കൊച്ചി: മാധ്യമപ്രവർത്തകനായ കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊന്ന കേസിൽ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. തിരുവനന്തപുരം സിജെഎം കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്.

രാഷ്ട്രീയ, മാധ്യമ സമ്മർദ്ദമാണ് കേസിന് പിന്നിലെന്നാണ് ശ്രീറാം ഉന്നയിക്കുന്ന പ്രധാന വാദം. കൂടുതൽ തെളിവുകൾ ശേഖരിക്കാനായി ശ്രീറാമിനെ കസ്റ്റഡിയിൽ വേണമെന്നും ജാമ്യം നൽകരുതെന്നും പൊലീസ് ആവശ്യപ്പെടും. അതേസമയം മെഡിക്കൽ ബോർഡിന്റെ നിരീക്ഷണത്തിലുള്ള ശ്രീറാം ട്രോമ ഐസിയുവിൽ തുടരുകയാണ്.

ഡിജിപി നിയോഗിച്ച പുതിയ അന്വേഷണ സംഘം ഇന്ന് മുതൽ കേസ് അന്വേഷിക്കും. എഡ‍ിജിപി ഷേക്ക് ദർ‍വ്വേസ് സാബിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം യോഗം ചേർന്ന് തുടർ നടപടികൾ തീരുമാനിക്കും. അപകടം നടന്ന സ്ഥലം പരിശോധിച്ച ശേഷം, മ്യൂസിയം സ്റ്റേഷനിൽ നിന്ന് കേസുമായി ബന്ധപ്പെട്ട രേഖകൾ വാങ്ങും. കേസ് അന്വേഷിച്ച ആദ്യ സംഘത്തിന്റെ വീഴ്ചയും അന്വേഷിക്കുമെന്നാണ് വിവരം.