കുട്ടി മുമ്പ് ഒരിക്കലും ഒറ്റക്ക് യാത്ര ചെയ്തിട്ടില്ല; കന്യാകുമാരിയിൽ നിന്ന് ശുഭ വാര്‍ത്ത കാത്ത് അസം കുടുംബം
ആദ്യമായാണ് കുട്ടി ട്രെയിനില്‍ ഇങ്ങനെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതെന്നും ഇതിന് മുമ്പ് ഇങ്ങനെ എവിടേക്കും പോയിട്ടില്ലെന്നും കുട്ടിയുടെ പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് ഇന്നലെ രാവിലെ ഒമ്പത് മണി മുതല്‍ കാണാതായ അസം സ്വദേശിനിയായ 13കാരിയെ കണ്ടെത്താൻ കന്യാകുമാരിയില്‍ തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്. കുട്ടിയെ കാണാതായി 23 മണിക്കൂര്‍ പിന്നിടുമ്പോഴും കുട്ടിയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് കുട്ടിയുടെ പിതാവും മാതാവും അടങ്ങുന്ന അസം സ്വദേശികളായ കുടുംബം. കുട്ടി കന്യാകുമാരിയിലെത്തിയെന്ന ഓട്ടോ ഡ്രൈവര്‍മാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. തമിഴ്നാട് പൊലീസും ആര്‍പിഎഫും കേരള പൊലീസിനൊപ്പം തെരച്ചില്‍ നടത്തുന്നുണ്ട്. ഇന്നലെ വീട്ടുകാരോട് പിണങ്ങിയാണ് കുട്ടി വീട്ടില്‍ നിന്ന് ആരുമറിയാതെ പോയത്. സഹോദരങ്ങളുമായി വഴക്കിട്ട കുട്ടിയെ അമ്മ ശാസിച്ചിരുന്നു. അമ്മയും അച്ഛനും ജോലിക്ക് പോയ സമയത്താണ് കുട്ടി വീട്ടിൽ നിന്നും പോയത്.
കുട്ടി മുൻപ് ഒരിക്കലും ഒറ്റയ്ക്ക് യാത്ര ചെയ്തിട്ടില്ലെന്നും മകളെ ഉടൻ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വീടിന് പുറത്തേക്ക് ഒറ്റയ്ക്ക് പോകുന്ന പതിവ് ഇല്ല. അവസാനമായി പൊലീസിൽ നിന്ന് ലഭിച്ച വിവരം ഫോട്ടോയാണ്. ആദ്യമായാണ് കുട്ടി ട്രെയിനില്‍ ഇങ്ങനെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത്. ഇതിന് മുമ്പ് ഇങ്ങനെ എവിടേക്കും പോയിട്ടില്ല. വളരെയധികം വിഷമം ഉണ്ട്. പൊലീസ് വിവരങ്ങള്‍ നല്‍കുന്നുണ്ട്. ട്രെയിനിലിരിക്കുന്ന ഫോട്ടോ നേരത്തെ അയച്ചു തന്നിരുന്നു. അത് തന്‍റെ മകളാണെന്ന് പറഞ്ഞു. അമ്മയോടൊപ്പം അല്ലാതെ കുട്ടി പുറത്തേക്ക് പോകാറില്ല. കന്യാകുമാരിയിൽ നിന്ന് കുട്ടിയെ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.
അസം സ്വദേശിയായ അന്‍വര്‍ ഹുസൈന്‍റെയും ഫര്‍വീൻ ബീഗത്തിന്‍റെയും 13 വയസുള്ള മൂത്ത കുട്ടിയെ ആണ് കാണാതായത്. കഴക്കൂട്ടം ബ്ലോക്ക് ഓഫീസിന് പുറുകളിലെ വാടക വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. 28 ദിവസം മുമ്പാണ് അസമിൽ നിന്നും ഇവര്‍ എത്തിയത്. ആദ്യം ഹോട്ടലിലാണ് അന്‍വര്‍ ജോലി ചെയ്തത്. നിലവില്‍ കഴക്കൂട്ടത്തെ സ്കൂളില്‍ തോട്ടപ്പണിക്കാരാനാണ് അന്‍വര്‍. ഭാര്യയും സ്കൂളില്‍ സഹായിയായി ജോലി ചെയ്യുകയാണ്. 19 വയസുള്ള മകനും ഒമ്പതും, ആറും വയസുള്ള രണ്ടു പെണ്‍മക്കള്‍ കൂടിയുണ്ട് ഇവര്‍ക്ക്. 19കാരനായ മകൻ ബെംഗളൂരുവിൽ ജോലി ചെയ്യുകയാണ്.
