ഒരു വർഷം കൊണ്ട് 27 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ സാമ്പത്തിക വർഷം യാത്ര ചെയ്ത 44 ലക്ഷം പേരിൽ 24.2 ലക്ഷം പേർ ആഭ്യന്തര യാത്രക്കാരും 19.8 ലക്ഷം പേർ അന്താരാഷ്ട്ര യാത്രക്കാരുമായിരുന്നു. 

തിരുവനന്തപുരം: യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ച് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ രണ്ട് മാസത്തിലെ കണക്കുകൾ പരിശോധിച്ചപ്പോഴാണ് എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയത്. മേയ് മാസത്തിൽ ആകെ 4.44 ലക്ഷം യാത്രക്കാരാണ് തിരുവനന്തപുരം വഴി യാത്ര ചെയ്തത്. ഇവരിൽ 2.15 ലക്ഷം അന്താരാഷ്ട്ര യാത്രക്കാരും 2.28 ലക്ഷം ആഭ്യന്തര യാത്രക്കാരും ഉൾപ്പെടുന്നു.

ഏപ്രിലിലും ആകെ യാത്രക്കാരുടെ എണ്ണം നാല് ലക്ഷം കടന്നിരുന്നു. ഈ സാമ്പത്തിക വർഷം യാത്രക്കാരുടെ എണ്ണം 50 ലക്ഷം കടക്കുമെന്ന പ്രതീക്ഷ ശരിവെയ്ക്കുന്ന തരത്തിലാണ് യാത്രക്കാരുടെ എണ്ണത്തിലെ ഇപ്പോഴത്തെ വ‍ർദ്ധനവ്. മാ‍ർച്ചിൽ അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വർഷം ആകെ 44 ലക്ഷം പേരാണ് തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്തത്. 2022 - 2023 സാമ്പത്തിക വർഷം യാത്രക്കാരുടെ എണ്ണം 34.6 ലക്ഷമായിരുന്നു. ഒരു വർഷം കൊണ്ട് 27 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ സാമ്പത്തിക വർഷം യാത്ര ചെയ്ത 44 ലക്ഷം പേരിൽ 24.2 ലക്ഷം പേർ ആഭ്യന്തര യാത്രക്കാരും 19.8 ലക്ഷം പേർ അന്താരാഷ്ട്ര യാത്രക്കാരുമായിരുന്നു. 

അതേസമയം തിരുവനന്തപുരം വിമാനത്താവളത്തിലെ സേവന നിരക്കിലെ വർധന റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എം.പി കേന്ദ്ര വ്യോമയാനമന്ത്രി കിഞ്ജരാപ്പു രാംമോഹൻ നായിഡുവിന് കത്തയച്ചു. അദാനി ഗ്രൂപ്പ് നടത്തുന്ന തിരുവനന്തപുരം വിമാനത്താവളത്തിലെ സേവന നിരക്കുകൾ വൻതോതിൽ കൂട്ടിയിരിക്കുകയാണെന്നും ജൂലൈ ഒന്നുമുതൽ പുതിയ നിരക്കുകൾ നിലവിൽ വരുമെന്നു കാണിച്ച് ജൂൺ 21-ന് എയർപ്പോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി ഉത്തരവിറക്കിക്കഴിഞ്ഞുവെന്നും കത്തിൽ പറയുന്നു. ഇത് വിമാനയാത്രികർക്കുമേൽ കടുത്ത ഭാരം ചുമത്തുന്ന നിലയാണെന്ന് ജോൺ ബ്രിട്ടാസ് എംപി ആരോപിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം