കാപ്പ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ സുഗതന് വീണ്ടും തിരിച്ചടി. ഗുരുദേവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിനാൽ ഇദ്ദേഹത്തിൻ്റെ സത്യപ്രതിജ്ഞ അസാധുവാക്കി. വധശ്രമക്കേസിലടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സുഗതൻ ഇതോടെ വീണ്ടും കോടതിയെ സമീപിച്ചേക്കും.

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ സുഗതന് വീണ്ടും കനത്ത തിരിച്ചടി. വട്ടിയൂർക്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത വധശ്രമ കേസിന് പിന്നാലെ കാപ്പ ചുമത്തപ്പെട്ട് ജയിലിലായ ഇദ്ദേഹത്തിൻ്റെ സത്യപ്രതിജ്ഞ അസാധുവാക്കി. തിരുവനന്തപുരം കോർപറേഷനിൽ സത്യപ്രതിജ്ഞ അസാധുവാക്കപ്പെട്ട 20 ബിജെപി കൗൺസിലർമാരിൽ ഒരാളാണ് സുഗതൻ. ഗുരുദേവ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ. ഇതോടെ കാപ്പ കേസിൽ ജയിലിൽ കഴിയുന്ന സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ അനുവാദം തേടി കോടതിയെ സമീപിച്ചേക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വട്ടിയൂർക്കാവ് പൊലീസിൻ്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ആർ സുഗതൻ. 2019 ഓഗസ്റ്റ് 25 ന് ഒരാളെ കല്ല് കൊണ്ട് തലക്കടിച്ചതിന് മനപ്പൂർവ്വമല്ലാത്ത നരഹത്യ ശ്രമം, 2023 ജൂലൈ 20 ന് മറ്റൊരാളുടെ വീട്ടിൽ അതിക്രമിച്ചു കയറി വാഹനങ്ങളും വീടും ആക്രമിച്ചു തകർത്തു, 2023 ജൂലൈ 17 ന് ഭർത്താവിന് എതിരെയുള്ള പകതീർക്കാൻ ഭാര്യയെ വീട്ടിൽ കയറി ആക്രമിച്ചു, 2025 മാർച്ച് 14 ന് ബിസിനസ് തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസിൽ മനപൂർവ്വമല്ലാത്ത നരഹത്യശ്രമ കുറ്റം, 2025 ജൂലൈ 25 ന് സെക്യൂരിറ്റി ജീവനക്കാരന് പണം നൽകാത്തതിന് ജുഡീഷ്യൽ ഓഫീസറെ ഭീഷണിപ്പെടുത്തിയ കേസ്, 2026 ഫെബ്രുവരി 2-ന് അന്ന് എംഎൽഎ ആയിരുന്ന വി കെ പ്രശാന്തിന്റെ പരാതിയിൽ ശിശുമന്ദിരം ജീവനക്കാരെ ഭീഷണിപ്പെടുത്തി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് തടസ്സപ്പെടുത്തിയെന്ന കേസിലും പ്രതിയാണ് സുഗതൻ.

ഈ കേസുകൾ എല്ലാം നിലനിൽക്കുകയാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സുഗതനെ ബിജെപി വാഴോട്ടുകോണത്ത് സ്ഥാനാർഥിയാക്കിയത്. കടുത്ത മത്സരം നടന്ന ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർത്ഥിയെ 58 വോട്ടിന് പരാജയപ്പെടുത്തി സുഗതൻ കൗൺസിലറായി ജയിക്കുകയും ചെയ്തു. പക്ഷേ മൂന്ന് മാസം കഴിഞ്ഞപ്പോഴേക്കും ഇപ്പോഴത്തെ അറസ്റ്റിന് കാരണമായ വധശ്രമ കേസെത്തി. വെള്ളൈക്കടവ് ക്ഷേത്രത്തിലെ ഉത്സവത്തിൽ ഗാനമേളക്കിടെ പുതിയ പാട്ടുപാടാൻ ആവശ്യപ്പെട്ട് രണ്ട് പേർ വേദിക്ക് അരികിലെത്തി ബഹളം വച്ചു. അൽപം കഴിഞ്ഞ് സ്ഥലത്തെത്തിയ ആർ സുഗതൻ പരിപാടി അലങ്കോലപ്പെടുത്തിയെന്ന് ആരോപിച്ച് ആളുമാറി യുവാവിനെ ഇരുമ്പ് പൈപ്പ് കൊണ്ട് മർദ്ദിച്ചു. കേസെടുത്തതിന് പിന്നാലെ സുഗതൻ ആദ്യം സെഷൻസ് കോടതിയിലും പിന്നീട് ഹൈക്കോടതിയിലും മുൻകൂർ ജാമ്യ അപേക്ഷ നൽകി. ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതോടെയായിരുന്നു അറസ്റ്റ്. ഇദ്ദേഹത്തിനെതിരെ കാപ്പ ചുമത്തി പിന്നീട് ജയിലിലടച്ചു. ജാമ്യാപേക്ഷകൾ കോടതി തള്ളിയതോടെ ഇപ്പോഴും ജയിലിൽ കഴിയുകയാണ് സുഗതൻ. ഇതിനിടെയാണ് സത്യപ്രതിജ്ഞ റദ്ദാക്കിയത്.