നിലവിൽ കുട്ടിയെ കണ്ടെത്താൻ കന്യാകുമാരി ബീച്ചില്‍ ഉള്‍പ്പെടെ പൊലീസ് പരിശോധന നടത്തുകയാണ്. ബാംഗ്ലൂര്‍-കന്യാകുമാരി എക്സ്പ്രസില്‍ യാത്ര ചെയ്യുന്ന കുട്ടിയുടെ ഫോട്ടോ കന്യാകുമാരി റെയില്‍വെ സ്റ്റേഷന് സമീപത്തുള്ള ഓട്ടോ ഡ്രൈവര്‍മാരാണ് തിരിച്ചറിഞ്ഞു. കുട്ടിയെ കണ്ടിരുന്നതായി ഓട്ടോ ഡ്രൈവര്‍മാര്‍ പറഞ്ഞുവെന്നും ഇതിന്‍റെ അടിസ്ഥാനത്തിലാണ് കന്യാകുമാരിയില്‍ തെരച്ചില്‍ നടത്തുന്നതെന്നും സ്ഥലത്തെത്തിയ കഴക്കൂട്ടം എസ്ഐ ശരത്ത് പറഞ്ഞു. കന്യാകുമാരിയില്‍ വ്യാപകമായ തെരച്ചില്‍ ആരംഭിച്ചിരിക്കുകയാണ് കേരള പൊലീസ്. കുട്ടിയെ കണ്ടെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവര്‍മാരും മറ്റു ഓട്ടോ ഡ്രൈവമാരും തെരച്ചിലിന് സഹായിക്കുന്നുണ്ട്. കന്യാകുമാരി പൊലീസും തെരച്ചില്‍ നടത്തുന്നുണ്ട്.
കന്യാകുമാരി റെയില്‍വെ സ്റ്റേഷനിലും പൊലീസ് പരിശോധന നടത്തി. റെയില്‍വെ സ്റ്റേഷനിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് പൊലീസ് അന്വേഷണം. തിരുവനന്തപുരത്തുനിന്നും രണ്ടു ടീമുകളിലായാണ് പൊലീസ് സംഘം കന്യാകുമാരിയിലെത്തി കുട്ടിക്കായി തെരച്ചില്‍ ആരംഭിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ ഒമ്പതിനാണ് കഴക്കൂട്ടത്ത് നിന്ന് 13കാരിയെ കാണാതായത്. വീട്ടില്‍ നിന്നും പിണങ്ങി ഇറങ്ങിയ കുട്ടി ട്രെയിൻ കയറി പോവുകയായിരുന്നു. നിലവില്‍ കുട്ടി കന്യാകുമാരിയില്‍ തന്നെ ഉണ്ടാകുമെന്ന നിഗമനത്തിലാണ് പൊലീസ്. ഇന്നലെ വൈകിട്ടോടെയാണ് കുട്ടി കന്യാകുമാരിയിലെത്തിയതെന്നാണ് വിവരം.
ഓട്ടോ ഡ്രൈവര്‍മാരെ ഫോട്ടോ കാണിച്ചുവെന്നും അവര്‍ തിരിച്ചറിഞ്ഞുവെന്നും റെയില്‍വെ പൊലീസും സ്ഥിരീകരിച്ചു. കുട്ടിയുടെ ഫോട്ടോ കണ്ട ഓട്ടോ ഡ്രൈവര്‍മാര്‍ തിരിച്ചറിഞ്ഞുവെന്നും പുലര്‍ച്ചെ 5.30ഓടെയാണ് കുട്ടിയെ റെയില്‍വെ സ്റ്റേഷന് സമീപം കണ്ടതെന്നാണ് ഓട്ടോ ഡ്രൈവര്‍മാര്‍ പറഞ്ഞത്. റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ഒരു കിലോമീറ്റര്‍ ദൂരമാണ് ബീച്ചിലേക്കുള്ളത്. ഇവിടങ്ങളില്‍ ഉള്‍പ്പെടെ പരിശോധന നടത്തുന്നുണ്ട്. സ്റ്റേഷന് പുറത്ത് റോഡരികിലായിട്ടാണ് കുട്ടിയെ കണ്ടതെന്നാണ് ഓട്ടോ ഡ്രൈവര്‍മാര്‍ പറഞ്ഞതെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
രാത്രിയില്‍ സ്റ്റേഷനില്‍ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ലെന്നും റെയില്‍വെ പൊലീസ് പറഞ്ഞു. പാറശാലയ്ക്കും കന്യാകുമാരിക്കും ഇടയിലും തെരച്ചില്‍ നടത്തുന്നുണ്ട്. കന്യാകുമാരി റെയില്‍വെ സ്റ്റേഷനില്‍ തന്നെ കഴിഞ്ഞോയെന്നും അതോ മറ്റെവിടേക്കെങ്കിലും പോയോ എന്ന കാര്യം ഉള്‍പ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്. പാറശാല വരെ കുട്ടി ട്രെയിനിലുണ്ടായിരുന്നുവെന്നാണ് ഫോട്ടോയെടുത്ത യാത്രക്കാരി നേരത്തെ പറഞ്ഞിരുന്നത്. ഇതിനുശേഷം കുട്ടി എവിടെയെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നില്ല. ഇപ്പോഴാണ് കുട്ടി കന്യാകുമാരിയില്‍ ട്രെയിൻ ഇറങ്ങിയെന്ന സ്ഥിരീകരണം ലഭിക്കുന്നത്.