തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലം തോട്ടക്കാട് വാഹനാപകടത്തിൽ അഞ്ച് മരണം. ദേശീയ പാതയിൽ ഇന്നലെ രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. അ‌ഞ്ച് പേർ സഞ്ചരിച്ച കാർ മീൻ ലോറിയിൽ ഇടിക്കുകയായിരുന്നു. കൊല്ലം ചിറക്കര സ്വദേശികളാണ് മരിച്ച അഞ്ച് പേരും. ചിറക്കര സ്വദേശികളായ വിഷ്ണു, രാജീവ്, സുധീഷ്, അരുൺ, സൂര്യോദയകുമാർ എന്നിവരാണ് അപകടത്തിൽ മരിച്ചത്. 

അപകട കാരണം വ്യക്തമായിട്ടില്ല. കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു കാർ. പ്രസ് സ്റ്റിക്കർ പതിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. അപകടമുണ്ടായ ഭാഗത്ത് വെളിച്ചം കുറവായതിനാൽ നാട്ടുകാർ വൈകിയാണ് വിവരം അറിഞ്ഞത്. അതിനാൽ മൃതദേഹം പുറത്തെത്തിക്കാൻ കാലതാമസമുണ്ടായെന്ന് പൊലീസ് പറയുന്നു.

മരിച്ച 2 പേരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലും 2 മൃതദേഹം വലിയകുന്ന് താലൂക്ക് ആശുപതിയിലും ഒരു മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലുമാണ്.