യാത്രക്കാർ തങ്ങളുടെ വിമാനങ്ങളുടെ പുതുക്കിയ സമയക്രമം അറിയുന്നതിനായി ബന്ധപ്പെട്ട എയർലൈൻസുകളുമായി ബന്ധപ്പെടണമെന്ന് തിരുവനന്തപുരം ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് അഭ്യർത്ഥിച്ചു.

തിരുവനന്തപുരം: നാവികസേനയുടെ ഓപ്പറേഷണൽ ഡെമോൺസ്‌ട്രേഷൻ നടക്കുന്നതിനെ തുടർന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന സർവീസുകളുടെ സമയത്തിൽ മാറ്റം. നവംബർ 27 മുതൽ ഡിസംബർ മൂന്ന് വരെ ഏഴ് ദിവസങ്ങളിലായി വ്യോമമേഖല അടച്ചിടുന്നതിനാലാണ് വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ ദിവസങ്ങളിൽ വൈകുന്നേരം നാല് മണി മുതൽ ആറേകാൽ വരെയാണ് വിമാന സർവീസുകൾ നിർത്തിവയ്ക്കുക. യാത്രക്കാർ തങ്ങളുടെ വിമാനങ്ങളുടെ പുതുക്കിയ സമയക്രമം അറിയുന്നതിനായി ബന്ധപ്പെട്ട എയർലൈൻസുകളുമായി ബന്ധപ്പെടണമെന്ന് തിരുവനന്തപുരം ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് അഭ്യർത്ഥിച്ചു.

ഡിസംബർ മൂന്നിന് രാഷ്ട്രപതി ദ്രൗപതി മുർമു മുഖ്യാതിഥിയായി പങ്കെടുക്കുന്ന നാവിക സേനാ ദിനാഘോഷത്തിന് തിരുവനന്തപുരം ശംഖുമുഖം ബീച്ച് സജ്ജമായി കഴിഞ്ഞു. സ്ഥിരമായി കടലെടുക്കുന്ന ഈ തീരത്ത്, കൃത്രിമ തീരം നിർമ്മിച്ചും കടൽ ഭിത്തി കെട്ടിയുമാണ് ആഘോഷ പരിപാടികൾക്കായി വേദി ഒരുക്കിയിരിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായുള്ള അഭ്യാസ പ്രകടനങ്ങളിൽ പങ്കെടുക്കുന്നതിനായി നാവിക സേനാ കപ്പലുകൾ നാളെ മുതൽ ശംഖുമുഖത്ത് എത്തിത്തുടങ്ങും.

ചരിത്രപരമായ നിരവധി സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച ശംഖുമുഖം, മറ്റൊരു പ്രധാന നിയോഗത്തിന് തയ്യാറെടുക്കുകയാണ്. മഴ കുറഞ്ഞതിനെ തുടർന്ന് നഷ്ടപ്പെട്ട തീരം ഭാഗികമായി തിരിച്ചെത്തിയിട്ടുണ്ട്. വിഐപികൾക്കായി, കടൽ ഭിത്തിയും കൃത്രിമ തീരവും ഉപയോഗിച്ച് രാഷ്ട്രപതിക്കും നാവിക സേനാ മേധാവിക്കും ഉൾപ്പെടെയുള്ളവർക്കായി പവലിയൻ നിർമ്മാണം പുരോഗമിക്കുകയാണ്.