Asianet News MalayalamAsianet News Malayalam

മൂന്നാംതരംഗം മുന്നൊരുക്കം: ഓക്‌സിജന്‍ കിടക്കകളും ഐസിയുവും പരമാവധി ഉയർത്തണമെന്ന് ആരോഗ്യമന്ത്രി

ആശുപത്രികളില്‍ കിടക്കകളും, ഓക്‌സിജന്‍ കിടക്കകളും, ഐസിയുകളും, വെന്‍റിലേറ്റര്‍ സൗകര്യങ്ങളും പരമാവധി ഉയര്‍ത്തണമെന്ന് മന്ത്രി വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി.

third wave oxygen beds and icu to get increased in kerala says health minister
Author
Thiruvananthapuram, First Published Aug 2, 2021, 7:51 PM IST

തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗത്തിന് മുന്നോടിയായി സംസ്ഥാനത്തെ കൊവിഡ് ചികിത്സാ സംവിധാനം വികേന്ദ്രീകരിച്ച് മെഡിക്കൽ കോളേജുകളിലെ ചികിത്സാ ഭാരം കുറയ്ക്കാൻ തീരുമാനം. ജില്ലാ, ജനറൽ ആശുപത്രികളിൽ ഐസിയു സംവിധാനം ശക്തമാക്കും. ഇവ മെഡിക്കൽ കോളേജുകളുമായി ഓൺലൈനായി ബന്ധിപ്പിക്കും. മെഡിക്കൽ കോളേജുകളിലായിരിക്കും മേൽനോട്ടം. ശിശുരോഗ ചികിത്സാ സംവിധാനവും ഓക്സിജൻ സൗകര്യവും വർധിപ്പിക്കാനും തീരുമാനമായി. സംസ്ഥാനത്തെ പ്രധാന ആശുപത്രികളെ ഉൾപ്പെടുത്തി ആരോഗ്യമന്ത്രിയുട നേതൃത്വത്തി ഇന്ന് അവലോകന യോഗം ചേർന്നു.

മെഡിക്കല്‍ കോളേജുകളുടെ ഭാരം കുറയ്ക്കാനായി രണ്ടാം നിര ആശുപത്രികളിലുള്ള ഐസിയു ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് യോഗത്തില്‍ മന്ത്രി നിര്‍ദ്ദേശിച്ചു. ഈ ഐസിയുകളെ മെഡിക്കല്‍ കോളേജുകളുമായി ഓണ്‍ലൈനായി ബന്ധിപ്പിക്കുന്നതാണ്. ഇതിലൂടെ ജില്ലാ, ജനറല്‍ ആശുപത്രികളിലെ ഐസിയു രോഗികളുടെ ചികിത്സയില്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് കൂടി ഇടപെട്ട് തീരുമാനമെടുക്കാന്‍ സാധിക്കും. ഇതിലൂടെ മെഡിക്കല്‍ കോളേജുകളുടെ ഭാരം കുറയ്ക്കാനും രണ്ടാം നിര ആശുപത്രികളില്‍ തന്നെ മികച്ച തീവ്ര പരിചരണം ഉറപ്പാക്കാനും സാധിക്കുന്നതാണ്.

ആശുപത്രികളില്‍ കിടക്കകളും, ഓക്‌സിജന്‍ കിടക്കകളും, ഐസിയുകളും, വെന്‍റിലേറ്റര്‍ സൗകര്യങ്ങളും പരമാവധി ഉയര്‍ത്തണമെന്ന് മന്ത്രി വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. സംസ്ഥാനതലത്തില്‍ ആരോഗ്യ വകുപ്പ് ഡയറക്ടറും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും ജില്ലാ തലത്തില്‍ ഡിഎംഒമാരും ആശുപത്രികളുടെ സൗകര്യങ്ങള്‍ വിലയിരുത്തണം. മെഡിക്കല്‍ കോളേജുകളിലും മറ്റാശുപത്രികളിലും അവലോകനം നടത്തി മേല്‍നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികള്‍ ശക്തിപ്പെടുത്തണം. ആശുപത്രികള്‍ക്കാവശ്യമായ മരുന്നുകളുടേയും മറ്റ് സുരക്ഷാ ഉപകരണങ്ങളുടേയും കരുതല്‍ ശേഖരം ഉറപ്പ് വരുത്തണം. പീഡിയാട്രിക് സംവിധാനങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ ഇടപെടല്‍ നടത്തണം. ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കോട്ടം തട്ടാതെ സമാന്തരമായി മുന്നൊരുക്കം പൂര്‍ത്തിയാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നെങ്കിലും ഐസിയുവിലും വെന്റിലേറ്ററിലുമുള്ള രോഗികളുടെ എണ്ണം വലുതായി വര്‍ധിക്കുന്നില്ല. രണ്ടാം തരംഗം അതിജീവിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് മൂന്നാം തരംഗം ഉണ്ടാകാതെ എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്നും യോഗം വിലയിരുത്തി. മൂന്നാം തരംഗം മുന്നില്‍ കണ്ട് ആശുപത്രികളില്‍ കിടക്കകള്‍, അടിസ്ഥാന സൗകര്യം എന്നിവ വികസിപ്പിച്ച് വരുന്നതായി വകുപ്പ് മേധാവികള്‍ അറിയിച്ചു. രോഗികളെ പരമാവധി കണ്ടെത്തുന്നതിന് പരിശോധനകള്‍ വര്‍ധിപ്പിക്കുന്നതാണ്. പ്രഥാമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി ഡിഎംഒമാര്‍ അറിയിച്ചു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ ജില്ലകളില്‍ ഓക്‌സിജന്‍ ജനറേഷന്‍ യൂണിറ്റുകള്‍ സജ്ജമാക്കി വരുന്നതായി മന്ത്രി അറിയിച്ചു. ആഗസ്റ്റ് മാസത്തില്‍ 33 എണ്ണത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കും. ഓരോ ആശുപത്രികളും കിടക്കകള്‍, ഓക്‌സിജന്‍ ബെഡ്, ഐസിയു എന്നിവയുടെ എണ്ണം കൃത്യമായി അറിയിക്കേണ്ടതാണ്. ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ അടിയന്തര ഇടപെടലുകള്‍ നടത്തും. വകുപ്പ് മേധാവികള്‍ ഒഴിവുകള്‍ പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്‌തെന്ന് ഉറപ്പ് വരുത്തണം. അനധികൃത ലീവെടുത്തവര്‍ക്കെതിരെ മേല്‍ നടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാ ബീവി, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാര്‍, മെഡിക്കല്‍ കോളേജ് ആശുപത്രി പ്രിന്‍സിപ്പള്‍മാര്‍, ആശുപത്രി സൂപ്രണ്ടുമാര്‍, ഡി.എം.ഒ.മാര്‍, ഡി.പി.എം.മാര്‍., ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios