥികൾ. യുഡിഎഫും വെൽഫെയർ പാർട്ടിയും തമ്മിലുള്ള നീക്കുപോക്ക് തന്നെയാണ് പ്രാദേശികവിഷയങ്ങൾക്കൊപ്പം ഇത്തവണയും വടക്കൻ ജില്ലകളിൽ പ്രധാനചർച്ചാവിഷയം. 

കഴിഞ്ഞ തവണ ആർക്കൊപ്പം?

കോഴിക്കോട്, കണ്ണൂർ ജില്ലാ പഞ്ചായത്തുകൾ എൽഡിഎഫിന് അനുകൂലമായാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിധിയെഴുതിയത്. കാസർകോടും മലപ്പുറവും യുഡിഎഫ് ഭരിക്കുന്നു. കാലങ്ങളായി വിജയിച്ചുവന്ന കോഴിക്കോട് കോർപ്പറേഷൻ നിലനിർത്തുകയെന്നത് എൽഡിഎഫിനു വെല്ലുവിളി തന്നെയാണ്. കണ്ണൂർ കോർപ്പറേഷൻ നിലനിർത്തുക യുഡിഎഫിനും വെല്ലുവിളിയാകും. 

കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ 6 ഡിവിഷനുകളി‍ൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ലോക് താന്ത്രിക് ജനതാദൾ തിരിച്ചെത്തിയത് എൽഡിഎഫിനു ഗുണം ചെയ്യും. വെൽഫെയർ പാർട്ടി, ആർഎംപി പിന്തുണ യുഡിഎഫിന് തന്നെയാണ്. ഒരു പാർട്ടിയുമായും സഖ്യമില്ലെന്ന് ലീഗും, യുഡിഎഫ് കൺവീനർ എം എം ഹസ്സനും ഒഴികെയുള്ള യുഡിഎഫ് നേതാക്കൾ ആവർത്തിക്കുന്നുണ്ടെന്നും. ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയപാർട്ടിയായ വെൽഫെയർ പാർട്ടിയുമായി നീക്കുപോക്കുണ്ടെന്ന് പല തവണ ലീഗ് ആവർത്തിച്ചിട്ടുള്ളതാണ്

മലപ്പുറത്ത് ഇത്തവണ യുഡിഎഫിൽ കൂടുതൽ ഐക്യമുണ്ട്. മികച്ച രീതിയിൽത്തന്നെ വിജയം ആവർത്തിക്കണമെന്ന നിശ്ചയദാർഢ്യത്തോടെയാണ് യുഡിഎഫ് മുന്നോട്ടുപോകുന്നത്. ജില്ലാ പഞ്ചായത്തിൽ പ്രകടനം മെച്ചപ്പെടുത്താൻ എൽഡിഎഫ് കച്ച കെട്ടിയിറങ്ങിയിട്ടുണ്ട്. ചില നഗരസഭകളിൽ എങ്കിലും നില മെച്ചപ്പെടുത്താൻ ബിജെപി ശ്രമിക്കുന്നു. 

കണ്ണൂരിൽ ജില്ലാ പഞ്ചായത്തിൽ എൽഡിഎഫും കോർപ്പറേഷനിൽ യുഡിഎഫും പ്രതീക്ഷയിൽത്തന്നെയാണ്. ആകെയുള്ള 11 ബ്ലോക്ക് പഞ്ചായത്തും 2015 ൽ എൽഡിഎഫ് നേടിയിരുന്നു. കാസർകോട് നഗരസഭയുടെ ഭരണം നിലനിർത്താൻ കഴിയുമെന്ന് തന്നെയാണ് യുഡിഎഫിന്‍റെ പ്രതീക്ഷ. കാഞ്ഞങ്ങാട് പിടിച്ചെടുക്കാനാവുമെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു. കാഞ്ഞങ്ങാടും നീലേശ്വരവും കൂടെ നിൽക്കുമെന്ന് എൽഡിഎഫ് പ്രതീക്ഷിക്കുന്നു. കമറുദ്ദീന്‍റെ അറസ്റ്റും പെരിയ കേസും പ്രാദേശികവിഷയങ്ങൾക്കൊപ്പം ജില്ലയിൽ സജീവ ചർച്ചാവിഷയം തന്നെയാണ് ഇപ്പോഴും.