Asianet News MalayalamAsianet News Malayalam

കോടിക്കണക്കിന് രൂപ കടം, മറ്റ് വഴികളില്ല; വസ്തുക്കൾ വിൽക്കണമെന്ന് തിരുവമ്പാടി ദേവസ്വം, അനുമതി തേടി കത്ത്

തൃശൂര്‍ പൂരത്തിന്‍റെ പ്രധാന പങ്കാളികളിലൊന്നാണ് തിരുവമ്പാടി ദേവസ്വം. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 38 കോടി രൂപയുടെ ബാധ്യതയാണ് ദേവസ്വത്തിനുള്ളത്

Thiruvambadi devaswom plans to sell properties to repay bank loan kgn
Author
First Published Oct 22, 2023, 6:37 AM IST

തൃശ്ശൂർ: വസ്തു വിറ്റ് കടം തീര്‍ക്കാന്‍ തിരുവമ്പാടി ദേവസ്വം ബോർഡ്, കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍റെ അനുമതി തേടി. തൃശൂര്‍ നഗരത്തിലെ മൂന്ന് വസ്തുക്കൾ വില്‍പക്കാനാണ് അനുമതി തേടിയത്. വസ്തു വില്‍ക്കാനുള്ളത് പൊതുയോഗത്തിന്‍റെ കൂട്ടായ തീരുമാനമാനമെന്നാണ് തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രതികരിച്ചത്. തിരുവമ്പാടി ദേവസ്വത്തിന്‍റെ കത്തില്‍ കൊച്ചിൻ ദേവസ്വം ബോർഡ് നിയമോപദേശം തേടി.

തൃശൂര്‍ പൂരത്തിന്‍റെ പ്രധാന പങ്കാളികളിലൊന്നാണ് തിരുവമ്പാടി ദേവസ്വം. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 38 കോടി രൂപയുടെ ബാധ്യതയാണ് ദേവസ്വത്തിനുള്ളത്. നഗരമധ്യത്തിലെ തിരുവമ്പാടി കണ്‍വന്‍ഷന്‍ സെന്‍റര്‍ നിർമ്മാണത്തോടെയാണ് ബാങ്കിൽ ദേവസ്വത്തിന്റെ ബാധ്യത ഏറിയത്. പ്രതിസന്ധിക്ക് പരിഹാരം നിര്‍ദ്ദേശിക്കാന്‍ സാമ്പത്തിക വിദഗ്ധരടങ്ങുന്ന സമിതിയെ നിയോഗിച്ചിരുന്നു. സമിതി നിര്‍ദ്ദേശ പ്രകാരം സ്ഥലം വില്‍ക്കാന്‍ ജനറല്‍ ബോഡി തീരുമാനിക്കുകയായിരുന്നു.

ക്ഷേത്രത്തിന് വൈകാരിക ബന്ധമില്ലാത്ത സ്ഥലം വിറ്റ് പരിഹാരം കാണാനായിരുന്നു തീരുമാനമെന്ന് ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാര്‍ പറഞ്ഞു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍റെ നിയന്ത്രണത്തിലുള്ള ക്ഷേത്രമായതിനാല്‍ വസ്തു വിൽപനയ്ക്ക് ദേവസ്വം ബോര്‍ഡിന്‍റെ അനുവാദം വാങ്ങണം. നഗരമധ്യത്തിലെ 127 സെന്‍റുള്ള തിരുവമ്പാടി കണ്‍വന്‍ഷന്‍ സെന്‍റര്‍, ഷൊര്‍ണൂര്‍ റോഡിലെ 37 സെന്‍റ് സ്ഥലം, സന്ദീപനി സ്കൂളിന്റെ കൈവശമുള്ള ഒരു ഭാഗം സ്ഥലം എന്നിവ വില്‍ക്കാനാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനോട് അനുമതി തേടിയത്. എന്നാല്‍ ഇക്കാര്യത്തില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് തീരുമാനമെടുത്തിട്ടില്ല. എജിയുടെ നിയമോപദേശത്തിന് കാത്തിരിക്കുകയെന്നാണ് പ്രസിഡന്‍റ് ഡോ സുദര്‍ശനന്‍ പറഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

Follow Us:
Download App:
  • android
  • ios