തിരുനെല്ലി സ്കൂളിലെ ആദിവാസി വിദ്യാർത്ഥികളോടുള്ള ക്രൂരതയില്‍ പ്രതികരിച്ച് വയനാട് എംപി പ്രിയങ്ക ഗാന്ധി

വയനാട്: തിരുനെല്ലി സ്കൂളിലെ ആദിവാസി വിദ്യാർത്ഥികളോടുള്ള ക്രൂരതയില്‍ പ്രതികരിച്ച് വയനാട് എംപി പ്രിയങ്ക ഗാന്ധി. ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്ന വാര്‍ത്തയിലാണ് പ്രതികരണം. വിഷയത്തില്‍ മന്ത്രി ഒ ആർ കേളുവിന് പ്രിയങ്ക ഗാന്ധി കത്തയച്ചു. അഭിമാനകരമായ നേട്ടങ്ങൾ ഉണ്ടാക്കിയ വിദ്യാർത്ഥികൾ ആണ് മനുഷ്യരെ നാണിപ്പിക്കുന്ന സാഹചര്യങ്ങളിൽ കഴിയുന്നതെന്നും മോശം സാഹചര്യത്തിൽ കുട്ടികൾക്ക് താമസിക്കേണ്ടി വന്നത് ദൗർഭാഗ്യകരമാണ്, ദുരിത പൂർണ്ണമായ സാഹചര്യത്തിൽ വിദ്യാർത്ഥികൾ താമസിക്കുന്നു. സ്കൂൾ ആറളത്തേക്ക് മാറ്റുന്നത് വിദ്യാർഥികളുടെ താൽപര്യത്തിന് വിരുദ്ധമായാണ്. അടിയന്തരമായി ഹോസ്റ്റലിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി തിരുനെല്ലിയിൽ പഠനം തുടരാനുള്ള സാഹചര്യം ഒരുക്കണം. വിദ്യാർഥികളെ ആറളത്തേക്ക് മാറ്റുന്നത് ആശങ്കാജനകമെന്നും തീരുമാനം പുനപരിശോധിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. വിഷയത്തില്‍ പ്രതിഷേധം ശക്തമാണ്. 127 പെണ്‍കുട്ടികള്‍ ജൂലൈ മുതല്‍ താമസിക്കുന്നത് സ്കൂളിലെ മൂന്ന് ക്ലാസുമുറികളിലാണ്. എല്ലാവർക്കും കൂടി ഉപയോഗിക്കാൻ ആകെ ഒറ്റ ശുചിമുറി മാത്രമാണ് ഉള്ളത്. മന്ത്രി ഒ ആർ കേളുവിന്‍റെ പഞ്ചായത്തായ തിരുനെല്ലിയിലാണ് മനുഷ്യത്വമില്ലാത്ത ഈ നടപടി. ഹോസ്റ്റല്‍ അപകടാവസ്ഥയിലായത് കൊണ്ടാണ് കുട്ടികളെ ക്ലാസ് മുറികളിലേക്ക് മാറ്റേണ്ടിവന്നതെന്നും സ്കൂള്‍ ആറളത്തേക്ക് മാറ്റാനുള്ള നടപടിയിലാണെന്നുമാണ് സൂപ്രണ്ട് പ്രതികരിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

257 ആദിവാസി വിഭാഗക്കാരായ വിദ്യാർത്ഥികള്‍ താമസിച്ച് പഠിക്കുന്ന വയനാട്ടിലെ ഗവണ്‍മെൻറ് ആശ്രമം ഹൈസ്കൂളിലാണ് അധികൃതരുടെ കണ്ണില്‍ചോരയില്ലാത്ത ഈ ക്രൂരത. 127 വിദ്യാർത്ഥിനികളുള്ള ഹോസ്റ്റല്‍ കെട്ടിടം ഏത് നിമിഷവും തകർന്ന് വീഴുമെന്ന നിലയില്‍ ആയപ്പോഴാണ് ജൂലൈയില്‍ പൊതുമരാമത്ത് വകുപ്പ് നോട്ടീസ് നല്‍കിയത്. ഇതോടെ ‌അധികൃതർക്ക് പെണ്‍കുട്ടികളെ സ്കൂളിലെ മൂന്ന് ക്ലാസ് മുറികളിലേക്കായി മാറ്റേണ്ടി വന്നു. ഓരോ ചെറിയ ക്ലാസ് മുറികളിലും നാല്‍പ്പതോളം കുട്ടികള്‍ വീതം ഞെങ്ങി ഞെരുങ്ങി കഴിയേണ്ട സാഹചര്യമായി. അവിടെയും തീർന്നില്ല. ‌ഈ 127 പേര്‍ക്കുമായി സ്കൂളില്‍ ഉള്ളത് ഒറ്റ ശുചിമുറി മാത്രമാണ്. അതും സ്കൂളിലെ ജീവനക്കാരുടേത്. ആറളം ഫാമിലെ കെട്ടിടത്തിലേക്ക് മാറ്റാൻ വളരെ മുൻപ് തന്നെ തീരുമാനിച്ച സ്കൂളായിരുന്നു ഇത് . എന്നാല്‍ ആറളത്ത് വൈദ്യുതി കണക്ഷൻ കിട്ടിയില്ലെന്ന കാരണം ഉന്നയിച്ച് സ്കൂളിലെ കുട്ടികളെ നിലവിലെ ദുരിത സാഹചര്യത്തില്‍ തന്നെ തുടരാൻ വിടുകയായിരുന്നു അധികൃതർ. അതേസമയം ഇത്രയും കുട്ടികള്‍ പഠ‌ിക്കുന്ന സ്കൂള്‍ കെട്ടിടത്തിന് തൊട്ട് ചേർന്നിരിക്കുകാണ് അപകടവസ്താഥയില്‍ ഉള്ള ഹോസ്റ്റല്‍ കെട്ടിടം. പട്ടികജാതി പട്ടിക വർ‍ഗ്ഗ വകുപ്പ് മന്ത്രി ഒ ആർ കേളുവിന്‍റെ മണ്ഡലത്തില്‍ അദ്ദേഹത്തിന്‍റെ സ്വന്തം പഞ്ചായത്തിലാണ് ആദിവാസി വിഭാഗക്കാർക്ക് ഈ ദുരിതം നേരിടേണ്ടി വരുന്നത്. ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയിലെന്ന പിഡബ്ലൂഡി നോട്ടീസ് കിട്ടയതിനാലാണ് കുട്ടികളെ ക്ലാസ് മുറികളില്‍ താമസിപ്പിക്കേണ്ടി വന്നതെന്ന് സീനിയർ സൂപ്രണ്ട് പറഞ്ഞു.

YouTube video player